ജയലളിതയുടെ മരണം; ശശികലക്കെതിരെ ആരോപണങ്ങളുമായി പനീര്‍ശെല്‍വം; ‘അമ്മയെ വിദേശത്തേക്ക് കൊണ്ടുപോകുന്നത് ശശികലയും സംഘവും വിലക്കി’

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഒ.പനീര്‍ശെല്‍വം. മരണവുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം മാറണമെന്നും സത്യങ്ങള്‍ പുറത്തുവരണമെന്നും പനീര്‍ശെല്‍വം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കില്‍ അടുത്ത ബുധനാഴ്ച വൈകുന്നേരം അഞ്ചു മുതല്‍ നിരാഹാര സത്യാഗ്രഹമിരിക്കുമെന്നും അദേഹം പറഞ്ഞു.

ജയലളിതയ്ക്ക് നല്‍കിയ ചികിത്സയിലും പനീര്‍ശെല്‍വം സംശയം പ്രകടിപ്പിച്ചു. ജയലളിത അപ്പോളോ ആശുപത്രിയില്‍ കഴിയുന്ന സമയത്ത് വിദഗ്ധ ചികില്‍സക്കായി വിദേശത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ തടയപ്പെട്ടുവെന്ന് പനീര്‍ശെല്‍വം പറഞ്ഞു. താനടക്കം മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍മാര്‍ സമ്മതം മൂളിയിട്ടും ജയലളിതയെ വിദേശത്തേക്ക് കൊണ്ടുപോകുന്നതില്‍ നിന്ന് ശശികലയും സംഘവും വിലക്കിയെന്നാണ് ആരോപണം.

ദീര്‍ഘനാള്‍ രോഗം ബാധിച്ച് ജീവിച്ച വ്യക്തിയല്ല ജയലളിത. പെട്ടെന്നുണ്ടായ മരണമാണിതെന്നും അതിലെ എല്ലാ സത്യവും പുറത്തുവരണമെന്നും പനീര്‍ശെല്‍വം ആവശ്യപ്പെട്ടു. അമ്മയ്ക്ക് നല്‍കിയ ചികിത്സയെ കുറിച്ച് ഡോക്ടര്‍മാരില്‍ ചിലര്‍ പറഞ്ഞതോടെയാണ് ശശികലക്കും മന്നാര്‍ഗുഡി സംഘത്തിനുമെതിരെ പരസ്യമായി രംഗത്തുവരാന്‍ തീരുമാനിച്ചതെന്നും പനീര്‍ശെല്‍വം പറഞ്ഞു.

ജയലളിതയെ ആദ്യം ആശുപത്രിയിലാക്കുന്നത് ആരോ തളളിയിട്ടതിനെ തുടര്‍ന്നാണെന്ന് എഐഎഡിഎംകെ നേതാവും മുന്‍ സ്പീക്കറുമായ പി.എച്ച് പാണ്ഡ്യന്‍ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. അതിന് ശേഷം ജയലളിതയ്ക്ക് എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും അറിയില്ലെന്നും പാണ്ഡ്യന്‍ പറഞ്ഞിരുന്നു.

ജയലളിതയെ പ്രവേശിപ്പിച്ച ശേഷം അപ്പോളോ ആശുപത്രിയിലെ 27 സിസിടിവി ക്യാമറകള്‍ നീക്കം ചെയ്തതായും പാണ്ഡ്യന്‍ ആരോപിച്ചു. എന്തിനാണ് ഇത്രയധികം ക്യാമറകള്‍ നീക്കം ചെയ്തതെന്ന് ആശുപത്രി അധികൃതര്‍ പറയണമെന്നും പാണ്ഡ്യന്‍ ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News