പ്രവാസി ക്ഷേമപെൻഷൻ 2000 രൂപയായി ഉയർത്തി; പ്രവാസികൾക്ക് താങ്ങായി സർക്കാരിന്റെ ജനക്ഷേമ ബജറ്റ്

തിരുവനന്തപുരം: പ്രവാസി ക്ഷേമപെൻഷൻ തുക ഉയർത്തി പ്രവാസികളോടുള്ള സർക്കാരിന്റെ പ്രതിബദ്ധത ഒരിക്കൽകൂടി സർക്കാർ അരക്കിട്ടുറപ്പിച്ചു. പ്രവാസി ക്ഷേമ പെൻഷൻ 500 രൂപയിൽ നിന്ന് 2000 രൂപയാക്കിയാണ് ഉയർത്തിയത്. പ്രവാസികൾക്കായി കെഎസ്എഫ്ഇയുടെ പ്രവാസി ചിട്ടികൾ ആരംഭിക്കുമെന്നു ബജറ്റിൽ മന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. പ്രവാസി ചിട്ടിയിലൂടെ 12000 കോടി സമാഹരിക്കുകയാണ് ലക്ഷ്യം. ഒരുലക്ഷം പ്രവാസികളെ പദ്ധതിയിൽ ചേർക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തിൽ മന്ത്രി അറിയിച്ചു.

പശ്ചാത്തല സൗകര്യവികസനത്തിനായി വൻ പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിൽ വിദേശമലയാളികളെ കൂടി ഉൾപ്പെടുത്തും. ഇവരുടെ കൂടി സഹായത്തോടെയാണ് പശ്ചാത്തല സൗകര്യവികസനം നടപ്പാക്കുക. അടിസ്ഥാന സൗകര്യ വികസനത്തിലും പൊതുജനാരോഗ്യത്തിലും പൊതുവിദ്യാഭ്യാസത്തിലും ഊന്നിയാണ് ബജറ്റ്. റോഡ് വികസനത്തിനും ആരോഗ്യസംരക്ഷണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ചു. ക്ഷേമപെൻഷനുകൾ വർധിപ്പിച്ച് അധഃസ്ഥിതവിഭാഗങ്ങൾക്കും സാധാരണക്കാർക്കും ഒപ്പമാണ് സർക്കാരെന്നു ഒരിക്കൽ കൂടി വിളംബംരം ചെയ്തു. ഇന്റർനെറ്റ് പൗരാവകാശമാക്കുന്നതിനായി കെ ഫോൺ പദ്ധതി ആവിഷ്‌കരിച്ചു. അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം വർധിപ്പിച്ചു. സ്വാഭാവിക റബറിനു നികുതി ഇളവ് നൽകുമെന്നും പ്രഖ്യാപിച്ചു.

എംടി വാസുദേവൻ നായരുടെ പ്രസ്താവനയെ ഉദ്ദരിച്ചാണ് തോമസ് ഐസക് ബജറ്റ് അവതരണം ആരംഭിച്ചത്. നോട്ട് നിരോധനം തുഗ്ലക് പരിഷ്‌കാരമെന്ന പ്രസ്താവനയെ ഉദ്ദരിച്ചായിരുന്നു തുടക്കം. നോട്ട് അസാധുവാക്കൽ ബജറ്റിനു വെല്ലുവിളിയെന്നു ഐസക് പറഞ്ഞു. കേന്ദ്രസർക്കാരിന്റേത് ഒട്ടകപ്പക്ഷി നയമാണ്. നോട്ട് നിരോധനം മനുഷ്യനിർമിതമായ ദുരന്തമാണ്. ഉപഭോഗ-നിക്ഷേപ മേഖലയിൽ മുരടിപ്പ് ഉണ്ടാകാൻ കാരണമായി. നോട്ട് നിരോധനത്തിനു ശേഷം കരാറുകൾ 1.3 ലക്ഷം കോടിയായി കുറഞ്ഞു. ബാങ്ക് ഇടപാടുകൾ വർധിച്ചത് 4 ശതമാനം മാത്രമാണ്. നിക്ഷേപത്തിൽ ഗണ്യമായ കുറവുണ്ടായെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here