ജനക്ഷേമ പദ്ധതികളുമായി പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനത്തിനും ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും മുൻഗണന; ക്ഷേമപെൻഷനുകൾ വർധിപ്പിച്ചു; റബറിനു നികുതി ഇളവ്

തിരുവനന്തപുരം: ജനക്ഷേമ പദ്ധതികളുമായി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുസർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ്. അടിസ്ഥാന സൗകര്യ വികസനത്തിലും പൊതുജനാരോഗ്യത്തിലും പൊതുവിദ്യാഭ്യാസത്തിലും ഊന്നിയാണ് ബജറ്റ്. റോഡ് വികസനത്തിനും ആരോഗ്യസംരക്ഷണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ചു. ക്ഷേമപെൻഷനുകൾ വർധിപ്പിച്ച് അധഃസ്ഥിതവിഭാഗങ്ങൾക്കും സാധാരണക്കാർക്കും ഒപ്പമാണ് സർക്കാരെന്നു ഒരിക്കൽ കൂടി വിളംബംരം ചെയ്തു. ഇന്റർനെറ്റ് പൗരാവകാശമാക്കുന്നതിനായി കെ ഫോൺ പദ്ധതി ആവിഷ്‌കരിച്ചു. അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം വർധിപ്പിച്ചു. സ്വാഭാവിക റബറിനു നികുതി ഇളവ് നൽകുമെന്നും പ്രഖ്യാപിച്ചു.

എംടി വാസുദേവൻ നായരുടെ പ്രസ്താവനയെ ഉദ്ദരിച്ചാണ് തോമസ് ഐസക് ബജറ്റ് അവതരണം ആരംഭിച്ചത്. നോട്ട് നിരോധനം തുഗ്ലക് പരിഷ്‌കാരമെന്ന പ്രസ്താവനയെ ഉദ്ദരിച്ചായിരുന്നു തുടക്കം. നോട്ട് അസാധുവാക്കൽ ബജറ്റിനു വെല്ലുവിളിയെന്നു ഐസക് പറഞ്ഞു. കേന്ദ്രസർക്കാരിന്റേത് ഒട്ടകപ്പക്ഷി നയമാണ്. നോട്ട് നിരോധനം മനുഷ്യനിർമിതമായ ദുരന്തമാണ്. ഉപഭോഗ-നിക്ഷേപ മേഖലയിൽ മുരടിപ്പ് ഉണ്ടാകാൻ കാരണമായി. നോട്ട് നിരോധനത്തിനു ശേഷം കരാറുകൾ 1.3 ലക്ഷം കോടിയായി കുറഞ്ഞു. ബാങ്ക് ഇടപാടുകൾ വർധിച്ചത് 4 ശതമാനം മാത്രമാണ്. നിക്ഷേപത്തിൽ ഗണ്യമായ കുറവുണ്ടായെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു.

റോഡുകളുടെ വികസനത്തിനായി അഞ്ചു വർഷത്തിനകം അരലക്ഷം കോടിയുടെ നിക്ഷേപം നടത്തും. ദേശീയപാത വികസനത്തിന് കിഫ്ബി 6500 വഴി കോടി. റോഡ്, പാലം നിർമാണങ്ങൾക്ക് 1350 കോടി രൂപയും അനുവദിച്ചു. പാലങ്ങളുടെ സുരക്ഷ അവലോകനം ചെയ്ത് അപകടത്തിലായവ പുനരുദ്ധാരണം ചെയ്യും. തീരദേശമലയോര ഹൈവേക്കായി 10,000 കോടിയുടെ കിഫ്ബി ഫണ്ട് നൽകും. റോഡ്പാലം പുനരുദ്ധാരണത്തിനായി 612 കോടി അനുവദിച്ചു. കരാറുകാരുടെ കുടിശ്ശിക ഇല്ലാതാക്കും. നടപ്പുവർഷം മൊത്തം 1300 കോടി രൂപയുടെ റോഡുകൾക്ക് അനുമതി നൽകി. 69 പാലങ്ങൾക്കും മേൽപാലങ്ങൾക്കും 2,557 കോടി രൂപയും അനുവദിച്ചു.

അഞ്ചുവർഷം കൊണ്ട് 50,000 കോടി രൂപയുടെ റോഡ് വികസന പദ്ധതികൾ പൂർത്തീകരിക്കും. 1267 കിലോമീറ്റർ മലയോര ഹൈവേക്കായി 3200 കോടി രൂപ കിഫ്ബി നിക്ഷേപം. കിൻഫ്ര വികസനത്തിന് സഹായം നൽകും. കിഫ്ബി വഴി വ്യവസായ ഇടനാഴി സ്ഥാപിക്കും. വിവിധ ഐടി പാർക്കുകൾക്ക് 549 കോടി അനുവദിച്ചു. പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലാക്കാൻ സമയബന്ധിത പദ്ധതികൾ. പൊതുമേഖലയെ രക്ഷിക്കാൻ പുതിയ പദ്ധതി നടപ്പിലാക്കും. ചെറുകിട വ്യവസായങ്ങൾക്ക് 120 കോടി രൂപ അനുവദിച്ചു.

