‘ഞങ്ങൾക്കു നഷ്ടപ്പെട്ടത് ഞങ്ങളെ വല്ലാതെ സ്‌നേഹിച്ച ഒരു വലിയേട്ടനെയാണ്’; സിദ്ധാർത്ഥ മേനോനെ അനുസ്മരിച്ച് ഹണി തത്തപ്പിള്ളി

സിദ്ധാർത്ഥ മേനോൻ സാർ കേവലം ഒരു ഡയറക്ടർ ബോർഡ് അംഗമായിരുന്നില്ല കൈരളി കുടുംബാംഗങ്ങൾക്ക്. നാടിനു അദ്ദേഹം സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്നു. എന്നാൽ, ഞങ്ങൾക്ക്, കൈരളിയിലെ ജീവനക്കാർക്ക് എന്നും മാന്യതയുടെ നിറദീപമായിരുന്നു. സഹപ്രവർത്തകരോടുള്ള അകമഴിഞ്ഞ പ്രോത്സാഹനം, പിന്തുണ, സൗഹാർദപരമായ നേതൃത്വം, അദ്ദേഹത്തിൽ നിന്ന് ലഭിച്ചിരുന്ന പോസിറ്റീവ് എനർജി ഇതെല്ലാം ഞങ്ങൾക്ക് ഇനി നഷ്ടമാകും.

ഒരു ആലപ്പുഴക്കാരന്റെ നാട്ടുനൻമയും ലാളിത്യവും അദ്ദേഹത്തിൽ നിന്ന് അടുത്തറിഞ്ഞ് അനുഭവിക്കാൻ ഞങ്ങൾക്കെല്ലാം സാധിച്ചിട്ടുണ്ട്. നിറഞ്ഞ സ്‌നേഹം അദ്ദേഹത്തിന്റെ സവിശേഷതയാണ്. കൃഷി, ജൈവകൃഷി എന്നിവയുടെ വക്താവായ അദ്ദേഹത്തിന്റെ സ്വപ്‌നം വിഷരഹിതമായ നല്ലഭക്ഷണം സമൂഹത്തിനു എന്നതായിരുന്നു എന്ന് എല്ലാവർക്കും അറിയാം. എന്നാൽ, ഭക്ഷണം അതിനുമപ്പുറം അദ്ദേഹത്തിന് മനുഷ്യസ്‌നേഹം തന്നെയായിരുന്നു.

ഭക്ഷണത്തിൽ കൂടിയാണ് ഒരാളുടെ മനസ്സ് കീഴടക്കുക എന്ന സാറിന്റെ നയം ഏതൊരു സഹപ്രവർത്തകനും അറിയാവുന്നതാണ്. ഭൂമിഗീതം ഷൂട്ടിനായി കാടും മേടും താണ്ടിയുള്ള യാത്രകൾക്കിടയിൽ കൂടെയുള്ള ഞങ്ങൾ, ക്ര്യൂ അംഗങ്ങൾ സന്തോഷത്തോടെ ഭക്ഷണം കഴിച്ചിരിക്കണം എന്നത് സാറിന്റെ നിർബന്ധമായിരുന്നു. അദ്ദേഹം കൂടെയുള്ളപ്പോൾ സ്വന്തം കയ്യിൽ നിന്ന് പണം മുടക്കി ഞങ്ങൾ ഭക്ഷണം കഴിക്കാൻ അദ്ദേഹം അനുവദിച്ചിരുന്നില്ല. എല്ലാവർക്കും സ്വന്തം കീശയിൽ നിന്നു പണം ചെലവാക്കി ഭക്ഷണം വാങ്ങിക്കൊടുക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സന്തോഷം. ആരും വിശന്നിരുന്ന് ജോലി ചെയ്യാൻ അദ്ദേഹം സമ്മതിച്ചിരുന്നില്ല.

അവസാനകാലത്ത് ദീർഘദൂര യാത്രകൾ ഒഴിവാക്കണം, വിശ്രമം വേണം എന്നൊക്കെ ഡോക്ടർ അദ്ദേഹത്തോട് പറഞ്ഞിരുന്നു. ഇതനുസരിച്ച് ദൂരയാത്രകൾ ഒഴിവാക്കി, അടുത്തുള്ള കൃഷിയിടങ്ങൾ ചിത്രീകരിച്ച് ഭൂമിഗീതം മുന്നോട്ടു പോകുകയായിരുന്നു. എന്നിട്ടും മലയാളികളെ പരിചയപ്പെടുത്തേണ്ട മികച്ചൊരു കൃഷിരീതിയുമായി വയനാട്ടിൽ ഒരു കർഷകൻ ഉണ്ടെന്നറിഞ്ഞപ്പോൾ അദ്ദേഹം അതു ചിത്രീകരിക്കാൻ തീരുമാനിച്ചു. തന്റെ ശാരീരിക വിഷമതകളെ മാറ്റിനിർത്തി ഭൂമിഗീതം പരിപാടിക്കായി വയനാട് ചുരം കയറാൻ അദ്ദേഹം തീരുമാനിച്ചു. അതായിരുന്നു സിദ്ധാർത്ഥ മേനോൻ സാർ.

വൈദ്യുതി ബോർഡിന്റെ ചെയർമാനായിരുന്ന ഒരാളാണ് വിശ്രമിക്കേണ്ട കാലത്ത് ഇങ്ങനെ അലഞ്ഞത്. കൈരളിക്കു നഷ്ടപ്പെട്ടത് നല്ല ഒരു നേതാവിനെയാണ്. ആത്മാർത്ഥതയും കാഴ്ചത്തെളിമയുമുള്ള ഒരു പംക്തീകാരനെയാണ്. ഞങ്ങൾക്കു നഷ്ടപ്പെട്ടത് ഞങ്ങളെ വല്ലാതെ സ്‌നേഹിച്ച ഒരു വലിയേട്ടനെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here