തിരുവനന്തപുരം: എളിമ ആയിരുന്നു സിദ്ധാർത്ഥ മേനോന്റെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേകത. 16 കൊല്ലം കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ കാർഷിക പംക്തി ഭൂമിഗീതം മിനിസ്‌ക്രീനിലെത്തിച്ചതിനെ കുറിച്ച് കഴിഞ്ഞ മാസം കതിർ അവാർഡ് വേദിയിൽ അദ്ദേഹം പറഞ്ഞ വാക്കുകൾ അതിനു തെളിവാണ്. ഭൂമിഗീതം സ്വന്തം പരിപാടിയായല്ല, കൈരളിയുടെ മുദ്രയുള്ള പരിപാടിയായാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
16 വർഷമായി ഭൂമിഗീതം അവതാരകനായിരുന്നു പി.എ സിദ്ധാർത്ഥ മേനോൻ.
കൈരളിയുടെ സ്ഥാപക എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്നപ്പോഴാണ് കൈരളിയിൽ ഭൂമിഗീതം പരിപാടി ആരംഭിക്കുന്നത്. ഭൂമിഗീതത്തിന്റെ ഉത്ഭവത്തെ കുറിച്ച് അദ്ദേഹം കതിർ അവാർഡ് വേദിയിൽ പറഞ്ഞ കാര്യം ഇങ്ങനെ. ‘സാധാരണ ടിവി പരിപാടികൾ ഒക്കെ പ്രൊഡ്യൂസേഴ്‌സ് മനസ്സിൽ രൂപം നൽകി പ്രോഗ്രാം ഹെഡ് മുതൽ ചെയർമാൻ വരെ കണ്ട് അംഗീകാരം നൽകിയ ശേഷമേ ഓൺ എയർ ആകുകയുള്ളു. എന്നാൽ, ഭൂമിഗീതം തുടങ്ങിയതു തന്നെ ചെയർമാന്റെ നിർദേശം അനുസരിച്ചായിരുന്നു. മമ്മൂട്ടി നൽകിയ നിർദേശം വച്ച് 16 വർഷം മുമ്പ് തുടങ്ങിയതാണ് ഭൂമിഗീതം.
ഇവിടെ ഈ കതിർ അവാർഡ് കൊടുക്കുകയാണെങ്കിൽ അതു മമ്മൂട്ടിക്കു തന്നെയാണ് കൊടുക്കേണ്ടത്. അദ്ദേഹം ഇല്ലായിരുന്നെങ്കിൽ ഇങ്ങനെ ഒരു പരിപാടി തന്നെ ഉണ്ടാകുമായിരുന്നില്ല. അന്നു ഡയറക്ടർബോർഡിനു സംശയമുണ്ടായിരുന്നു. ഇത്തരത്തിലൊരു പരിപാടിക്കു പ്രേക്ഷകരെ കിട്ടുമോ എന്ന്. എന്നാൽ, മമ്മൂട്ടിയാണ് സംശയം ലേശം ഇല്ലാതെ പറഞ്ഞത് ഇന്ത്യയിൽ 90 ശതമാനം ആളുകൾ കർഷകരാണ്. അതിൽ ഒരു ചെറിയ ശതമാനം ആളുകൾ നമ്മുടെ പരിപാടി കണ്ടാൽ മതി. നമുക്ക് പ്രേക്ഷകരുണ്ടാകും എന്ന്. ആ ഉറപ്പിലാണ് ഭൂമിഗീതം തുടങ്ങിയത്. ഇന്നു ജനപ്രിയമായ ഈ പരിപാടി എല്ലാവരും അനുകരിച്ചു. മറ്റു ചാനലുകളും പരിപാടി ചെയ്തു തുടങ്ങി’.-അദ്ദേഹം പറയുന്നു.
വീഡിയോ

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here