തിരുവനന്തപുരം: ആരോഗ്യസംരക്ഷണത്തിലൂന്നി അവതരിപ്പിച്ച ബജറ്റാണ് പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ്. പൊതുജനാരോഗ്യം കാക്കാൻ പര്യാപ്തമായ പദ്ധതികളും നിർദേശങ്ങളുമാണ് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആരോഗ്യമേഖലയിലെ വികസനത്തിനു ആവശ്യമായ ബജറ്റ് നിർദേശങ്ങൾ താഴെ പറയുന്നവയാണ്.
- ജീവിതശൈലീമാറാരോഗങ്ങൾക്കടക്കം സമ്പൂർണ്ണപ്രതിരോധവും സൗജന്യചികിത്സയും.
- ആശുപത്രികളിൽ മികച്ച അടിസ്ഥാന സൗകര്യങ്ങൾ.
- മെഡിക്കൽ കോളജുകളും മുൻനിര ആശുപത്രികളും സൂപ്പർ സ്‌പെഷ്യാലിറ്റി നിലവാരത്തിലേക്ക് ഉയർത്തും.
- മുഴുവൻ പൗരൻമാരുടെയും ആരോഗ്യനിലയെക്കുറിച്ച് വിവരസഞ്ചയം തയ്യാറാക്കും.
- ബ്ലഡ് സ്ട്രിപ്പുകൾ, ബ്ലഡ് പ്രഷർ ഉപകരണങ്ങൾ, വെയിംഗ് മെഷീനുകൾ എന്നിവ എല്ലാ പഞ്ചായത്തിലും ഏർപ്പാടാക്കും.
- ഏറ്റവും നല്ല പാലിയേറ്റീവ് നൂതന ഇടപെടലിന് മുഹമ്മ പഞ്ചായത്ത് മുൻപ്രസിഡന്റ് സി.കെ. ഭാസ്‌കരന്റെ നാമധേയത്തിൽ അവാർഡ്.
- തിരുവനന്തപുരം മെഡിക്കൽ കോളജ് മാസ്റ്റർപ്ലാൻ നടപ്പാക്കാൻ ആദ്യഘട്ടത്തിന് കിഫ്ബി വഴി 400 കോടി രൂപ. മറ്റു മെഡിക്കൽ കോളജുകൾക്കായി പ്രോജക്ട് റിപ്പോർട്ട് തയ്യാറായിക്കൊണ്ടിരിക്കുന്നു.
- കിഫ്ബിയിൽ നിന്ന് ജില്ലാ-താലൂക്ക്-ജനറൽ ആശുപത്രികൾക്ക് 2,000 കോടി രൂപ. 12 താലൂക്ക് ആശുപത്രികളുടെ ഭൗതികസൗകര്യം മെച്ചപ്പെടുത്തും.
- രോഗികൾക്ക് ആരോഗ്യസഹായമായി ആയിരത്തോളം കോടി രൂപ. ഇതിൽ കാരുണ്യയുടെ വിഹിതം 350 കോടി രൂപ.
- ഡയബറ്റിസ്, പ്രഷർ, കൊളസ്‌ട്രോൾ രോഗികൾക്ക് പിഎച്ച്‌സി സബ്‌സെന്ററുകൾ വഴി സൗജന്യ ഗുളികവിതരണം.
- അവയവമാറ്റ ശസ്ത്രക്രിയക്ക് ശേഷം വേണ്ട മരുന്നുകൾ 10 ശതമാനം വിലയ്ക്ക് ലഭ്യമാക്കും. കെഎസ്ഡിപിക്ക് 10 കോടി രൂപ.
- കുഷ്ഠം, മന്ത് സമ്പൂർണ നിവാരണ പദ്ധതി. അവശരായ മന്തുരോഗികൾക്ക് പ്രത്യേകസഹായപദ്ധതി.
- 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ആദ്യഘട്ടത്തിൽ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും. ഇവിടെ 170 ഡോക്ടർമാർ, 340 സ്റ്റാഫ് നഴ്‌സുമാർ എന്നിവർ അടക്കം 510 തസ്തികകൾ സൃഷ്ടിക്കും.
- ഓരോ താലൂക്കിലും മാനദണ്ഡപ്രകാരമുള്ള ഓരോ ആശുപത്രി. ജില്ലയിൽ ഒരു ജില്ലാ ആശുപത്രി.
- ഡോക്ടർമാരുടെ 1,309 ഉം സ്റ്റാഫ് നഴ്‌സുമാരുടെ 1,610 ഉം അടക്കം 5,257 തസ്തിക സൃഷ്ടിക്കും.
- മെഡിക്കൽ കോളജുകളിൽ 45 അധ്യാപകർ, 2,874 സ്റ്റാഫ് നേഴ്‌സുമാർ, 1,260 പാരാമെഡിക്കൽ സ്റ്റാഫ് എന്നിവരെയും നിയമിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here