കാസർഗോഡ് നിന്നു കാണാതായ ഐഎസ് ബന്ധം സംശയിക്കുന്ന യുവാക്കളുടെ പുതിയ സന്ദേശം; രക്തസാക്ഷിയാകാൻ സാധിക്കാത്തതിൽ വിഷമമുണ്ടെന്നു സന്ദേശത്തിൽ യുവാക്കൾ

കാസർഗോഡ്: കാസർഗോഡ് പടന്നയിൽ നിന്നും കാണാതായ ഐഎസ് ബന്ധം സംശയിക്കുന്ന യുവാക്കളുടെ പുതിയ സന്ദേശം ബന്ധുക്കൾക്ക് ലഭിച്ചു. ടെലഗ്രാമിലാണ് യുവാക്കളുടെ പുതിയ ശബ്ദ സന്ദേശം എത്തിയത്. രക്തസക്ഷിയാകാൻ സാധിക്കാത്തതിൽ തങ്ങൾക്ക് വിഷമം ഉണ്ടെന്നു സന്ദേശത്തിൽ യുവാക്കൾ പറയുന്നു. ഹഫീസുദ്ദീൻ മാത്രമാണ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്നും തങ്ങൾക്കും രക്തസാക്ഷിയാകണമെന്നും പറയുന്നതാണ് പുതിയ സന്ദേശം. യുവാക്കളെ ഐഎസിലേക്കു റിക്രൂട്ട് ചെയ്ത അബ്ദുൾ റഷീദിന്റെ പുതിയ ചിത്രവും ടെലഗ്രാമിൽ ലഭിച്ചു. ഹഫീസ് കൊല്ലപ്പെട്ടെന്ന സന്ദേശം എത്തിയതിനു പിന്നാലെയാണ് പുതിയ സന്ദേശവും എത്തിയത്.

കഴിഞ്ഞയാഴ്ചയാണ് അഫ്ഗാനിസ്ഥാനിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഹഫീസുദ്ദീൻ കൊല്ലപ്പെട്ട വാർത്ത കാസർഗോഡ് ബന്ധുക്കൾക്ക് ലഭിച്ചത്. ഇതിനു ശേഷം ഫെബ്രുവരി 28നും മാർച്ച് ഒന്നിനുമാണ് പുതിയ സന്ദേശം കിട്ടിയത്. പടന്നയിലെ പൊതുപ്രവർത്തകനായ ബിസിഎ റഹ്മാന് ആണ് ഇത്തവണയും ടെലഗ്രാം സന്ദേശം ലഭിച്ചത്. ഹഫീസുദ്ദീൻ കൊല്ലപ്പെട്ട വിവരം അറിയിച്ച അഷ്ഫാഖ് മജീദ് തന്നെയാണ് വിണ്ടും സന്ദേശം അയച്ചത്. അഷ്ഫാഖിനോട് വിവരങ്ങൾ ആരാഞ്ഞ് കൊണ്ട് നിരന്തരം സന്ദേശങ്ങൾ അയച്ചപ്പോൾ വീണ്ടും പ്രതികരിക്കുകയായിരുന്നു. ഡ്രോൺ ആക്രമണത്തിൽ ബാക്കിയുള്ളവർക്ക് എന്തെങ്കിലും സംഭവിച്ചോ എന്ന ചോദ്യത്തിന് ഭാര്യമാരടക്കം എല്ലാവർക്കും സുഖമാണെന്നും തങ്ങൾക്ക് രക്തസാക്ഷികളാകാൻ സാധിച്ചില്ലെന്ന വിഷമം മാത്രമേ ഉള്ളൂ എന്നുമായിരുന്നു മറുപടി.

കാണാതായവരിൽ സാജിദും ഷിഹാസും ജീവനോടെയുണ്ടെന്നും സന്ദേശത്തിൽ പറയുന്നു. നിങ്ങൾ നാട്ടിലേക്ക് മടങ്ങണമെന്നും സർക്കാരുമായി ബന്ധപ്പെട്ട് എല്ലാ സഹായങ്ങളും ചെയ്യാമെന്നും അറിയിച്ചപ്പോൾ ഞങ്ങൾ അള്ളാഹുവിന് വേണ്ടിയാണ് നാടു വിട്ടതെന്നുമായിരുന്നു മറുപടി. മലയാളത്തിലെഴുതിയ ഐഎസ് പതാക ആലേഖനം ചെയ്ത മലയാളം പോസ്റ്ററും ടെലഗ്രാമിലൂടെ അഷ്ഫാഖ് അയച്ചിട്ടുണ്ട്. തങ്ങളുടെ ലക്ഷ്യം ഖുർആനിലെ നിയമചട്ടങ്ങൾ ഭൂമിയിൽ സ്ഥാപിക്കുകയാണെന്നു വ്യക്തമാക്കുന്നതാണ് പോസ്റ്റർ.

യുവാക്കളെ ഐഎസ് ക്യാമ്പിലെത്തിച്ചതിന് നേതൃത്വം നൽകിയ തൃക്കരിപ്പൂർ സ്വദേശി അബ്ദുൾ റാഷിദിന്റെ പുതിയ ചിത്രവും നാട്ടിലുള്ളവർക്ക് ലഭിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് ഹഫീസുദ്ദീന്റെ മരണവിവരം നാട്ടിൽ അറിയിക്കുന്നത്. തുടർന്ന് കേന്ദ്ര ഏജൻസികൾ ഉൾപ്പെടെ പടന്നയിലെ കാണാതായവരുടെ വീടുകളിൽ എത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here