വീരപ്പനെ കുടുക്കിയത് മഅദനിയുടെ സഹായത്താല്‍; സ്ഥിരീകരണവുമായി മുന്‍ തമിഴ്‌നാട് പൊലീസ് മേധാവി; വെളിപ്പെടുത്തല്‍ ഇങ്ങനെ

കോയമ്പത്തൂര്‍: വനംകൊള്ളക്കാരന്‍ വീരപ്പനെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത് പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅദനി തന്നെയാണെന്ന് മുന്‍ തമിഴ്‌നാട് പൊലീസ് മേധാവിയും മൈലാപൂര്‍ എംഎല്‍എയുമായ നടരാജന്‍. വീരപ്പന്‍ വേട്ടയ്ക്ക് നേതൃത്വം നല്‍കിയ കെ. വിജയകുമാര്‍ ‘വീരപ്പന്‍ ചേസിംഗ് ദ ബ്രിഗന്‍ഡ്’ എന്ന പുസ്തകത്തിലൂടെ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. വീരപ്പനെ കുടുക്കാന്‍ ദമനി എന്നയാള്‍ സഹായിച്ചെന്നാണ് വിജയകുമാര്‍ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത്. അത് അബ്ദുള്‍ നാസര്‍ മഅദനി തന്നെയാണെന്ന സ്ഥിരീകരണമാണ് നടരാജന്‍ ഇപ്പോള്‍ നടത്തിയിരിക്കുന്നത്.

സഹായത്തിനായി പൊലീസ് ഉദ്യോഗസ്ഥര്‍ പല തവണ മഅദനിയെ കോയമ്പത്തൂര്‍ ജയിലില്‍ പോയി സന്ദര്‍ശിച്ചിട്ടുണ്ടെന്നും നടരാജന്‍ വെളിപ്പെടുത്തി. കോയമ്പത്തൂര്‍ ജയിലില്‍ കഴിഞ്ഞ വീരപ്പന്റെ സഹോദരനും മഅദനിയും തമ്മില്‍ സൗഹൃദത്തിലായിരുന്നു. ഇക്കാര്യം മനസിലാക്കിയ പൊലീസ്, വീരപ്പനെ കുടുക്കാന്‍ മഅദനിയുടെ സഹായം തേടുകയായിരുന്നു. നിര്‍ണായക വിവരങ്ങള്‍ നല്‍കിയ മഅദനിക്ക് പൊലീസിന്റെ പ്രത്യുപകാരം ലഭിച്ചിട്ടുണ്ടാകാമെന്നും നടരാജന്‍ പറഞ്ഞു.

വിജയകുമാറിന്റെ പുസ്തകത്തില്‍ പറയുന്നത് ഇങ്ങനെ: ‘സ്‌ഫോടനക്കേസില്‍ ഗൂഢാലോചനക്കുറ്റത്തിന് ദമനി കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന കാലം. വീരപ്പന്റെ മൂത്തജ്യേഷ്ഠന്‍ മാതയ്യനും ആ സമയത്ത് ഇതേ ജയിലിലുണ്ട്. അങ്ങനെ മാതയ്യനും ദമനിയും തമ്മില്‍ സൗഹൃദത്തിലായി. ഇതിനിടെ തന്റെ സംഘത്തിലേക്ക് പുതിയ ആളുകളെ റിക്രൂട്ട് ചെയ്യാന്‍ വീരപ്പന്‍ ശ്രമിക്കുന്നുവെന്ന വിവരം ലഭിച്ച എസ്ടിഎഫ് ഉദ്യോഗസ്ഥര്‍ 2003 സെപ്തംബറില്‍ ജയിലിലെത്തി ദമനിയെ കണ്ടു. വീരപ്പന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ തന്റെ നാല് അനുയായികളെ വിട്ടുനല്‍കാമെന്ന് മാതയ്യനോട് പറയണമെന്ന് എസ്ടിഎഫ് ഉദ്യോഗസ്ഥര്‍ ദമനിയോട് ആവശ്യപ്പെട്ടു.’