കാർഷിക മേഖല അടങ്കൽ 2106 കോടിയും പിന്നോക്ക വിഭാഗക്കാരുടെ പുരോഗതിക്കായി 2600 കോടിയും ബജറ്റിൽ വകയിരുത്തി. ടൂറിസം, ഐടി പദ്ധതികൾക്കായി 1375 കോടി വകയിരുത്തി. കശുവണ്ടി ഫാക്ടറികൾക്ക് 42 കോടി, കശുമാവ് കൃഷി വ്യാപനത്തിന് 6.5 കോടിയും വകയിരുത്തി. കൈത്തറി മേഖലയ്ക്ക് 72 കോടിനൽകാനും സ്‌കൂൾ യൂണിഫോമുകൾ കൈത്തറി മേഖലയിൽ നിന്ന് വാങ്ങാനും തീരുമാനമായി.

ഇന്റർനെറ്റ് സൗകര്യം പൗരാവകാശമാക്കും. പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇൻറർനെറ്റ് കണക്ഷൻ നൽകും. മറ്റുള്ളവർക്ക് കുറഞ്ഞ നിരക്കിൽ മികച്ച ഇൻറർനെറ്റ് സേവനം. കെ ഫോൺ ഇൻറർനെറ്റ് വ്യാപനശൃംഖലയ്ക്ക് 1000 കോടി അനുവദിച്ചു. കെഎസ്ഇബി വൈദ്യുത ശൃംഖലയ്ക്ക് സമാന്തരമായി കെ ഫോൺ എന്ന പേരിൽ ഒപ്ടിക്കൽ ഫൈബർ പാത സ്ഥാപിക്കുന്നത്. അക്ഷയ കേന്ദ്രങ്ങളിൽ വൈഫൈ സൗകര്യം. ഐടി മേഖലയിലെ അടങ്കൽ 540 കോടി രൂപയാക്കും. ഡിജിറ്റൽ രംഗത്ത് നിർണായക കാൽവെയ്പ്പ് ആകുന്ന തീരുമാനമാണിത്. ഐടി ഹാർഡ് വെയർ ഹബ് കേരളത്തിൽ തുടങ്ങാൻ നീക്കം.

ആലപ്പുഴയിൽ കയർ ഭൂവസ്ത്ര സ്‌കൂൾ ആരംഭിക്കും. ക്ഷീരമേഖലയിൽ 97 കോടി രൂപ അനുവദിച്ചു. മത്സ്യത്തൊഴിലാളി വികസനത്തിനു 150 കോടി രൂപ അനുവദിച്ചു. തീരദേശ വികസനത്തിന് 216 കോടി, കുരുമുളക് കൃഷി വ്യാപനത്തിനായി 10 കോടി, റബർ വിലസ്ഥിരതാ പദ്ധതിക്കായി 500 കോടിയും വകയിരുത്തി. കയർ തൊഴിലാളികൾക്ക് 200 ദിവസം തൊഴിൽ ഉറപ്പാക്കും. കയർ മേഖലയ്ക്കായി 123 കോടി വകയിരുത്തി. രണ്ടു ലക്ഷം ക്വിന്റൽ കയർ സംഭരിക്കും. കയർ പിരി തൊഴിലാളികളുടെ ഉൽപന്നങ്ങൾ മിനിമം വില ഉറപ്പാക്കി സംഭരിക്കും.

അഞ്ചു പുതിയ കാർഷികവിള സോണുകൾ പ്രഖ്യാപിച്ചു. ക്ഷീരകർഷകർക്ക് 1100 രൂപ പെൻഷൻ. എല്ലാ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളും നവീകരിക്കും. വയനാട് പാക്കേജിനു 19 കോടി രൂപ അനുവദിച്ചു. കാസർഗോഡ് പാക്കേജിനു 90 കോടി രൂപ അനുവദിച്ചു. റബർ വിലസ്ഥിരതാ ഫണ്ട് തുടരും. പ്രാഥിമകാരോഗ്യ കേന്ദ്രങ്ങളിൽ 5257 തസ്തികകൾ പുതുതായി സൃഷ്ടിക്കും. പ്രമേഹംപ്രഷർകൊളസ്‌ട്രോൾ രോഗികൾക്ക് സൗജന്യ മരുന്നുകൾ നൽകും. പൊതുവിദ്യാലയങ്ങളിൽ 10 ശതമാനം കുട്ടികളുടെ എണ്ണം വർധിപ്പിക്കും. സർക്കാർ ആശുപത്രികൾക്ക് 2000 കോടി രൂപ അനുവദിക്കും. മണ്ണ് ജലസംരക്ഷണത്തിന് 102 കോടി അനുവദിച്ചു. മൂന്നു കോടി മരങ്ങൾ വച്ചുപിടിപ്പിക്കും.

