ജനക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ്; റോഡ് വികസനത്തിനും ആരോഗ്യക്ഷേമത്തിനും അടിസ്ഥാനസൗകര്യ വികസനത്തിനും ഊന്നൽ; ക്ഷേമപെൻഷനുകൾ വർധിപ്പിച്ചു

തിരുവനന്തപുരം: ജനക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് പിണറായി വിജയൻ സർക്കാരിന്റെ ആദ്യത്തെ സമ്പൂർണ ബജറ്റ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചു. പാലങ്ങളുടെ സുരക്ഷ അവലോകനം ചെയ്ത് അപകടത്തിലായവ പുനരുദ്ധാരണം ചെയ്യും. തീരദേശമലയോര ഹൈവേക്കായി 10,000 കോടിയുടെ കിഫ്ബി ഫണ്ട് നൽകും. റോഡ്പാലം പുനരുദ്ധാരണത്തിനായി 612 കോടി അനുവദിച്ചു. കരാറുകാരുടെ കുടിശ്ശിക ഇല്ലാതാക്കും. നടപ്പുവർഷം മൊത്തം 1300 കോടി രൂപയുടെ റോഡുകൾക്ക് അനുമതി നൽകി. 69 പാലങ്ങൾക്കും മേൽപാലങ്ങൾക്കും 2,557 കോടി രൂപ.

പ്രവാസി ക്ഷേമ പെൻഷൻ 500 രൂപയിൽ നിന്ന് 2000 രൂപയാക്കി ഉയർത്തി. പ്രവാസി ചിട്ടിയിലൂടെ 12000 കോടി സമാഹരിക്കും ഒരുലക്ഷം പ്രവാസികളെ പദ്ധതിയിൽ ചേർക്കും. കെഎസ്എഫ്ഇയുടെ പ്രവാസി ചിട്ടികൾ ആരംഭിക്കും.

അഞ്ചുവർഷം കൊണ്ട് 50,000 കോടി രൂപയുടെ റോഡ് വികസന പദ്ധതികൾ പൂർത്തീകരിക്കും. 1267 കിലോമീറ്റർ മലയോര ഹൈവേക്കായി 3200 കോടിരൂപ കിഫ്ബി നിക്ഷേപം. കിൻഫ്ര വികസനത്തിന് സഹായം നൽകും. കിഫ്ബി വഴി വ്യവസായ ഇടനാഴി സ്ഥാപിക്കും. വിവിധ ഐടി പാർക്കുകൾക്ക് 549 കോടി അനുവദിച്ചു. പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലാക്കാൻ സമയബന്ധിത പദ്ധതികൾ. പൊതുമേഖലയെ രക്ഷിക്കാൻ പുതിയ പദ്ധതി നടപ്പിലാക്കും. ചെറുകിട വ്യവസായങ്ങൾക്ക് 120 കോടി രൂപ അനുവദിച്ചു.

ഇൻറർനെറ്റ് സൗകര്യം പൗരാവകാശമാക്കും. പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇൻറർനെറ്റ് കണക്ഷൻ നൽകും. മറ്റുള്ളവർക്ക് കുറഞ്ഞ നിരക്കിൽ മികച്ച ഇൻറർനെറ്റ് സേവനം. കെ ഫോൺ ഇൻറർനെറ്റ് വ്യാപനശൃംഖലയ്ക്ക് 1000 കോടി അനുവദിച്ചു. കെഎസ്ഇബി വൈദ്യുത ശൃംഖലയ്ക്ക് സമാന്തരമായി കെ ഫോൺ എന്ന പേരിൽ ഒപ്ടിക്കൽ ഫൈബർ പാത സ്ഥാപിക്കുന്നത്. അക്ഷയ കേന്ദ്രങ്ങളിൽ വൈഫൈ സൗകര്യം. ഐടി മേഖലയിലെ അടങ്കൽ 540 കോടി രൂപയാക്കും. ഡിജിറ്റൽ രംഗത്ത് നിർണായക കാൽവെയ്പ്പ് ആകുന്ന തീരുമാനമാണിത്. ഐടി ഹാർഡ് വെയർ ഹബ് കേരളത്തിൽ തുടങ്ങാൻ നീക്കം.

കയർ തൊഴിലാളികൾക്ക് 200 ദിവസം തൊഴിൽ ഉറപ്പാക്കും. കയർ മേഖലയ്ക്കായി 123 കോടി വകയിരുത്തി. രണ്ടു ലക്ഷം ക്വിന്റൽ കയർ സംഭരിക്കും. കയർ പിരി തൊഴിലാളികളുടെ ഉൽപന്നങ്ങൾ മിനിമം വില ഉറപ്പാക്കി സംഭരിക്കും. ക്ഷീരവികസനത്തിനു 97 കോടി. അഞ്ചു പുതിയ കാർഷികവിള സോണുകൾ പ്രഖ്യാപിച്ചു. ക്ഷീരകർഷകർക്ക് 1100 രൂപ പെൻഷൻ. എല്ലാ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളും നവീകരിക്കും.

വയനാട് പാക്കേജിനു 19 കോടി രൂപ അനുവദിച്ചു. കാസർഗോഡ് പാക്കേജിനു 90 കോടി രൂപ അനുവദിച്ചു. റബർ വിലസ്ഥിരതാ ഫണ്ട് തുടരും. പ്രാഥിമകാരോഗ്യ കേന്ദ്രങ്ങളിൽ 5257 തസ്തികകൾ പുതുതായി സൃഷ്ടിക്കും. പ്രമേഹംപ്രഷർകൊളസ്‌ട്രോൾ രോഗികൾക്ക് സൗജന്യ മരുന്നുകൾ നൽകും. പൊതുവിദ്യാലയങ്ങളിൽ 10 ശതമാനം കുട്ടികളുടെ എണ്ണം വർധിപ്പിക്കും. സർക്കാർ ആശുപത്രികൾക്ക് 2000 കോടി രൂപ അനുവദിക്കും. മണ്ണ് ജലസംരക്ഷണത്തിന് 102 കോടി അനുവദിച്ചു. മൂന്നു കോടി മരങ്ങൾ വച്ചുപിടിപ്പിക്കും.

മാലിന്യം വലിച്ചെറിയാത്ത തെരുവുകളാണ് ലക്ഷ്യം. വരൾച്ചയെ നേരിടാൻ പ്രത്യേക പദ്ധതികൾ രൂപം കൊടുക്കും. കിഫ്ബിയെ ധനമന്ത്രി അഭിനന്ദിച്ചു. കിഫ്ബിയിലൂടെ 25,000 കോടി രൂപയുടെ കൂടുതൽ പദ്ധതികൾ കൂടി നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here