കേരളം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന സംസ്ഥാന ബജറ്റ് ഇന്ന്; സ്ത്രീസുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്ന ആദ്യ ജെൻഡർ ബജറ്റെന്നു തോമസ് ഐസക്; വരൾച്ച നേരിടാൻ പ്രത്യേക പാക്കേജ്

തിരുവനന്തപുരം: കേരളം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന സംസ്ഥാന ബജറ്റ് ഇന്നു അവതരിപ്പിക്കും. സ്ത്രീസുരക്ഷയ്ക്കു പ്രാധാന്യം നൽകുന്ന ആദ്യത്തെ ജെൻഡർ ബജറ്റ് ആയിരിക്കും ഇത്തവണത്തേതെന്നാണ് ധനമന്ത്രി തോമസ് ഐസക് പറയുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിന് മുഖ്യപരിഗണന നൽകുന്ന ബജറ്റ് ആയിരിക്കും അവതരിപ്പിക്കുക. വിലക്കയറ്റം, കാർഷിക മേഖലയിലെ പ്രതിസന്ധി, വരൾച്ചാ കെടുതികളെ നേരിടാൻ പ്രത്യേക പാക്കേജ് എന്നിവയും ഉണ്ടായേക്കും. അതേസമയം, സംസ്ഥാനത്തിന്റെ ധനസ്ഥിതി മോശമെന്നാണ് സാമ്പത്തിക അവലോകന റിപ്പോർട്ട്.

സ്ത്രീ സുരക്ഷയ്ക്കും സ്ത്രീകളുടെ പ്രശ്‌നങ്ങൾക്കും ആയിരിക്കും ബജറ്റിൽ പ്രാധാന്യം നൽകുക. അതുകൊണ്ടാണ് ആദ്യത്തെ ജെൻഡർ ബജറ്റ് ആയിരിക്കും ഇതെന്നു പറയുന്നത്. അവതരിപ്പിക്കുന്ന ബജറ്റിൽ സ്ത്രീകൾക്കു വേണ്ടി പ്രത്യേക പദ്ധതികൾ ഉണ്ടാകാറുണ്ട്. ഇത്തവണ സ്ത്രീകളുടെ സുരക്ഷയ്ക്കും പ്രശ്‌നങ്ങൾക്കും മുൻഗണന നൽകുന്ന പദ്ധതികൾ ഉണ്ടാകും. ഇവ വ്യത്യസ്ത വകുപ്പുകൾക്കു കീഴിൽ ആയിരിക്കും. ഈ പദ്ധതികളെല്ലാം സമാഹരിച്ച് പ്രത്യേക രേഖയാക്കും. അതാണ് ജെൻഡർ ബജറ്റ്.

റേഷനിംഗ് സമ്പ്രദായത്തിലെ തിരിച്ചടി മൂലം വിലക്കയറ്റം നേരിടുന്ന അവസ്ഥയാണ് ഇപ്പോൾ. ഈ സാഹചര്യത്തിൽ വിപണി ഇടപെടൽ ശക്തമാക്കുന്ന നടപടികൾ ഉണ്ടാകും. നോട്ട് പ്രതിസന്ധിയുടെ സാഹചര്യത്തിൽ സഹകരണ മേഖലയ്ക്ക് പിന്തുണ നൽകുന്ന പദ്ധതികൾ ഉണ്ടാകും. കെഎസ്ആർടിസി അടക്കം പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കാൻ നടപടി സ്വീകരിക്കും. കഴിഞ്ഞ എൽഡിഎഫ് സർക്കാരിനെ പോലെ ഇതിനായി പ്രത്യേക പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

വരൾച്ച ജലസംരക്ഷണം പാരിസ്ഥിതിക സംരക്ഷണം എന്നിവയിലും ഇടപെടൽ നടത്തുന്ന ബജറ്റായിരിക്കും ഇത്തവണത്തേത്. നികുതി വരുമാനം ഉയർത്തും. വലിയ നിക്ഷേപങ്ങൾക്കും വഴിതുറക്കുമെന്നും ധനമന്ത്രി പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here