‘പ്രത്യുപകാരമായി ദമനിയുടെ ജാമ്യനടപടികള്‍ വേഗത്തിലാക്കാന്‍ സഹായിക്കാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി. ഏറെ ചര്‍ച്ചകള്‍ക്കുശേഷം ദമനി സമ്മതംമൂളി. കൂടെനില്‍ക്കുന്ന നാലുപേരെ വീരപ്പന്‍ സംഘത്തിലേക്ക് അയയ്ക്കാമെന്ന് ദമനി മാതയ്യനോട് പറഞ്ഞു. ജയിലില്‍ തന്നെ പതിവായി കാണാന്‍ വരുന്ന മരുമകന്റെ സഹായത്തോടെ മാതയ്യന്‍ ഈ വിവരം വീരപ്പന്റെ അടുത്തെത്തിച്ചു.’

‘പിന്നീടുള്ള ദിവസങ്ങളിലൊന്നും ദമനിക്ക് മാതയ്യനെ കാണാന്‍ ജയിലില്‍ അവസരമുണ്ടാക്കിയില്ല. ജയിലിലേക്കുള്ള മാതയ്യന്റെ മരുമകന്റെ വരവും പൊലീസ് തടഞ്ഞു. ഈ സമയത്ത് ദമനി പറഞ്ഞുവിട്ട ആള്‍ക്കാര്‍ എന്ന പേരില്‍ കന്യാകുമാരി സ്വദേശി ഹിദായത്തുള്ളയും നാലു സുഹൃത്തുക്കളും വീരപ്പന്‍ സംഘത്തോടൊപ്പം ചേര്‍ന്നു. ആഴ്ചകളോളം വീരപ്പനൊപ്പം കഴിഞ്ഞ ഇവര്‍ കാര്യങ്ങള്‍ മനസിലാക്കി. വീരപ്പന്റെ കണ്ണുകളെ തിമിരം മൂടിയിട്ടുണ്ടെന്നും പുറംലോകത്തെത്തി ചികിത്സ നേടാന്‍ ശ്രമിക്കുന്നുണ്ടെന്നുമുള്ള നിര്‍ണായകവിവരം നല്‍കിയതും ഇവരാണ്. എന്നാല്‍ പുതിയ ചെറുപ്പക്കാരുടെ പെരുമാറ്റത്തില്‍ പന്തികേടു തോന്നിയ വീരപ്പന്‍ ഏതാനും ദിവസങ്ങള്‍ക്കുശേഷം അവരോട് നാട്ടിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടു. പുതിയ ഓപ്പറേഷനുകള്‍ പ്ലാന്‍ ചെയ്യുന്നുണ്ടെന്നും വീണ്ടും വരണമെന്നും ആവശ്യപ്പെട്ടു.’-വിജയകുമാര്‍ പുസ്തകത്തില്‍ പറയുന്നു.

ദമനിയുടെ ശിഷ്യന്മാര്‍ എന്ന പേരില്‍ നുഴഞ്ഞുകയറിയ ആള്‍ക്കാര്‍ നല്‍കിയ വിലപ്പെട്ട വിവരങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ വീരപ്പന്‍ വേട്ട എളുപ്പമാകില്ലായിരുന്നുവെന്ന് വിജയകുമാര്‍ പറയുന്നു. പുസ്തകത്തില്‍ പറയുന്ന ദമനി, മഅദനി തന്നെയാണെന്നാണ് നടരാജന്‍ പറയുന്നത്.

2004 ഒക്ടോബര്‍ 18ന് ധര്‍മപുരി ജില്ലയിലെ പാപ്പിരപട്ടി ഗ്രാമത്തില്‍വച്ചാണ് വീരപ്പനെയും മൂന്നു കൂട്ടാളികളെയും വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വെടിവച്ചു കൊന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News