കൊട്ടിയൂരിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ പ്രായം 18 എന്നു തിരുത്തി; വയനാട് ചൈൽഡ് വെൽഫെയർ കമ്മിറ്റിയും പ്രതിക്കൂട്ടിൽ; കേസിൽ വൈദികനെ കൂടാതെ അഞ്ചു കന്യാസ്ത്രീകളും പ്രതികൾ

കണ്ണൂർ: കൊട്ടിയൂരിൽ വൈദികന്റെ പീഡനത്തിനിരയായി പതിനാറുകാരി പ്രസവിച്ച സംഭവത്തിൽ വയനാട് ശിശുക്ഷേമ സമിതിയും കുടുങ്ങുന്നു. പെൺകുട്ടിയെ ശിശുക്ഷേമ സമിതി ഏറ്റെടുത്തത് ചട്ടങ്ങൾ ലംഘിച്ചാണെന്നു കണ്ടെത്തി. ഇക്കാര്യത്തിൽ ശിശുക്ഷേമ സമിതി വൻ വീഴ്ച വരുത്തിയതായി പൊലീസ് കണ്ടെത്തി. പെൺകുട്ടിയുടെ പ്രായം തിരുത്തിയെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. പ്രായം 16 എന്നതിനു പകരം, 18 എന്നു തിരുത്തിയാണ് പെൺകുട്ടിയെ ഏറ്റെടുത്തപ്പോൾ രജിസ്റ്ററിൽ ചേർത്തതെന്നു പറയപ്പെടുന്നു. ഇതു ബാലാവകാശ നിയമത്തിന്റെ ലംഘനമാണെന്നും പൊലീസ് പറയുന്നു. ഇക്കാര്യത്തിൽ വ്യാജരേഖ ചമച്ച് പ്രായം തിരുത്തിയതിനു ശിശുക്ഷേമ സമിതിക്കെതിരെയും കേസെടുത്തേക്കും.

ആകെ 12 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. വൈദികനും അഞ്ചു കന്യാസ്ത്രീകളും ആശുപത്രിയിലെ ഡോക്ടർമാരും അടക്കമാണ് 12 പേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേസിൽ ഫാദർ റോബിൻ വടക്കുഞ്ചേരിയാണ് ഒന്നാം പ്രതി. അഞ്ചു കന്യാസ്ത്രീകളും പ്രതികളാണ്. മുഴുവൻ പ്രതികൾക്കു നേരെയും പോക്‌സോ നിയമപ്രകാരമാണ് കുറ്റം ചുമത്തിയിട്ടുള്ളത്. ആശുപത്രിയിലെ സിസ്റ്റർമാരും ഡോക്ടർമാരായ കന്യാസ്ത്രീകളുമാണ് പ്രതികൾ. കുഞ്ഞിനെ താമസിപ്പിച്ച വൈത്തിരിയിലെ ദത്തെടുക്കൽ കേന്ദ്രത്തിലെ സിസ്റ്ററും പ്രതിപ്പട്ടികയിലുണ്ട്.

അതിനിടെ, പ്ലസ് വൺ വിദ്യാർത്ഥിനിയായ പെൺകുട്ടിയോടും കുടുംബത്തോടും മാപ്പു പറഞ്ഞ് രൂപത. മാനന്തവാടി രൂപത പുറത്തിറക്കിയ പുതിയ കത്തിലാണ് രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം പെൺകുട്ടിയോടും രക്ഷിതാക്കളോടും മാപ്പപേക്ഷിച്ചത്. വൈദികൻ തന്നെ പീഡിപ്പിച്ചു എന്നത് അംഗീകരിക്കാനാകാത്ത കാര്യമാണെന്നു അദ്ദേഹം പറയുന്നു. കൊട്ടിയൂർ പള്ളി വികാരിയായിരുന്ന ഫാദർ റോബിൻ വടക്കുഞ്ചേരിക്കു പകരം അവിടെ പുതിയ വികാരിയെ നിയമിച്ചു കൊണ്ടുള്ള കത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. ഒരിക്കലും നികത്താൻപറ്റാത്ത നഷ്ടത്തിലും വിശ്വാസജീവിതത്തിൽ അടിയുറച്ച് നിൽക്കുന്ന നിങ്ങളെ ഞാൻ അഭിനന്ദിക്കുന്നു. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും. കഠിനമായ ഈ പ്രതിസന്ധി അതിജീവിക്കാൻ നിങ്ങൾക്ക് ശക്തി ലഭിക്കട്ടെ എന്നും അദ്ദേഹം കത്തിൽ പറയുന്നു.

കൊട്ടിയൂരിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായി ഗർഭിണിയായി പ്രസവിച്ചത്. കൊട്ടിയൂർ നീണ്ടുനോക്കി പള്ളി വികാരി ഫാദർ റോബിൻ വടക്കുഞ്ചേരിയാണ് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. ഇയാൾ കുറ്റം സമ്മതിച്ചിരുന്നു. ഇദ്ദേഹത്തെ രണ്ടാഴ്ചത്തേക്ക് തലശേരി സെഷൻസ് കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. ചൈൽഡ് ലൈന് ലഭിച്ച അജ്ഞാത വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇന്നലെ ഫാദർ റോബിൻ വടക്കുഞ്ചേരിയെ പിടികൂടിയത്. പീഡിപ്പിക്കപ്പെട്ട പെൺകുട്ടി രണ്ടാഴ്ച മുൻപ് പ്രസവിച്ചിരുന്നു.

ചൈൽഡ് ലൈന് ലഭിച്ച അജ്ഞാത വിവരത്തിലൂടെയാണ് സംഭവം പുറത്തറിയുന്നത്. ഫോൺ കോളിനെ പിന്തുടർന്ന് ചൈൽഡ് ലൈൻ നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ കണ്ടെത്തുകയും പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

സ്വന്തം പിതാവാണ് തന്നെ പീഡിപ്പിച്ചതെന്നാണ് പെൺകുട്ടി ആദ്യം മൊഴി നൽകിയത്. എന്നാൽ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വികാരിയുടെ പേര് പെൺകുട്ടി പറഞ്ഞത്. അന്വേഷണം ആരംഭിച്ചെന്ന് അറിഞ്ഞ റോബിൻ ഒളിവിൽ പോയെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു. പോസ്‌കോ നിയമപ്രകാരവും ബലാത്സംഗത്തിനുമാണ് റോബിനെതിരെ കേസെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News