പിഎ സിദ്ധാര്‍ത്ഥ മേനോന്‍റെ സംസ്ക്കാരം അല്‍പസമയത്തിനകം; അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍; മുഖ്യമന്ത്രി പിണറായി വിജയനും മമ്മൂട്ടിയും ജോണ്‍ ബ്രിട്ടാസും ആദരാഞ്ജലി അര്‍പ്പിച്ചു

കൊച്ചി: അന്തരിച്ച കൈരളി ടിവി ഡയറക്ടര്‍ ബോര്‍ഡ് അംഗവും മുന്‍ വൈദ്യുതി ബോര്‍ഡ് ചെയര്‍മാനുമായ പിഎ സിദ്ധാര്‍ത്ഥ മേനോന്‍റെ മൃതദേഹം ഇന്നു സംസ്ക്കരിക്കും. ഇന്നു വൈകുന്നേരം മൂന്നു മണിക്ക് ആലപ്പു‍ഴ പുന്നപ്രയിലെ വസതിയിലാണ് സംസ്ക്കാരം. മൃതദേഹം ഇപ്പോള്‍ പുന്നപ്രയിലെ വീട്ടില്‍ പൊതുദര്‍ശനത്തിനു വച്ചിരിക്കുകയാണ്. ആയിരങ്ങളാണ് അദ്ദേഹത്തിനു അന്ത്യാഞ്ജലി അര്‍പ്പിക്കുന്നതിനായി അവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരിക്കുന്ന പുന്നപ്രയിലെ വീട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, കൈരളി ടിവി ചെയര്‍മാന്‍ മമ്മൂട്ടി, മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ് തുടങ്ങി നിരവധി പേര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

PA-Sidhartha-Menon-thomas-issac

ഇന്നലെ പുലർച്ചെ നാലു മണിയോടെ ആലപ്പുഴയിലായിരുന്നു പി.എ സിദ്ധാര്‍ത്ഥ മേനോന്‍റെ അന്ത്യം. 75 വയസ്സായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആലപ്പുഴയിലെ മെഡിക്കൽ കോളജിലാണ് അന്ത്യം സംഭവിച്ചത്. കുറച്ചുകാലമായി ഹൃദ്രോഗത്തിനു ചികിത്സയിലായിരുന്നു. ഇന്നു പുലർച്ചെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആലപ്പുഴയിലെ മെഡിക്കൽ കോളജിൽ എത്തിച്ചു. പക്ഷേ, മരണം സംഭവിക്കുകയായിരുന്നു.

PA-Sidhartha-Menon-mammootty

ദീർഘകാലം കൈരളി എക്‌സിക്യൂട്ടീവ് ഡയറക്ടർ ആയി പ്രവർത്തിച്ചിട്ടുണ്ട്. കെഎസ്ഇബി ചെയർമാൻ ആയും പ്രവർത്തിച്ചിട്ടുണ്ട്. പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലത്താണ് അദ്ദേഹം കെഎസ്ഇബി ചെയർമാൻ ആയിരുന്നത്. ദീർഘകാലമായി കൈരളി ടിവിയിലെ ഭൂമിഗീതം പരിപാടിയുടെ അവതാരകനാണ്. കൈരളി ടിവി കതിർ അവാർഡിന്റെ ജൂറി അംഗമാണ്.

എളിമ മുഖമുദ്രയാക്കിയ ആളായിരുന്നു സിദ്ധാർത്ഥ മേനോൻ; ഭൂമിഗീതം മികച്ച പരിപാടിയാക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് ചില്ലറയല്ല

PA-Sidhartha-Menon

തിരുവനന്തപുരം: എളിമയായിരുന്നു സിദ്ധാർത്ഥ മേനോന്റെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേകത. 16 കൊല്ലം കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ കാർഷിക പംക്തി ഭൂമിഗീതം മിനിസ്‌ക്രീനിലെത്തിച്ചതിനെ കുറിച്ച് കഴിഞ്ഞ മാസം കതിർ അവാർഡ് വേദിയിൽ അദ്ദേഹം പറഞ്ഞ വാക്കുകൾ അതിനു തെളിവാണ്. ഭൂമിഗീതം സ്വന്തം പരിപാടിയായല്ല, കൈരളിയുടെ മുദ്രയുള്ള പരിപാടിയായാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
16 വർഷമായി ഭൂമിഗീതം അവതാരകനായിരുന്നു പി.എ സിദ്ധാർത്ഥ മേനോൻ.

