പിണറായിക്കെതിരായ കൊലവിളി; ആർഎസ്എസ് നേതാവിനെതിരെ കേരള പൊലീസ് കേസെടുക്കണമെന്നു കോടിയേരി; ഇതിനു നിയമതടസ്സമില്ലെന്നും കോടിയേരി

തിരുവനന്തപുരം: പിണറായി വിജയനെതിരെ കൊലവിളി മുഴക്കിയ ആർഎസ്എസ് നേതാവിനെതിരെ കേരള പൊലീസ് തന്നെ കേസ് എടുക്കണമെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇക്കാര്യത്തിൽ മധ്യപ്രദേശ് പൊലീസ് കേസെടുക്കാൻ തയ്യാറായില്ലെങ്കിൽ കേരള പൊലീസ് സ്വയം കേസ് രജിസ്റ്റർ ചെയ്യാം. ഇതിനു നിയമതടസ്സമില്ലെന്നും കോടിയേരി വ്യക്തമാക്കി. കലാപത്തിനു ആഹ്വാനം ചെയ്യുകയാണ് ആർഎസ്എസ് നേതാവ് കുന്ദൻ ചന്ദ്രാവത് ചെയ്തത്. ഇയാൾക്കെതിരെ ഭീകരവിരുദ്ധ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുന്നതിനു നിയമതടസ്സമില്ലെന്നും കോടിയേരി പറഞ്ഞു. രാജ്യം ഭരിക്കുന്ന കക്ഷിയുടെ നേതാക്കളാണ് കൊലവിളി നടത്തുന്നതെന്നും കോടിയേരി കൂട്ടിച്ചേർത്തു.

അതേസമയം, പിണറായി വിജയനെതിരെ കൊലവിളി നടത്തിയ കുന്ദൻ ചന്ദ്രാവതിനെ ആർഎസ്എസ് ഇന്നലെ ചുമതകളിൽ നിന്നും നീക്കിയിരുന്നു. വിവാദ പരാമർശത്തിന്റെ പേരിലാണ് പുറത്താക്കലെന്ന് ആർഎസ്എസ് അറിയിച്ചു. അതേസമയം, കുന്ദനെതിരെ യുഎപിഎ പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ഷംസുദ്ദീൻ മലപ്പുറം കോടതിയിൽ ഹർജി സമർപിച്ചു. ഹർജി ഈ മാസം ഏഴിന് പരിഗണിക്കും.

കൊലവിളി പ്രസ്താവന പിൻവലിച്ച് കുന്ദൻ നേരത്തെ ഖേദം പ്രകടിപ്പിച്ചിരുന്നു. വധിക്കണമെന്ന് ആഹ്വാനം ചെയ്തതിൽ ഖേദമുണ്ടെന്നും അതിൽ പശ്ചാത്തപിക്കുന്നെന്നും കുന്ദൻ പറഞ്ഞു. ആർഎസ്എസ് പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണങ്ങളുടെ പുറത്തുണ്ടായ വൈകാരിക പ്രതികരണമായിരുന്നു കഴിഞ്ഞ ദിവസം നടത്തിയതെന്നും കുന്ദൻ പറഞ്ഞു. ഇതിന് പിന്നാലെയാണ് കുന്ദനെ പുറത്താക്കിയെന്ന് ആർഎസ്എസ് നേതൃത്വം അറിയിച്ചത്.

പിണറായി വിജയന്റെ തലയെടുക്കുന്നവനു ഒരു കോടി രൂപ പാരിതോഷികം നൽകുമെന്നായിരുന്നു കുന്ദന്റെ പ്രഖ്യാപനം. ആർഎസ്എസിന്റെ മുതിർന്ന നേതാക്കളും എംപിയും എംഎൽഎയും പങ്കെടുത്ത ചടങ്ങിലായിരുന്നു കൊലവിളി പ്രഖ്യാപനം. ഗോധ്രയിൽ പക വീട്ടിയതുപോലെ കേരളത്തിലെ കൊലപാതകങ്ങൾക്കും പകരം വീട്ടുമെന്നും കുന്ദൻ പ്രസംഗത്തിൽ പറഞ്ഞിരുന്നു. ‘ഗോധ്ര മറന്നുപോയോ. 56 പേരെയാണ് അവർ കൊന്നത്. ഇതേ ഹിന്ദുസമൂഹം രണ്ടായിരം പേരെ കബറിസ്ഥാനിലെത്തിച്ചു മണ്ണിട്ടുമൂടി. 300 പ്രചാരകന്മാരെയാണ് നിങ്ങൾ കൊന്നിരിക്കുന്നത്. ഇടതന്മാരേ കേട്ടോളൂ. മൂന്നുലക്ഷം തലകൾ ഭാരതമാതാവിനെ അണിയിക്കും.’

കൊലവിളി നടത്തിയ യോഗത്തിനുശേഷം മാധ്യമങ്ങൾക്കു മുമ്പിലും ചന്ദ്രാവത് തന്റെ പ്രഖ്യാപനം ആവർത്തിച്ചിരുന്നു. ‘ഞാൻ എന്റെ വാക്കുകളിൽ ഉറച്ചുനിൽക്കുന്നു. ഭാരത പുത്രനായതുകൊണ്ടാണ് ഞാനിതു പറഞ്ഞത്. എന്തു സംഭവിച്ചാലും ഭാരതപുത്രനെന്ന നിലയിൽ നേരിടാൻ തയ്യാറാണ്.’ പ്രസംഗം വിവാദമായതോടെ വ്യാഴാഴ്ച വൈകിട്ടോടെ ചന്ദ്രാവത്ത് പരാമർശം പിൻവലിച്ചു പ്രസ്താവനയിറക്കിയിരുന്നു. എന്നാൽ ഖേദപ്രകടനം നടത്തിയിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News