യുവനടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു; ദൃശ്യങ്ങൾ കണ്ടെത്തിയത് സുനിയുടെ അഭിഭാഷകനിൽ നിന്നു ലഭിച്ച മെമ്മറി കാർഡിൽ; ഫൊറൻസിക് പരിശോധനയിൽ ദൃശ്യങ്ങൾ വീണ്ടെടുത്തു

തിരുവനന്തപുരം: കൊച്ചിയിൽ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പൊലീസ് വീണ്ടെടുത്തു. പൾസർ സുനിയുടെ അഭിഭാഷകനിൽ നിന്ന് ലഭിച്ച മെമ്മറി കാർഡിൽ നിന്നാണ് ദൃശ്യങ്ങൾ ലഭിച്ചത്. ഈ മെമ്മറി കാർഡ് ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ദൃശ്യങ്ങൾ ലഭിച്ചത്. അഭിഭാഷകനിൽ നിന്ന് ലഭിച്ച കാർഡ് നേരത്തെ തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിലേക്ക് ശാസ്ത്രീയപരിശോധനയ്ക്കായി അയച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് ദൃശ്യങ്ങൾ വീണ്ടെടുത്തത്.

നടിക്കൊപ്പം പൾസർ സുനി കാറിൽ നിന്ന് പകർത്തിയ സെൽഫി ദൃശ്യങ്ങളാണ് കാർഡിലുള്ളത്. വളരെ ക്രൂരമായിട്ടാണ് സുനി നടിയെ ഉപദ്രവിച്ചതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ. സുനി ഒളിവിൽ പോകുന്നതിന് മുൻപാണ് ഈ മെമ്മറി കാർഡ് അഭിഭാഷകന്റെ കൈവശം നൽകിയത്. അഭിഭാഷകനിൽ നിന്നു ലഭിച്ച ഈ കാർഡിൽ ദൃശ്യങ്ങളുണ്ടാകാമെന്ന സംശയത്തെ തുടർന്നാണ് മെമ്മറി കാർഡ് ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിരുന്നത്.

വെളുത്ത സാംസംഗ് ഫോണിലാണ് നടിയുടെ ചിത്രങ്ങൾ സുനി പകർത്തിയതെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ മെമ്മറി കാർഡിലേക്ക് മാറ്റിയതായി സുനിയും മൊഴി നൽകിയിരുന്നു. മെമ്മറി കാർഡ് അഭിഭാഷകന് കൈമാറിയെന്നും സുനി അറിയിച്ചിരുന്നു. എന്നാൽ, ദൃശ്യങ്ങൾ പകർത്തിയ ഫോൺ കായലിൽ എറിഞ്ഞെന്നായിരുന്നു സുനിയുടെ ആദ്യ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ നാവികസേനയുടെ സഹായത്തോടെ കായലിൽ മുങ്ങിത്തപ്പിയിട്ടും ഫോൺ ലഭിച്ചിരുന്നില്ല.

സുനിയെ നുണപരിശോധനയ്ക്കു വിധേയനാക്കണമെന്ന് ഇന്നലെ അന്വേഷണസംഘം കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ, നുണപരിശോധനയ്ക്ക് വിധേയനാകാനുള്ള ആരോഗ്യം തനിക്കില്ലെന്നു സുനി കോടതിയിൽ അറിയിച്ചു. മാനസികമായും ശാരീരികമായും താൻ ആരോഗ്യവാനല്ലെന്നാണ് സുനി അറിയിച്ചത്. പ്രതി തയ്യാറല്ലാത്തതിനാൽ നുണപരിശോധനയ്ക്ക് ഉത്തരവിടാനാകില്ലെന്നു കോടതി അറിയിച്ചു.

അതേസമയം സുനി, വിജീഷ് എന്നിവരുടെ കസ്റ്റഡി കാലാവധി അഞ്ചു ദിവസം കൂടി നീട്ടി കോടതി ഉത്തരവിട്ടു. നടിയെ ആക്രമിച്ച സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് വ്യക്തമാകാൻ കൂടുതൽ അന്വേഷണം വേണമെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here