കൈരളിയുടെ സ്ഥാപക എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്നപ്പോഴാണ് കൈരളിയിൽ ഭൂമിഗീതം പരിപാടി ആരംഭിക്കുന്നത്. ഭൂമിഗീതത്തിന്റെ ഉത്ഭവത്തെ കുറിച്ച് അദ്ദേഹം കതിർ അവാർഡ് വേദിയിൽ പറഞ്ഞ കാര്യം ഇങ്ങനെ. ‘സാധാരണ ടിവി പരിപാടികൾ ഒക്കെ പ്രൊഡ്യൂസേഴ്‌സ് മനസ്സിൽ രൂപം നൽകി പ്രോഗ്രാം ഹെഡ് മുതൽ ചെയർമാൻ വരെ കണ്ട് അംഗീകാരം നൽകിയ ശേഷമേ ഓൺ എയർ ആകുകയുള്ളു. എന്നാൽ, ഭൂമിഗീതം തുടങ്ങിയതു തന്നെ ചെയർമാന്റെ നിർദേശം അനുസരിച്ചായിരുന്നു. മമ്മൂട്ടി നൽകിയ നിർദേശം വച്ച് 16 വർഷം മുമ്പ് തുടങ്ങിയതാണ് ഭൂമിഗീതം.

ഇവിടെ ഈ കതിർ അവാർഡ് കൊടുക്കുകയാണെങ്കിൽ അതു മമ്മൂട്ടിക്കു തന്നെയാണ് കൊടുക്കേണ്ടത്. അദ്ദേഹം ഇല്ലായിരുന്നെങ്കിൽ ഇങ്ങനെ ഒരു പരിപാടി തന്നെ ഉണ്ടാകുമായിരുന്നില്ല. അന്നു ഡയറക്ടർബോർഡിനു സംശയമുണ്ടായിരുന്നു. ഇത്തരത്തിലൊരു പരിപാടിക്കു പ്രേക്ഷകരെ കിട്ടുമോ എന്ന്. എന്നാൽ, മമ്മൂട്ടിയാണ് സംശയം ലേശം ഇല്ലാതെ പറഞ്ഞത് ഇന്ത്യയിൽ 90 ശതമാനം ആളുകൾ കർഷകരാണ്. അതിൽ ഒരു ചെറിയ ശതമാനം ആളുകൾ നമ്മുടെ പരിപാടി കണ്ടാൽ മതി. നമുക്ക് പ്രേക്ഷകരുണ്ടാകും എന്ന്. ആ ഉറപ്പിലാണ് ഭൂമിഗീതം തുടങ്ങിയത്. ഇന്നു ജനപ്രിയമായ ഈ പരിപാടി എല്ലാവരും അനുകരിച്ചു. മറ്റു ചാനലുകളും പരിപാടി ചെയ്തു തുടങ്ങി’.-അദ്ദേഹം പറയുന്നു.

