തോമസ് ഐസക്കിന്റേത് ജനക്ഷേമ ബജറ്റാണെന്ന് വിഎസ്; കേരളത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാന്‍ സഹായിക്കും; എല്ലാ അര്‍ത്ഥത്തിലും സ്വാഗതാര്‍ഹം

തിരുവനന്തപുരം: സാമ്പത്തികമായി വെല്ലുവിളികള്‍ നേരിടുന്ന ഘട്ടത്തിലും, അങ്ങേയറ്റം ജനക്ഷേമകരമായ ബജറ്റാണ് മന്ത്രി ഡോ. തോമസ് ഐസക്ക് അവതരിപ്പിച്ചതെന്ന് ഭരണപരിഷ്‌ക്കാര കമീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍.

വര്‍ത്തമാനകാല സാമൂഹ്യസാമ്പത്തിക പരിമിതികള്‍ മറികടന്നു കൊണ്ട് കേരളത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാന്‍ സഹായകമായ ബജറ്റാണിത്. പശ്ചാത്തല സൗകര്യവികസനത്തിനും പരമ്പരാഗത മേഖലയ്ക്കും, ആരോഗ്യവിദ്യാഭ്യാസരംഗങ്ങള്‍ക്കും പരമപ്രധാനമായ പ്രാധാന്യമാണ് ബജറ്റില്‍ നല്‍കിയിട്ടുള്ളതെന്നും വിഎസ് പറഞ്ഞു.

സ്ത്രീസുരക്ഷ സംബന്ധിച്ച് ഏറെ ജാഗ്രതാപൂര്‍ണമായ സമീപനമാണ് ബജറ്റില്‍ സ്വീകരിച്ചിട്ടുള്ളത്. സമ്പൂര്‍ണ്ണ പാര്‍പ്പിട സംസ്ഥാനം എന്ന പദവിയിലേക്ക് കേരളത്തെ കൈപിടിച്ചുയര്‍ത്താനുള്ള ബജറ്റ് നിര്‍ദ്ദേശം അത്യന്തം ശ്ലാഘനീയമാണെന്നും വിഎസ് പറഞ്ഞു.

സംസ്ഥാനത്ത് സമ്പൂര്‍ണ്ണമായി വൈദ്യുതീകരണം യാഥാര്‍ത്ഥ്യമാക്കാനുള്ള നിര്‍ദ്ദേശങ്ങളും ശ്രദ്ധേയമാണ്. പട്ടികജാതിപട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള ക്ഷേമ പദ്ധതികള്‍, ക്ഷേമപെന്‍ഷനുകളുടെ വര്‍ധനവ്, ഭിന്നശേഷിക്കാര്‍ക്കുള്ള സംവരണം, ജീവിത ശൈലീരോഗങ്ങള്‍ക്കുള്ള സൗജന്യ ചികിത്സ തുടങ്ങി ഒട്ടനവധി വികസനക്ഷേമപദ്ധതികള്‍ ഉള്‍പ്പെടുന്ന ബജറ്റ് എല്ലാ അര്‍ത്ഥത്തിലും സ്വാഗതാര്‍ഹമാണെന്നും വിഎസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here