തിരുവനന്തപുരം: വികസനം എന്തെന്നു നേരിൽ കണ്ടുമനസ്സിലാക്കാൻ സിഎംപി നേതാവ് സി.പി ജോണിനെ സ്വന്തം മണ്ഡലത്തിലേക്കു ക്ഷണിച്ച് ധനമന്ത്രി തോമസ് ഐസക്. കൈരളി പീപ്പിൾ ടിവിയിൽ നടന്ന ഫിനാൻസ് മിനിസ്റ്റർ ഓൺ ട്രയൽ എന്ന സംവാദ പരിപാടിക്കിടെയാണ് സി.പി ജോണിനെ ഐസക് വികസനം നേരിൽ കാണാൻ വെല്ലുവിളിച്ചത്. എന്നാൽ, ഐസകിന്റെ വെല്ലുവിളി വന്നതോടെ, അദ്ദേഹത്തിന്റെ ഷോകേസ് തന്ത്രം തനിക്ക് നേരത്തെ അറിയാവുന്നതാണെന്നു പറഞ്ഞ് ജോൺ ഒഴിഞ്ഞുമാറാൻ ശ്രമം തുടങ്ങി. സാധിക്കുമെങ്കിൽ നാളെ തന്നെ മണ്ഡലത്തിൽ വന്നാൽ വിദ്യാഭ്യാസ മിഷനും ആർദ്ര പരിപാടിയും നടത്തുന്നത് എങ്ങനെയെന്നു കാണിച്ചു തരാമെന്നും തോമസ് ഐസക് ജോണിനോടു പറഞ്ഞു. എന്നാൽ, ഷോകേസ് കൊണ്ട് കാര്യമില്ലെന്നു പറഞ്ഞ് ജോൺ ഒഴിഞ്ഞുമാറി.
വികസന കാര്യങ്ങൾ നടപ്പിലാക്കുന്നതിനായി പാർപ്പിട മിഷൻ, ആരോഗ്യത്തിനായി ആർദ്രം മിഷൻ, ലൈഫ് ഹോം ഇങ്ങനെ നിരവധി മിഷനുകൾക്ക് ബജറ്റിൽ തോമസ് ഐസക് രൂപം നൽകിയിട്ടുണ്ട്. ഇതിനെയാണ് വിമർശന ബുദ്ധിയോടെ സി.പി ജോൺ സമീപച്ചത്. ഭവനപദ്ധതിക്ക് മിഷൻ രൂപീകരിക്കുന്നത് നല്ലതാണെങ്കിലും ഇതു മറ്റുചില ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതായി ജോൺ പറഞ്ഞു. ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള ഭവനപദ്ധതി നല്ലതാണെന്നു ജോൺ പറഞ്ഞു. പ്രത്യേകിച്ച് പട്ടികജാതിക്കാർക്കായി സാമ്പത്തികസഹായം നൽകുന്നത് അടക്കമുള്ള കാര്യങ്ങൾ വളരെ നല്ലതാണെന്നു ജോൺ പറഞ്ഞു. എന്നാൽ, ഓരോ കാര്യങ്ങൾക്കായി ഓരോ മിഷനുകൾ പ്രഖ്യാപിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നെന്നായിരുന്നു ജോണിന്റെ അഭിപ്രായം. പഞ്ചായത്ത് അംഗങ്ങൾ എല്ലാവരും ഇത്തരത്തിൽ മിഷനുകളിൽ കുടുങ്ങിക്കിടക്കുകയാണെന്നു പറഞ്ഞു.
ഈസമയം ഇതിനു ഇപ്പോൾ മറുപടി പറയുന്നുണ്ടോ എന്നു ഐസകിനോടു സംവാദം നിയന്ത്രിക്കുന്ന ജോൺ ബ്രിട്ടാസിന്റെ ചോദ്യം. ചോദ്യത്തോട് ഐസകിന്റെ മറുപടി ഇങ്ങനെയായിരുന്നു. താത്വികമായി ഇക്കാര്യത്തോടു മറുപടി പറയുന്നില്ല. പക്ഷേ, ജോൺ എന്റെ മണ്ഡലത്തിൽ വരണം. ആര്യാട് ബ്ലോക്കിൽ വന്നാൽ മതി. എങ്ങനെ ഇതെല്ലാം നടപ്പാക്കുന്നു എന്നു ഉദാഹരണസഹിതം കാണിച്ചു തരാം എന്നു ഐസക് മറുപടി നൽകി. എന്നാൽ, അത് ഐസകിന്റെ ഷോകേസ് ആണെന്നു പറഞ്ഞ് ജോൺ ഒഴിഞ്ഞുമാറാൻ നോക്കി. ഈസമയം, നാളെ തന്നെ വന്നാൽ, വിദ്യാഭ്യാസ മിഷനും ആർദ്രം മിഷനും എല്ലാം നടപ്പാക്കുന്നത് കാണാം എന്നു ഐസക് വ്യക്തമാക്കി. അപ്പോഴും ഷോകേസ് കൊണ്ടു കാര്യമില്ലെന്നും ഐസകിന്റെ തന്ത്രം തനിക്ക് അറിയാം എന്നുമായിരുന്നു സിപി ജോണിന്റെ മറുപടി.
വീഡിയോ കാണാം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here