വീഡിയോ

മനസ്സിൽ ഇരുട്ട് കയറുന്ന, വാക്കുകൾ നഷ്ടപ്പെടുന്ന അവസ്ഥ

ടി.ആർ അജയൻ

PA-Sidhartha-Menon

പ്രിയ സുഹൃത്ത് സിദ്ധാർത്ഥ മേനോൻ നിര്യാതനായി. മനസ്സിൽ ഇരുട്ട് കയറുന്ന വാക്കുകൾ നഷ്ടപ്പെടുന്ന അവസ്ഥ. ജനകീയനായ എൻജിനീയർ, കരുത്തുറ്റ ഭരണാധികാരി, വിട്ടുവീഴ്ചയില്ലാത്ത നടത്തിപ്പുകാരൻ, ജനകീയ പങ്കാളിത്തത്തോടെ കൈരളി ടി.വിയെ ഒരു പ്രസ്ഥാനമാക്കി സ്ഥാപിക്കുന്നതിനും ഇന്നത്തെ അവസ്ഥയിലേക്ക് വളർത്തുന്നതിനും അനവരതം പ്രയത്‌നിച്ച പ്രതിഭാശാലി, കാർഷിക മേഖലയുടെ അഭിവൃദ്ധിക്കു വേണ്ടി അഹോരാത്രം ചിന്തിക്കുകയും കർഷകരെ പ്രോത്സാഹിപ്പിക്കുകയും തന്റെ അറിവ് പകർന്നു കൊടുക്കുകയും ചെയ്ത ധിഷണാശാലി ഇങ്ങനെ എത്ര വർണങ്ങൾ കൊണ്ട് ചിത്രീകരിച്ചാലും മേനോൻ സാറിന്റെ സ്വത്വം പൂർണമായി അവതരിപ്പിക്കാൻ കഴിയില്ല.

വറ്റാത്ത മനീഷ കൊണ്ടും, കിടയറ്റ ആത്മാർത്ഥത കൊണ്ടും കറയറ്റ കർമ്മ കുശലത കൊണ്ടും പ്രശ്‌നങ്ങളിൽ ഇടപെടാനും അവ പരിഹരിക്കാനുമുള്ള അനിതരസാധാരണമായ ഇച്ഛാശക്തി കൊണ്ടും മറ്റുള്ളവർക്ക് എന്നും മാതൃകയാക്കാവുന്ന മുന്നൊരുക്കങ്ങൾ കൊണ്ടും അസാമാന്യമായ ദീർഘവീക്ഷണം കൊണ്ടും കേരളം കണ്ട ഏറ്റവും നല്ല സംഘാടകരിൽ ഒരാളായിരുന്നു മേനോൻ സാർ. ഒതുക്കമുള്ള വികാരപ്രകടനം, സാന്ദ്രതയുള്ള സംഭാഷണം, ദുഃഖങ്ങളിലും സന്തോഷങ്ങളിലും അമിതമായി ആസക്തമാവാത്ത മനസ്സ്, സൂക്ഷ്മമായ മാറ്റങ്ങൾ പോലും മനസ്സിലാക്കാനുള്ള സന്നദ്ധത, എപ്പോഴും സമകാലീനനായിരിക്കാനുള്ള കഴിവ്, പഴയ കാര്യങ്ങൾ മറക്കാതിരിക്കുമ്പോഴും അവയെ പറ്റി സെന്റിമെന്റൽ ആവാതിരിക്കാനുള്ള മിതത്വം ഇവയെല്ലാം അദ്ദേഹത്തിന്റെ പ്രത്യേകതകൾ ആയിരുന്നു.

കൈരളി രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ ഏറെ പ്രയാസപ്പെട്ടിരുന്ന സന്ദിഗ്ധ ഘട്ടങ്ങളിൽ അചഞ്ചലമായ ആത്മവിശ്വാസത്തോടെ ഒട്ടും ഇടറാതെ അദ്ദേഹം നടത്തിയ ഇടപെടലുകളും പ്രവർത്തനങ്ങളും കൂടെ നിന്ന ഒരാളെന്ന നിലയിൽ ഏറെ കൃതജ്ഞതയോടെ ഓർക്കുന്നു. എത്ര തിരക്കുണ്ടെങ്കിലും വ്യക്തിബന്ധങ്ങളും കുടുംബബന്ധങ്ങളും നിലനിർത്താൻ അദ്ദേഹം കാണിച്ച ആർജവം അനുകരണീയമായിരുന്നു. ഒരു മനുഷ്യൻ എന്ന നിലയിൽ ഏറ്റവും ഉന്നതമായ മൂല്യങ്ങൾ നിലനിർത്താൻ എന്നും അദ്ദേഹം ശ്രമിച്ചിരുന്നു.
ആ വേർപാട് എന്നെ സംബന്ധിച്ചിടത്തോളം താങ്ങാവുന്നതിലേറെ ദുഃഖം ആണ് നൽകുന്നത്. ആ ജ്യേഷ്ഠസഹോദരന്റെ വേർപാടിൽ, കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു.
മേനോൻ സാറിന് പ്രണാമം അർപ്പിക്കുന്നു.

