ടൈറ്റാനിയം കേസിൽ വിജിലൻസിന്റെ കേസ് ഡയറി ഇന്നു പരിഗണിക്കും; അന്വേഷണ പുരോഗതി റിപ്പോർട്ടും കോടതിയുടെ പരിഗണനയ്ക്ക്

തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസിൽ വിജിലൻസിന്റെ കേസ് ഡയറിയും അന്വേഷണ പുരോഗതി റിപ്പോർട്ടും കോടതി ഇന്നു പരിഗണിക്കും. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുക. കേസ് ഡയറിയും അന്വേഷണ പുരോഗതി റിപ്പോർട്ടും വിജിലൻസ് കഴിഞ്ഞമാസം കോടതിയിൽ ഹാജരാക്കിയിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, വി.കെ ഇബ്രാഹിംകുഞ്ഞ് എന്നിവരെ പ്രതിചേർക്കാൻ കോടതി അനുമതി നൽകിയിരുന്നെങ്കിലും ഇതുവരെ ഉദ്യോഗസ്ഥർക്കെതിരെ മാത്രമാണ് വിജിലൻസ് കേസെടുത്തിരിക്കുന്നത്. ടൈറ്റാനിയം കമ്പനിയിൽ മാലിന്യപ്ലാന്റ് സ്ഥാപിക്കുന്നതിലെ അഴിമതിയാണ് കേസിനാധാരം.

കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കൂടുതൽ കുരുക്കിലാക്കി മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെകെ രാമചന്ദ്രൻ മാസ്റ്റർ മൊഴി നൽകിയിരുന്നു. ഉമ്മൻചാണ്ടിയും ഉദ്യോഗസ്ഥരും തമ്മിൽ ഗൂഢാലോചന നടത്തിയതായി മൊഴിയിൽ പറഞ്ഞിരുന്നു. ഉമ്മൻചാണ്ടി അധികാര ദുർവിനിയോഗം നടത്തിയെന്നും കെകെ രാമചന്ദ്രൻ മാസ്റ്റർ ഇ-മെയിൽ സന്ദേശം ആയി നൽകിയ മൊഴിയിലുണ്ടായിരുന്നു.

ടൈറ്റാനിയത്തിന്റെ കാര്യത്തിൽ ഉമ്മൻചാണ്ടി പ്രത്യേക താത്പര്യമെടുത്തു. ന്യൂട്രലൈസേഷൻ പദ്ധതിയാണ് ടൈറ്റാനിയത്തിൽ നടപ്പാക്കേണ്ടിയിരുന്നത്. പദ്ധതിയെ താൻ എതിർത്തു. അതിനാലാണ് മന്ത്രി സ്ഥാനത്തുനിന്ന് രാജിവെയ്‌ക്കേണ്ടി വന്നത്. പാർട്ടി തലത്തിൽ രമേശ് ചെന്നിത്തലയും ഗൂഢാലോചനയിൽ പങ്കാളിയായെന്നും കെ.കെ രാമചന്ദ്രൻ മാസ്റ്ററുടെ മൊഴിയിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here