കൊച്ചി: കൊട്ടിയൂരില്‍ 16കാരിയായ വിദ്യാര്‍ഥിനിയെ വൈദികന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവം ഗൗരവമുള്ളതാണെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കുറ്റവാളികളെ സഭ ഒരിക്കലും സംരക്ഷിക്കുകയില്ലെന്നും വൈദികന്‍ ചെയ്ത തെറ്റ് ഗൗരവമുള്ളതായി കാണുന്നെന്നും അദേഹം പറഞ്ഞു. സമാനസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് വയനാട് ശിശുക്ഷേമസമിതി ചെയര്‍മാന്‍ ഫാ. തോമസ് തേരകത്തെ പുറത്താക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ അറിയിച്ചു. ശിശുക്ഷേമസമിതി അംഗമായ കന്യാസ്ത്രീയേയും പുറത്താക്കുമെന്നും ഇതുമായി ബന്ധപ്പെട്ട ഉത്തരവ് തിങ്കളാഴ്ച പുറപ്പെടുവിക്കുമെന്നും മന്ത്രി അറിയിച്ചു.
നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയും കൊട്ടിയൂര്‍ ഐജെഎം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാനേജരുമായ റോബിന്‍ വടക്കുംചേരി (48) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. കുറ്റം സമ്മതിച്ച റോബിനെ രണ്ടാഴ്ചത്തേക്ക് തലശേരി സെഷന്‍സ് കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. സംഭവം മറച്ചുവയ്ക്കാന്‍ ശ്രമിച്ച കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ എട്ടു പേരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി രണ്ടാഴ്ച മുന്‍പ് പ്രസവിച്ചിരുന്നു.
ചൈല്‍ഡ് ലൈന് ലഭിച്ച അജ്ഞാത വിവരത്തിലൂടെയാണ് സംഭവം പുറത്തറിയുന്നത്. ഫോണ്‍ കോളിനെ പിന്തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയും പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. സ്വന്തം പിതാവാണ് തന്നെ പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടി ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വൈദികന്റെ പേര് പെണ്‍കുട്ടി പറഞ്ഞത്. അന്വേഷണം ആരംഭിച്ചെന്ന് അറിഞ്ഞ റോബിന്‍ ഒളിവില്‍ പോയെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു. പോസ്‌കോ നിയമപ്രകാരവും ബലാത്സംഗത്തിനുമാണ് റോബിനെതിരെ കേസെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here