വിസ്മയിപ്പിച്ച സ്നേഹം

എം.വെങ്കിട്ടരാമന്‍

Sidhartha-1

സിദ്ധാർത്ഥ മേനോൻ സാറിന്റെ വിയോഗം എനിക്ക് ജ്യേഷ്ഠ സഹോദരന്റെ വേർപാടിനു തുല്യമാണ്. ഇന്നത്തെ കാലത്ത് ഒരു വലിയ സ്ഥാപനത്തിന്റെ മേധാവിക്ക് ഒരു കലർപ്പും ഇല്ലാത്ത സ്‌നേഹം പകർന്നു തരാൻ പറ്റും എന്നു തെളിയിച്ച അദ്ദേഹം എനിക്ക് വിസ്മയമായിരുന്നു. മാത്രമല്ല, ഒരു തലവന്റെ കാർക്കശ്യത്തോടെ ഔദ്യോഗിക കാര്യങ്ങളിൽ ഏർപ്പെടുമ്പോഴും വ്യക്തി എന്ന നിലയിൽ നമുക്കുള്ള എല്ലാ മര്യാദകളും പ്രകടിപ്പിച്ചു കൊണ്ടാണ് അദ്ദേഹം പെരുമാറിയിരുന്നത്. ആ ചിരിയുള്ള മുഖം മനസ്സിൽ എന്നും മായാതെ സൂക്ഷിക്കാൻ ഞാൻ കടപ്പെട്ടിരിക്കുന്നു.

കൈരളി ടിവിയില്‍ ഫിനാൻസ് ആൻഡ് ടെക്‌നിക്കൽ വിഭാഗത്തില്‍ സീനിയർ ഡയറക്ടർ ആണ് ലേഖകന്‍

‘ഞങ്ങൾക്കു നഷ്ടപ്പെട്ടത് ഞങ്ങളെ വല്ലാതെ സ്‌നേഹിച്ച ഒരു വലിയേട്ടനെയാണ്’; സിദ്ധാർത്ഥ മേനോനെ അനുസ്മരിച്ച് ഹണി തത്തപ്പിള്ളി

Sidhartha-1

സിദ്ധാർത്ഥ മേനോൻ സാർ കേവലം ഒരു ഡയറക്ടർ ബോർഡ് അംഗമായിരുന്നില്ല കൈരളി കുടുംബാംഗങ്ങൾക്ക്. നാടിനു അദ്ദേഹം സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്നു. എന്നാൽ, ഞങ്ങൾക്ക്, കൈരളിയിലെ ജീവനക്കാർക്ക് എന്നും മാന്യതയുടെ നിറദീപമായിരുന്നു. സഹപ്രവർത്തകരോടുള്ള അകമഴിഞ്ഞ പ്രോത്സാഹനം, പിന്തുണ, സൗഹാർദപരമായ നേതൃത്വം, അദ്ദേഹത്തിൽ നിന്ന് ലഭിച്ചിരുന്ന പോസിറ്റീവ് എനർജി ഇതെല്ലാം ഞങ്ങൾക്ക് ഇനി നഷ്ടമാകും.

ഒരു ആലപ്പുഴക്കാരന്റെ നാട്ടുനൻമയും ലാളിത്യവും അദ്ദേഹത്തിൽ നിന്ന് അടുത്തറിഞ്ഞ് അനുഭവിക്കാൻ ഞങ്ങൾക്കെല്ലാം സാധിച്ചിട്ടുണ്ട്. നിറഞ്ഞ സ്‌നേഹം അദ്ദേഹത്തിന്റെ സവിശേഷതയാണ്. കൃഷി, ജൈവകൃഷി എന്നിവയുടെ വക്താവായ അദ്ദേഹത്തിന്റെ സ്വപ്‌നം വിഷരഹിതമായ നല്ലഭക്ഷണം സമൂഹത്തിനു എന്നതായിരുന്നു എന്ന് എല്ലാവർക്കും അറിയാം. എന്നാൽ, ഭക്ഷണം അതിനുമപ്പുറം അദ്ദേഹത്തിന് മനുഷ്യസ്‌നേഹം തന്നെയായിരുന്നു.

