തിരുവനന്തപുരം: ബജറ്റ് ചോർന്നെന്നു ആരോപിച്ച് ബജറ്റ് അവതരണത്തിനിടെ സഭയിൽ പ്രതിപക്ഷബഹളം. ബജറ്റ് അവതരണത്തിനു മുമ്പുതന്നെ ബജറ്റ് ചോർന്നെന്നും വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചെന്നും ആരോപിച്ചായിരുന്നു പ്രതിപക്ഷം ബഹളം വച്ചത്. പരിശോധിച്ച് നടപടി എടുക്കാം എന്നു സ്പീക്കർ ഉറപ്പ് നൽകിയിട്ടും അതു കേൾക്കാതെ സ്പീക്കറുടെ ഡയസിനു അടുത്ത് വരെ എത്തി ബഹളം വച്ചു. അതേസമയം, പരാതി ഗൗരവമുള്ളതാണെന്നും വിവരങ്ങൾ ശേഖരിച്ച ശേഷം സഭയിൽ കാര്യങ്ങൾ വിശദീകരിക്കുമെന്നു ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. ഇതിൽ തൃപ്തരാകാതെ ബജറ്റ് ബഹിഷ്‌കരിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
ബജറ്റ് ചോർന്നെന്ന പരാതി ഗൗരവമുള്ളതാണെന്നു ധനമന്ത്രി അറിയിച്ചു. ഇക്കാര്യത്തിൽ ഇപ്പോൾ തന്റെ കയ്യിൽ വിശദാംശങ്ങൾ ഒന്നും ലഭ്യമല്ല. കാര്യം പരിശോധിച്ച ശേഷം ഇക്കാര്യം സഭയിൽ തന്നെ വിശദീകരിക്കുമെന്നും തോമസ് ഐസക് അറിയിച്ചു. ബജറ്റിന്റെ പ്രസക്തഭാഗങ്ങൾ മാധ്യമങ്ങൾക്കും മറ്റു അംഗങ്ങൾക്കും നൽകുന്നത് പതിവുള്ളതാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു. അതിനപ്പുറത്തേക്ക് പ്രതിപക്ഷം ആരോപിക്കുന്ന തരത്തിൽ ഒന്നും നടന്നിട്ടില്ല. എന്നിരുന്നാലും ആരോപണം ഉയർന്ന അവസരത്തിൽ ഇക്കാര്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംഭവം പരിശോധിച്ച് നടപടി എടുക്കുമെന്നു സ്പീക്കർ ശ്രീരാമകൃഷ്ണനും വ്യക്തമാക്കി.
ബജറ്റ് ചോർന്നത് ധനമന്ത്രിയുടെ ഓഫീസിൽ നിന്നു തന്നെയാണെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ബജറ്റ് അവതരണം ബഹിഷ്‌കരിച്ച പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. പിന്നീട് നിയമസഭാ മീഡിയറൂമിൽ ബദൽ ബജറ്റ് അവതരിപ്പിച്ചു. ബജറ്റിന്റെ മാന്യത നഷ്ടപ്പെട്ടെന്നു പ്രതിപക്ഷം ആരോപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here