വിശാലും ആൻഡ്രിയയും രഹസ്യമായി വിവാഹം ചെയ്തു? വാർത്തയുടെ സത്യാവസ്ഥ ഇതാണ്

നടൻ വിശാലും നടി ആൻഡ്രിയ ജെറമിയയും ചിദംബരം ക്ഷേത്രത്തിൽ വച്ച് വിവാഹിതരായതായുള്ള വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. ഇതിനു ഉപോൽബലകമായി ഇരുവരും വരണമാല്യം അണിഞ്ഞു നിൽക്കുന്ന ഏതാനും ചിത്രങ്ങളും പുറത്തുവരുന്നുണ്ട്. വിവാഹവേഷത്തിൽ ഇരുവരും നിൽക്കുന്ന ചിത്രങ്ങളാണ് വിശാലും ആൻഡ്രിയയും വിവാഹിതരായെന്ന തരത്തിൽ വാർത്തകൾ പുറത്തുവരാൻ ഇടയാക്കിയത്. സത്യാവസ്ഥ അറിഞ്ഞില്ലെങ്കിലും ചിത്രങ്ങൾ ധാരാളമായി ഷെയർ ചെയ്യപ്പെടുകയും ചെയ്തു. ചിദംബരം ക്ഷേത്രത്തിൽ വച്ച് ഇരുവരും വിവാഹിതരായെന്നാണ് വാർത്തകൾ.

എന്നാൽ, സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന്റെ അടുത്ത വൃത്തങ്ങൾ വിശദീകരണവുമായി രംഗത്തെത്തി. വിവാഹിതരായെന്ന വാർത്ത തീർത്തും അടിസ്ഥാനമില്ലാത്തതാണെന്നു വിശാലിനോടും ആൻഡ്രിയയോടും അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. മിഷ്‌കിൻ സംവിധാനം ചെയ്യുന്ന തുപാരി വാലി എന്ന ചിത്രത്തിന്റെ അവസാനദിവസം നടത്തിയ പ്രത്യേക പൂജയിൽ എടുത്ത ചിത്രമാണ് ഇപ്പോൾ പ്രചരിയ്ക്കുന്നത്. ആൻഡ്രിയയും വിശാലുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. നടൻ പ്രസന്നയാണ് വില്ലനായി എത്തുന്നതെന്നും വ്യക്തമായിട്ടുണ്ട്.

ശരത്കുമാറിന്റെ മകൾ വരലക്ഷ്മിയുമായി പിരിഞ്ഞതിനു ശേഷം വിശാൽ ആൻഡ്രിയയുമായി പ്രണയത്തിലായെന്നു വാർത്തകളുണ്ടായിരുന്നു. ഇരുവരും രഹസ്യമായി വിവാഹിതരായെന്നും വാർത്ത വന്നിരുന്നു. ചില അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ വിശാലുമായി പിരിഞ്ഞെന്നു വരലക്ഷ്മി തന്നെയാണ് വ്യക്തമാക്കിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News