തിരുവനന്തപുരം: ഭക്ഷ്യവിലക്കയറ്റം നിയന്ത്രിക്കാനുള്ള ഇടപെടലുമായി സർക്കാരിന്റെ ജനക്ഷേമ ബജറ്റ്. ഭക്ഷ്യവിലക്കയറ്റം നേരിടാനുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സിവിൽ സപ്ലൈസ് കോർപ്പറേഷന് 200 കോടി രൂപ അനുവദിച്ചു. കസ്യൂമർഫെഡിന് 150 കോടി രൂപയും ഹോർട്ടികോർപ്പിന് 100 കോടി രൂപയും അനുവദിച്ചു. നെല്ലുസംഭരണത്തിന് 700 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഭക്ഷ്യപ്രതിസന്ധിക്കു കാരണം കേന്ദ്രസർക്കാർ ആണെന്നു ധനമന്ത്രി കുറ്റപ്പെടുത്തി.
റേഷൻ സബ്‌സിഡിക്ക് 900 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ചോർച്ച ഒഴിവാക്കാനുള്ള സാങ്കേതിക സംവിധാനങ്ങൾക്ക് 117 കോടി രൂപ അനുവദിച്ചു. റേഷൻവ്യാപാരികളുടെ കമ്മിഷനും ഹാൻഡ്‌ലിംഗ് ചാർജ്ജുകളും വർദ്ധിപ്പിക്കും. ഇതിലേക്കായി 100 കോടി രൂപ അനുവദിച്ചു. കേന്ദ്രസർക്കാർ പത്തായം പൂട്ടിവച്ചിരിക്കുകയാണെന്ന് ധനമന്ത്രി പറഞ്ഞു. അരി നൽകുന്നില്ല. കേന്ദ്രസർക്കാരിന്റെ ഈ നയമാണ് ഇന്നത്തെ റേഷൻ പ്രതിസന്ധിക്കു കാരണമെന്നും മന്ത്രി അറിയിച്ചു.
കാർഷികമേഖലയുടെ അടങ്കൽ 2106 കോടി രൂപയായി ഉയർത്തി. ചെറുകിട കൃഷിക്കാർക്ക് റബ്ബറിന് 150 രൂപ ഉറപ്പുവരുത്തുന്നതിനുള്ള വിലസ്ഥിരതാപദ്ധതി തുടരും. ഇതിന് 500 കോടി രൂപ വകയിരുത്തി. വയനാട് പാക്കേജിന് 19 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കുരുമുളക്, വയനാടിന്റെ തനത് നെല്ലിനങ്ങൾ, മണ്ണ്-ജല സംരക്ഷണ പ്രവർത്തനം എന്നിവയ്ക്കായിട്ടാണ് വയനാട് പാക്കേജ് വിനിയോഗിക്കുക. കാസർഗോഡ് പാക്കേജിനായി 90 കോടി രൂപയും വകയിരുത്തി.
അഞ്ചു കാർഷിക വിളകളുടെ സ്‌പെഷ്യൽ എക്കണോമിക് സോണുകൾ പ്രഖ്യാപിച്ചു. നെല്ല്, പച്ചക്കറി, വാഴ, പൂക്കൾ, നാളികേരം എന്നീ അഞ്ച് വിളകൾക്കാണ് സ്‌പെഷ്യൽ എക്കണോമിക് സോണുകൾ. 15 സ്‌പെഷ്യൽ ഇക്കണോമിക് സോണുകളാണുള്ളത്. തുടക്കം കുറിക്കാൻ 10 കോടി രൂപ വകയിരുത്തി. മൃഗസംരക്ഷണമേഖലയ്ക്ക് 308 കോടി രൂപയും ഡയറി വികസനത്തിന് 97 കോടി രൂപയും വകയിരുത്തി. ക്ഷീരകർഷകർക്ക് 1,100 രൂപ പെൻഷൻ നൽകാനും ബജറ്റിൽ പ്രഖ്യാപിച്ചു.
കുടിവെള്ളത്തിന് 1058 കോടി രൂപ പദ്ധതി അടങ്കൽ തുകയായി വകയിരുത്തി. ഇതിനുപുറമേ 1,696 കോടി രൂപ കിഫ്ബി നിക്ഷേപമായും ലഭിക്കും. വൻകിട, ഇടത്തരം ജലസേചനപദ്ധതികൾക്ക് 413 കോടി രൂപ അനുവദിച്ചു. മുപ്പതോളം റെഗുലേറ്ററുകൾക്ക് കിഫ്ബി വഴി 600 കോടി രൂപയും നൽകും. മണ്ണ്- ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് 102 കോടി രൂപയും ചെറുകിട ജലസേചനത്തിന് 208 കോടി രൂപയും അനുവദിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here