ബജറ്റ് നവകേരളത്തിനായുള്ള നല്ല ചുവടുവയ്പാണെന്ന് കോടിയേരി ബാലകൃഷ്ണന്‍; പ്രതിപക്ഷത്തിന്റെ കഴമ്പില്ലാത്ത ആക്ഷേപം കൊണ്ട് തിളക്കം കുറയ്ക്കാനാകില്ല

തിരുവനന്തപുരം: നവകേരളത്തിനായുള്ള നല്ല ചുവടുവയ്പാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബജറ്റെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സാമൂഹ്യസുരക്ഷിതത്വവും അടിസ്ഥാനമേഖലയുടെ വികസനവും സാമൂഹ്യപുരോഗതിയും ഉറപ്പാക്കുന്ന സമീപനമാണ് ബജറ്റിന്റേതെന്നും കോടിയേരി പറഞ്ഞു.

നോട്ട് പ്രതിസന്ധി സൃഷ്ടിച്ചതടക്കമുള്ള സാമ്പത്തിക പ്രയാസങ്ങളുടെ പരിമിതികളില്‍ നിന്നു കൊണ്ടുതന്നെ അതിനെ മറികടക്കുന്ന മാന്ദ്യവിരുദ്ധ വികസന നിര്‍ദേശങ്ങളാണ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചിട്ടുള്ളത്. നവ ലിബറല്‍ നയങ്ങള്‍ ദേശീയമായി ശക്തിപ്പെടുന്ന കാലത്ത് ഇടതുപക്ഷ കാഴ്ചപ്പാടുകളില്‍ അടിയുറച്ചു നിന്നുകൊണ്ടുള്ള ബദല്‍ സമീപനമാണ് ബജറ്റിന്റേത്.

ബിജെപിയുടേയും കോണ്‍ഗ്രസിന്റേയും സാമ്പത്തിക നയങ്ങള്‍ക്ക് ബദല്‍ എങ്ങനെയെന്ന പ്രായോഗിക സമീപനമാണ് ബജറ്റില്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. അടിസ്ഥാന ജനവിഭാഗങ്ങളോടുള്ള പ്രതിബദ്ധതയും കൂറും ആവര്‍ത്തിച്ചിരിക്കുകയാണ്. എല്ലാ സാമൂഹ്യക്ഷേമ പെന്‍ഷനും കഴിഞ്ഞ ബജറ്റില്‍ 1000/ രൂപയാക്കി ഉയര്‍ത്തുകയും ഇത്തവണ 100/ രൂപ കൂടി കൂട്ടുകയും ചെയ്തു. പാവപ്പെട്ടവര്‍ക്ക് സമ്പൂര്‍ണ സുരക്ഷിതത്വം ഉറപ്പാക്കുന്നു. ആരോഗ്യസുരക്ഷ ഉറപ്പാക്കാനും വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്താനും ശ്രദ്ധിക്കുന്നു. രോഗികള്‍ക്ക് സഹായത്തിന് ആര്‍ദ്രം മിഷനിലൂടെ ആയിരം കോടിരൂപയാണ് വിലയിരുത്തിയിട്ടുള്ളത്. പ്രമേഹം, രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ രോഗികള്‍ക്ക് സൗജന്യ മരുന്ന് നല്‍കുന്നു. ലൈഫ് മിഷനിലൂടെ കേരളത്തെ സമ്പൂര്‍ണ പാര്‍പ്പിട സംസ്ഥാനമാക്കി മാറ്റാനുള്ള നടപടിയും എടുക്കുകയാണ്. ആരോഗ്യമേഖലയില്‍ 2500 കോടി രൂപയുടെ വമ്പന്‍ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

നഴ്‌സുമാരുടെയും ഡോക്ടര്‍മാരുടെയും 5257 തസ്തികകളുള്‍പ്പെടെ ആശുപത്രികളില്‍ 8000 തസ്തിക സൃഷ്ടിക്കുകയാണ്. പൊതുവിദ്യാലയങ്ങളുടെ പശ്ചാത്തലസൌകര്യവികസനത്തിന് മികച്ച പ്രാധാന്യം നല്‍കി. അതിനുവേണ്ടി 1000 കോടി രൂപയുടെ പദ്ധതിയാണ് നിര്‍ദേശിച്ചിരിക്കുന്നത്. വിലക്കയറ്റം തടയാന്‍ ഭക്ഷ്യസുരക്ഷയ്ക്ക് 900 കോടി രൂപ നീക്കിവച്ചിരിക്കുന്നു. പട്ടികജാതിവര്‍ഗ ക്ഷേമത്തിന് ചരിത്രത്തില്‍ ഇതുവരെ ഇല്ലാത്ത വിധത്തിലുള്ള പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്. ഇങ്ങനെ എല്ലാ അര്‍ത്ഥത്തിലും ജനക്ഷേമബജറ്റാണ്. കിഫ്ബി മുഖാന്തിരം 5628 കോടി രൂപയുടെ റോഡുകളും 2557 കോടി രൂപയുടെ പാലങ്ങളും വരാന്‍ പോവുകയാണ്.

നൂതനമായ ധനാഗമമാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനും ബജറ്റ് ചരിത്രം കുറിച്ചിരിക്കുകയാണ്. ഇങ്ങനെ ജനക്ഷേമത്തിലും വികസനത്തിലും ഊന്നുന്ന ബജറ്റിലൂടെ പുകള്‍പെറ്റ കേരളമാതൃക തിരിച്ചുപിടിക്കാനുള്ള ക്രിയാത്മകമായ ഇടപെടല്‍ ബജറ്റിലൂടെ നടത്തിയിരിക്കുകയാണെന്ന് കോടിയേരി പറഞ്ഞു. ബജറ്റാകെ ചോര്‍ന്നുവെന്ന പ്രതിപക്ഷത്തിന്റെ കഴമ്പില്ലാത്ത ആക്ഷേപം കൊണ്ട് ബജറ്റിന്റെ തിളക്കം കുറയ്ക്കാനാകില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here