‘കോർട്ട് മാർഷ്യലിനേക്കാൾ ഭേദം മരിക്കുന്നതാണ്’; സൈന്യത്തിലെ തൊഴിൽപീഡനം വെളിപ്പെടുത്തിയ സൈനികന്റെ ഡയറിയിലെ അവസാന വാക്കുകൾ

ദില്ലി: സൈന്യത്തിലെ തൊഴിൽപീഡനം വെളിപ്പെടുത്തിയ ശേഷം ഏറെ നാൾ കാണാതാകുകയും ഒടുവിൽ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത മലയാളി സൈനികന്റെ ഡയറി കണ്ടെടുത്തു. ഡയറിയിൽ അവസാനമായി ഇങ്ങനെ കുറിച്ചിരുന്നു. ‘കോർട്ട് മാർഷ്യലിനു വിധേയനാകുന്നതിനേക്കാൾ ഭേദം മരണമാണ്.’ ഭാര്യയോടും മറ്റു കുടുംബാംഗങ്ങളോടും മാപ്പപേക്ഷിക്കുകയും ചെയ്തിട്ടുണ്ട് ഡയറിയിലെ കുറിപ്പിൽ. സൈനികന്റെ ആത്മഹത്യാകുറിപ്പാണ് ഇതെന്നാണ് പൊലീസ് കരുതുന്നത്. കഴിഞ്ഞ ദിവസമാണ് കൊല്ലം സ്വദേശി റോയ് മാത്യുവിനെ നാസിക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കരസേനയിൽ തൊഴിൽ പീഡനം നടക്കുന്നതായി ആരോപിച്ച റോയ് മാത്യുവിനെ ഏതാനും നാളുകളായി കാണാനില്ലായിരുന്നു.

റോയ് മാത്യുവിന്റെ മരണവുമായി ബന്ധപ്പെട്ട് നാസിക്കിലെ അദ്ദേഹത്തിന്റെ യൂണിറ്റിലുണ്ടായിരുന്ന മറ്റു സൈനികരെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഒളികാമറ ഓപ്പറേഷനിലൂടെ റോയ് മാത്യുവിന്റെ വാക്കുകൾ വെളിച്ചത്ത് കൊണ്ടുവന്ന മാധ്യമപ്രവർത്തകനെയും പൊലീസ് ചോദ്യം ചെയ്‌തേക്കും. റോയിയുടെ ഭാര്യ ഫിനിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. അവസാനമായി റോയ് ഫോൺ ചെയ്തപ്പോൾ എന്താണ് പറഞ്ഞതെന്നാണ് ഫിനിയിൽ നിന്നു വിവരം തേടുക. അവസാനമായി ഭാര്യ ഫിനിയെ വിളിച്ച റോയ് കരയുകയായിരുന്നെന്നു റിപ്പോർട്ടുണ്ട്.

ഇതോടൊപ്പം ക്ഷമ ചോദിച്ച് കേണലിന് ഒരു സന്ദേശവും റോയ് അയച്ചിരുന്നു. റോയിയുടെ ശരീരത്തിൽ പുറമേ മുറിവുകൾ ഒന്നും ഇല്ലെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, മരണത്തിൽ അസ്വാഭാവികതയുണ്ടെന്നു ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. ആത്മഹത്യ സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒപ്പം, നിലവിലെ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ മറ്റു കേസ് എടുക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടുന്നുമുണ്ട്.

കരസേനയിൽ തൊഴിൽ പീഡനമുണ്ടെന്ന് ആരോപിച്ച റോയ് മാത്യുവിനെ കഴിഞ്ഞ ദിവസമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നാസിക്കിന് സമീപത്തെ ഒരു തീർത്ഥാടന കേന്ദ്രത്തിൽ നിന്നാണ് റോയ് മാത്യുവിന്റെ മൃതദേഹം കണ്ടെത്തിയത്. മേലുദ്യോഗസ്ഥർ സൈനികരെ പീഡിപ്പിക്കുന്നെന്ന ആരോപണം ഉന്നയിച്ചതിന് പിന്നാലെ റോയ് മാത്യുവിനെ കാണാതായിരുന്നു. ഉദ്യോഗസ്ഥർ സൈനികരെ പീഡിപ്പിക്കുന്നെന്ന വാർത്തകൾ പ്രദേശിക ചാനൽ വഴിയാണ് പുറത്തുവന്നത്. ആ റിപ്പോർട്ടിൽ റോയ് മാത്യുവും സംസാരിക്കുന്ന ദൃശ്യങ്ങളുണ്ടായിരുന്നു.

വീടുപണിക്ക് മുതൽ ഷൂ പോളിഷ് ചെയ്യാൻ വരെ ഉയർന്ന ഉദ്ദ്യോഗസ്ഥർ സൈനികരെയാണ് ഉപയോഗിക്കുന്നതെന്ന് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇതിന് ശേഷം സൈനികർക്ക് നേരെ ഉദ്യോഗസ്ഥർ പ്രതികാരനടപടികൾ സ്വീകരിക്കുകയായിരുന്നെന്നാണ് ആരോപണം. റോയിയുടെ വിവരങ്ങളൊന്നും ലഭിക്കാതെയായതോടെ ബന്ധുക്കൾ സൈനിക ഉദ്യോഗസ്ഥരിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് റോയ് മാത്യുവിനെ മേലുദ്യോഗസ്ഥർ തടവിലാക്കിയെന്നാരോപിച്ച് ബന്ധുക്കൾ മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here