16കാരിയെ വൈദികന്‍ പീഡിപ്പിച്ച സംഭവം: ക്രിസ്തുരാജ ആശുപത്രിക്കും കന്യാസ്ത്രിമാര്‍ക്കുമെതിരെ കേസ്; അറസ്റ്റ് നാളെയുണ്ടാകുമെന്ന് സൂചന

കണ്ണൂര്‍: പള്ളിമേടയില്‍ 16കാരിയെ വൈദികന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിക്കും വൈത്തിരിയിലെ അനാഥമന്ദിരത്തിനും രണ്ട് കന്യാസ്ത്രികള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയെ പ്രസവത്തിന് സഹായം ചെയ്ത കൊട്ടിയൂര്‍ സ്വദേശിനിക്കെതിരെയും കേസെടുത്തിട്ടുണ്ട്. പോക്‌സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി പീഡനത്തിനിരയായ വിവരവും പ്രസവവും മറച്ചുവച്ചതിനാണ് കുറ്റം ചാര്‍ത്തിയിരിക്കുന്നത്. ആശുപത്രി അധികൃതരെയും അനാഥാലയ നടത്തിപ്പുകാരെയും നാളെ തന്നെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. വയനാട് ശിശുക്ഷേമ സമിതി വീഴ്ചവരുത്തിയെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞയാഴ്ചയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയും കൊട്ടിയൂര്‍ ഐജെഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജരുമായ റോബിന്‍ വടക്കുംചേരിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി രണ്ടാഴ്ച മുന്‍പ് പ്രസവിച്ചിരുന്നു.

ചൈല്‍ഡ് ലൈന് ലഭിച്ച അജ്ഞാത വിവരത്തിലൂടെയാണ് സംഭവം പുറത്തറിയുന്നത്. ഫോണ്‍ കോളിനെ പിന്തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയും പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

സ്വന്തം പിതാവാണ് തന്നെ പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടി ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വികാരിയുടെ പേര് പെണ്‍കുട്ടി പറഞ്ഞത്. അന്വേഷണം ആരംഭിച്ചെന്ന് അറിഞ്ഞ റോബിന്‍ ഒളിവില്‍ പോയെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു. പോസ്‌കോ നിയമപ്രകാരവും ബലാത്സംഗത്തിനുമാണ് റോബിനെതിരെ കേസെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News