മാലിന്യം വലിച്ചെറിയാത്ത തെരുവുകളാണ് ലക്ഷ്യം. വരൾച്ചയെ നേരിടാൻ പ്രത്യേക പദ്ധതികൾ രൂപം കൊടുക്കും. കിഫ്ബിയെ ധനമന്ത്രി അഭിനന്ദിച്ചു. കിഫ്ബിയിലൂടെ 25,000 കോടി രൂപയുടെ കൂടുതൽ പദ്ധതികൾ കൂടി നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു. മാർച്ച് 31ന് മുൻപ് കേരളത്തിലെ എല്ലാ വീടുകളും വൈദ്യുതീകരിക്കും. വൈദ്യുതി ശൃംഖല നവീകരിക്കാൻ കിഫ്ബി ധനസഹായം നൽകും. സൗരോർജ കാറ്റാടി പദ്ധതികൾ പ്രോത്സാഹിപ്പിക്കും. കൊച്ചി സംയോജിത ഗതാഗത വികസനത്തിന് 682 കോടി വായ്പയായി സമാഹരിക്കും. കെഎസ്ആർടിസി പുനരുദ്ധാരണത്തിനായി 3000 കോടി രൂപയുടെ പാക്കേജ് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്.

വിദ്യാഭ്യാസ മേഖലയെ സമഗ്രമായി പരിഷ്‌കരിക്കാനുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. സ്‌കൂൾ നവീകരണത്തിന് സമഗ്ര പദ്ധതി പ്രഖ്യാപിച്ചു. ഓരോ മണ്ഡലങ്ങളിലും ഒരു സ്‌കൂൾ എന്ന നിലയിൽ സ്‌കൂൾ നവീകരണത്തിനു 1000 കോടി രൂപ അനുവദിച്ചു. ആയിരം കുട്ടികളിൽ കൂടുതലുള്ള സർക്കാർ സ്‌കൂളുകൾ നവീകരിക്കാൻ 500 കോടി അനുവദിച്ചു. പൊതുവിദ്യാലയങ്ങളിൽ 10 ശതമാനം കുട്ടികളുടെ എണ്ണം വർധിപ്പിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.

ഭക്ഷ്യവിലക്കയറ്റം നേരിടാനും പദ്ധതികൾ പ്രഖ്യാപിച്ചു. കേന്ദ്രസർക്കാർ പത്തായം പൂട്ടിവച്ചിരിക്കുന്നു. അരി നൽകുന്നില്ല. കേന്ദ്രസർക്കാരിന്റെ ഈ നയമാണ് ഇന്നത്തെ റേഷൻ പ്രതിസന്ധിക്കു കാരണം. നെല്ല് സംഭരണത്തിന് 100 കോടി അനുവദിച്ചു. റേഷൻ സബ്‌സിഡിയായി 900 കോടി രൂപ അനുവദിച്ചു. ശിശുക്ഷേമത്തിന് 1,621 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. എൻഡോസൾഫാൻ ദുരിത ബാധിതർക്ക് സാമ്പത്തികസഹായം നൽകാൻ 10 കോടി അനുവദിച്ചു. കൂടുതൽ ബഡ്‌സ് സ്‌കൂളുകൾ ആരംഭിക്കും. ഒരു ബഡ്‌സ് സ്‌കൂളിനു 25 കോടി രൂപ നിരക്കിൽ സഹായം നൽകും. ബഡ്‌സ് സ്‌കൂളുകളിൽ പഠിച്ചിറങ്ങുന്നവർക്ക് റിഹാബിലിറ്റേഷൻ സൗകര്യം ഏർപ്പെടുത്തും. ഭിന്നശേഷിയുള്ളവർക്ക് ബാരിയർ ഫ്രീ പദ്ധതിക്കായി 15 കോടി രൂപ വകയിരുത്തി. ഭിന്നശേഷിക്കാർക്ക് ജോലിക്ക് 4 ശതമാനം സംവരണം ഏർപ്പെടുത്തി.

ഭവനനിർമാണ പദ്ധതികളിൽ ഉപഭോക്താക്കൾക്ക് വീടിന്റെ പ്ലാൻ തിരഞ്ഞെടുക്കാൻ അവസരം നൽകും. ഭവനരഹിതർക്കുളള ഫ്‌ലാറ്റ് സമുച്ചയങ്ങളിൽ സമഗ്രമായ അനുബന്ധ സൗകര്യങ്ങൾ ഉറപ്പാക്കും. ആറുമാസം കൊണ്ട് കിഫ്ബി അഭിമാനകരമായ നേട്ടം കൈവരിച്ചെന്നു മന്ത്രി പറഞ്ഞു. കിഫ്ബിക്ക് 15,000 കോടി രൂപ അനുവദിച്ചു. ആശാ വർക്കർമാരുടെയും പ്രീ പ്രൈമറി അധ്യാപകരുടെയും ഓണറേറിയം 500 രൂപ വർധിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News