ദില്ലി: ഫാദർ ടോം ഉഴുന്നാലിലിനെ ഐഎസ് ഭീകരർ തട്ടിക്കൊണ്ടു പോയിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു. തെക്കൻ യെമനിൽ നിന്നു തട്ടിക്കൊണ്ടു പോയി ഒരുവർഷം കഴിഞ്ഞിട്ടും ഫാദറിനെ മോചിപ്പിക്കാനുള്ള നടപടികൾ ഒന്നും സർക്കാർ ഫലപ്രാപ്തിയിൽ എത്തിച്ചില്ല. മോചനത്തിനു കാര്യമായ ഇടപെടൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും ഉണ്ടായിട്ടില്ല. ഇടയ്ക്ക് മോചനത്തിനായി ഇടപെടുമെന്ന സ്ഥിരം പല്ലവി മാത്രമല്ലാതെ മറ്റൊരു ഇടപെടലും നടത്തിയിട്ടില്ല. ഏദനിലുള്ള വൃദ്ധപുനരധിവാസ കേന്ദ്രത്തിലെ കന്യാസ്ത്രീകൾ ഉൾപ്പെടെ 16 പേരെ കൊലപ്പെടുത്തിയ ശേഷമായിരുന്നു ഫാ.ടോമിനെ ഭീകരർ തട്ടിക്കൊണ്ടുപോയത്.
ഫാദറിനെ മോചിപ്പിക്കാൻ സാധ്യമായ എല്ലാം ചെയ്യുമെന്നു അധികൃതർ ആവർത്തിച്ചു വ്യക്തമാക്കുന്നുണ്ട്. പക്ഷേ, ഏതുവഴിയിലൂടെ ഫാദറിന്റെ മോചനത്തിനായി ഏതു വഴിയിലൂടെ ഇടപെടണം എന്ന കാര്യത്തിൽ സർക്കാരിനു ഇപ്പോഴും ഒരു വ്യക്തതയുമില്ല. ഏതു ഭീകരസംഘടനയാണ് തട്ടിക്കൊണ്ടു പോയതെന്നു പോലും സർക്കാരിനു ഒരു ധാരണയുമില്ല. ക്രൈസ്തവ സഭാ നേതാക്കൾ പ്രധാനമന്ത്രി അടക്കമുള്ളവരെ കണ്ട് നിവേദനം നൽകിയിരുന്നു. ഭാരത കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവായും കേരളത്തിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങളുമാണ് മോദിയെ കണ്ടത്.
തന്നെ രക്ഷിക്കണമെന്നു ഫാദർ കരഞ്ഞ് ആവശ്യപ്പെടുന്ന വീഡിയോ ദൃശ്യങ്ങൾ രണ്ടു തവണ ഫാദർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. താൻ ക്രിസ്ത്യാനി ആയതു കൊണ്ടാണ് തന്റെ മോചനം വൈകുന്നതെന്നു പോലും ഒരവസരത്തിൽ ഫാദർ ആരോപിച്ചിരുന്നു. യെമനിൽ ഇന്ത്യൻ എംബസി ഇല്ലാത്തതും സുസ്ഥിരമായ സർക്കാർ അവിടെ ഇല്ലാത്തതുമാണു നടപടികൾ വൈകിപ്പിക്കുന്നത്. ഫാ.ടോമിന്റെ മോചനത്തിനായി ഇന്നു ജന്മനാടായ രാമപുരത്തു പ്രാർഥനയും ജപമാല റാലിയും സംഘടിപ്പിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിലും ഫാ.ടോമിനായി ജാഗരണ പ്രാർഥനകൾ നടക്കും.
Get real time update about this post categories directly on your device, subscribe now.