ഉത്തർപ്രദേശിൽ ഇന്നു ആറാംഘട്ട തെരഞ്ഞെടുപ്പ്; മുലായത്തിന്റെ ലോക്‌സഭാ മണ്ഡലം അടക്കം 49 മണ്ഡലങ്ങളിൽ; 635 സ്ഥാനാർത്ഥികൾ ജനവിധി തേടുന്നു

ലഖ്‌നൗ: ഉത്തർപ്രദേശിൽ ഇന്നു നിയമസഭയിലേക്ക് ആറാംഘട്ട തെരഞ്ഞെടുപ്പ് നടക്കും. 49 മണ്ഡലങ്ങളിലായി 635 സ്ഥാനാർത്ഥികളാണ് ഇന്നു ജനവിധി തേടുന്നത്. മുലായം സിംഗിന്റെ ലോക്‌സഭാ മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങൾ അടക്കം 49 മണ്ഡലങ്ങളിലാണ് ഇന്നു വിധിയെഴുത്ത്. ആകെ 1,72,86,237 വോട്ടർമാർ സമ്മതിദാനാവകാശം രേഖപ്പെടുത്തും. ഇതിൽ 94,78,923 പുരുഷന്മാരും 78,06,416 സ്ത്രീകളും, 988 പേർ മൂന്നാം ലിംഗക്കാരുമാണ്. സ്ഥാനാർഥികളിൽ 63 വനിതകളും ഉണ്ട്.

ഏറ്റവും കൂടുതൽ പേർ മത്സരിക്കുന്നത് ഗോരഖ്പൂർ നഗര മണ്ഡലത്തിലാണ്. 23 പേരാണ് ഇവിടത്തെ സ്ഥാനാർത്ഥികൾ. ഏറ്റവും കുറവ് അസംഗഢ്, മുഹമ്മദാബാദ് ഗോന മണ്ഡലങ്ങളിലാണ്. ഏഴ് പേർ വീതമാണ് ഇവിടെ മത്സരിക്കുന്നത്. 17 മണ്ഡലങ്ങളിൽ ഒന്നിൽ കൂടുതൽ വനിതാ സ്ഥാനാർഥികളുമുണ്ട്. ബിഎസ്പി 49 സീറ്റിലും ബിജെപി 45 സീറ്റിലും രാഷ്ട്രീയ ലോക്ദൾ 36 സീറ്റിലും സമാജ്‌വാദി പാർട്ടി 40 സീറ്റിലും കോൺഗ്രസ് 10 സീറ്റിലും സിപിഐ 15 സീറ്റിലും സിപിഐ (എം) 4 സീറ്റിലും എൻസിപി. 14 സീറ്റിലും മത്സരിക്കുന്നു.

174 കക്ഷിരഹിതർ ജനവിധി തേടുന്നുണ്ട്. രജിസ്റ്റർ ചെയ്തതും എന്നാൽ അംഗീകാരമില്ലാത്തതുമായ കക്ഷികളുടെ 248 സ്ഥാനാർഥികളും മത്സരരംഗത്തുണ്ട്. വോട്ടർമാരുടെ എണ്ണത്തിൽ വലിയ മണ്ഡലം മൗവും ചെറുത് സിക്കന്ദർപൂരുമാണ്. 7,926 പോളിംഗ് സ്റ്റേഷനുകളിലായി 22,300 ബാലറ്റ് യൂണിറ്റുകളും 19,719 കൺട്രോൾ യൂണിറ്റുകളും സജ്ജമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here