ഭക്ഷണത്തിൽ കൂടിയാണ് ഒരാളുടെ മനസ്സ് കീഴടക്കുക എന്ന സാറിന്റെ നയം ഏതൊരു സഹപ്രവർത്തകനും അറിയാവുന്നതാണ്. ഭൂമിഗീതം ഷൂട്ടിനായി കാടും മേടും താണ്ടിയുള്ള യാത്രകൾക്കിടയിൽ കൂടെയുള്ള ഞങ്ങൾ, ക്ര്യൂ അംഗങ്ങൾ സന്തോഷത്തോടെ ഭക്ഷണം കഴിച്ചിരിക്കണം എന്നത് സാറിന്റെ നിർബന്ധമായിരുന്നു. അദ്ദേഹം കൂടെയുള്ളപ്പോൾ സ്വന്തം കയ്യിൽ നിന്ന് പണം മുടക്കി ഞങ്ങൾ ഭക്ഷണം കഴിക്കാൻ അദ്ദേഹം അനുവദിച്ചിരുന്നില്ല. എല്ലാവർക്കും സ്വന്തം കീശയിൽ നിന്നു പണം ചെലവാക്കി ഭക്ഷണം വാങ്ങിക്കൊടുക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സന്തോഷം. ആരും വിശന്നിരുന്ന് ജോലി ചെയ്യാൻ അദ്ദേഹം സമ്മതിച്ചിരുന്നില്ല.

അവസാനകാലത്ത് ദീർഘദൂര യാത്രകൾ ഒഴിവാക്കണം, വിശ്രമം വേണം എന്നൊക്കെ ഡോക്ടർ അദ്ദേഹത്തോട് പറഞ്ഞിരുന്നു. ഇതനുസരിച്ച് ദൂരയാത്രകൾ ഒഴിവാക്കി, അടുത്തുള്ള കൃഷിയിടങ്ങൾ ചിത്രീകരിച്ച് ഭൂമിഗീതം മുന്നോട്ടു പോകുകയായിരുന്നു. എന്നിട്ടും മലയാളികളെ പരിചയപ്പെടുത്തേണ്ട മികച്ചൊരു കൃഷിരീതിയുമായി വയനാട്ടിൽ ഒരു കർഷകൻ ഉണ്ടെന്നറിഞ്ഞപ്പോൾ അദ്ദേഹം അതു ചിത്രീകരിക്കാൻ തീരുമാനിച്ചു. തന്റെ ശാരീരിക വിഷമതകളെ മാറ്റിനിർത്തി ഭൂമിഗീതം പരിപാടിക്കായി വയനാട് ചുരം കയറാൻ അദ്ദേഹം തീരുമാനിച്ചു. അതായിരുന്നു സിദ്ധാർത്ഥ മേനോൻ സാർ.

വൈദ്യുതി ബോർഡിന്റെ ചെയർമാനായിരുന്ന ഒരാളാണ് വിശ്രമിക്കേണ്ട കാലത്ത് ഇങ്ങനെ അലഞ്ഞത്. കൈരളിക്കു നഷ്ടപ്പെട്ടത് നല്ല ഒരു നേതാവിനെയാണ്. ആത്മാർത്ഥതയും കാഴ്ചത്തെളിമയുമുള്ള ഒരു പംക്തീകാരനെയാണ്. ഞങ്ങൾക്കു നഷ്ടപ്പെട്ടത് ഞങ്ങളെ വല്ലാതെ സ്‌നേഹിച്ച ഒരു വലിയേട്ടനെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News