സൈനികന്‍ റോയ് മാത്യുവിന്റെ മൃതദേഹത്തോട് അനാദരവ്; ട്രോളിയില്‍ അനാഥമായി കിടത്തിയത് 25 മിനിറ്റ്; മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തി

തിരുവനന്തപുരം: നാസിക്കിലെ സൈനിക ക്യാമ്പില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സൈനികന്‍ റോയ് മാത്യുവിന്റെ മൃതദേഹത്തോട് അനാദരവ്. തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം ഒരു മണിക്കൂറോളം ട്രോളിയില്‍ അനാഥമായി കിടത്തി. മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന ബന്ധുക്കളുടെ ആവശ്യം തര്‍ക്കങ്ങള്‍ക്കൊടുവിലാണ് സൈനികര്‍ അംഗീകരിച്ചത്.

ഒന്‍പത് മണിയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ മൃതദേഹം കൊണ്ടുവന്നത്. തുടര്‍ന്ന് പുറത്തെത്തിച്ച മൃതദേഹം പുറത്ത് ട്രോളിയില്‍ കിടത്തി. 25 മിനിറ്റ് കഴിഞ്ഞാണ് പാങ്ങോട് മിലിട്ടറി ക്യാമ്പിലെ ഉദ്യോഗസ്ഥര്‍ ദേശീയ പാതക പുതപ്പിച്ചത്. എന്നാല്‍, വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്താനായി ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഉത്തരവൊന്നും തങ്ങള്‍ക്ക് കിട്ടിയിട്ടില്ലെന്ന് നാസിക്കില്‍ നിന്ന് മൃതദേഹത്തെ അനുഗമിച്ച സൈനികര്‍ പറഞ്ഞത് ബന്ധുക്കളുടെ വലിയ പ്രതിഷേധത്തിന് ഇടയാക്കി.

തുടര്‍ന്ന് ജില്ലാ കലക്ടര്‍ ഉള്‍പ്പെടെ നാസിക്കിലെ ക്യാമ്പില്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് വീണ്ടും പോസ്റ്റുമോര്‍ട്ടത്തിന് അനുമതി കിട്ടിയത്. റീ പോസ്റ്റുമോര്‍ട്ടം നടത്തിയില്ലെങ്കില്‍ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചിരുന്നു.

റോയിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. മേലുദ്യോഗസ്ഥര്‍ സൈനികരെ പീഡിപ്പിക്കുന്നെന്ന ആരോപണം ഉന്നയിച്ചതിന് പിന്നാലെ റോയ് മാത്യുവിനെക്കുറിച്ച് ബന്ധുക്കള്‍ക്ക് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. സൈനികരെ പീഡിപ്പിക്കുന്നെന്ന വാര്‍ത്തകള്‍ പ്രദേശിക ചാനല്‍ വഴിയാണ് പുറത്തുവന്നത്. ആ റിപ്പോര്‍ട്ടില്‍ റോയ് മാത്യുവും സംസാരിക്കുന്ന ദൃശ്യങ്ങളുണ്ടായിരുന്നു. വീടുപണിക്ക് മുതല്‍ ഷൂ പോളിഷ് ചെയ്യാന്‍ വരെ ഉയര്‍ന്ന ഉദ്ദ്യോഗസ്ഥര്‍ സൈനികരെയാണ് ഉപയോഗിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതിന് ശേഷം സൈനികര്‍ക്ക് നേരെ ഉദ്യോഗസ്ഥര്‍ പ്രതികാരനടപടികള്‍ സ്വീകരിക്കുകയായിരുന്നെന്നാണ് ആരോപണം.

റോയിയുടെ വിവരങ്ങളൊന്നും ലഭിക്കാതെയായതോടെ ബന്ധുക്കള്‍ സൈനിക ഉദ്യോഗസ്ഥരിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് റോയ് മാത്യുവിനെ മേലുദ്യോഗസ്ഥര്‍ തടവിലാക്കിയെന്നാരോപിച്ച് ബന്ധുക്കള്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് റോയി മരിച്ചെന്ന വിവരം ബന്ധുക്കള്‍ക്ക് ലഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News