മനസ്സിൽ ഇരുട്ട് കയറുന്ന, വാക്കുകൾ നഷ്ടപ്പെടുന്ന അവസ്ഥ

പ്രിയ സുഹൃത്ത് സിദ്ധാർത്ഥ മേനോൻ നിര്യാതനായി. മനസ്സിൽ ഇരുട്ട് കയറുന്ന വാക്കുകൾ നഷ്ടപ്പെടുന്ന അവസ്ഥ. ജനകീയനായ എൻജിനീയർ, കരുത്തുറ്റ ഭരണാധികാരി, വിട്ടുവീഴ്ചയില്ലാത്ത നടത്തിപ്പുകാരൻ, ജനകീയ പങ്കാളിത്തത്തോടെ കൈരളി ടി.വിയെ ഒരു പ്രസ്ഥാനമാക്കി സ്ഥാപിക്കുന്നതിനും ഇന്നത്തെ അവസ്ഥയിലേക്ക് വളർത്തുന്നതിനും അനവരതം പ്രയത്‌നിച്ച പ്രതിഭാശാലി, കാർഷിക മേഖലയുടെ അഭിവൃദ്ധിക്കു വേണ്ടി അഹോരാത്രം ചിന്തിക്കുകയും കർഷകരെ പ്രോത്സാഹിപ്പിക്കുകയും തന്റെ അറിവ് പകർന്നു കൊടുക്കുകയും ചെയ്ത ധിഷണാശാലി ഇങ്ങനെ എത്ര വർണങ്ങൾ കൊണ്ട് ചിത്രീകരിച്ചാലും മേനോൻ സാറിന്റെ സ്വത്വം പൂർണമായി അവതരിപ്പിക്കാൻ കഴിയില്ല.

വറ്റാത്ത മനീഷ കൊണ്ടും, കിടയറ്റ ആത്മാർത്ഥത കൊണ്ടും കറയറ്റ കർമ്മ കുശലത കൊണ്ടും പ്രശ്‌നങ്ങളിൽ ഇടപെടാനും അവ പരിഹരിക്കാനുമുള്ള അനിതരസാധാരണമായ ഇച്ഛാശക്തി കൊണ്ടും മറ്റുള്ളവർക്ക് എന്നും മാതൃകയാക്കാവുന്ന മുന്നൊരുക്കങ്ങൾ കൊണ്ടും അസാമാന്യമായ ദീർഘവീക്ഷണം കൊണ്ടും കേരളം കണ്ട ഏറ്റവും നല്ല സംഘാടകരിൽ ഒരാളായിരുന്നു മേനോൻ സാർ. ഒതുക്കമുള്ള വികാരപ്രകടനം, സാന്ദ്രതയുള്ള സംഭാഷണം, ദുഃഖങ്ങളിലും സന്തോഷങ്ങളിലും അമിതമായി ആസക്തമാവാത്ത മനസ്സ്, സൂക്ഷ്മമായ മാറ്റങ്ങൾ പോലും മനസ്സിലാക്കാനുള്ള സന്നദ്ധത, എപ്പോഴും സമകാലീനനായിരിക്കാനുള്ള കഴിവ്, പഴയ കാര്യങ്ങൾ മറക്കാതിരിക്കുമ്പോഴും അവയെ പറ്റി സെന്റിമെന്റൽ ആവാതിരിക്കാനുള്ള മിതത്വം ഇവയെല്ലാം അദ്ധേഹത്തിന്റെ പ്രത്യേകതകൾ ആയിരുന്നു.

കൈരളി രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ ഏറെ പ്രയാസപ്പെട്ടിരുന്ന സന്ദിഗ്ധ ഘട്ടങ്ങളിൽ അചഞ്ചലമായ ആത്മവിശ്വാസത്തോടെ ഒട്ടും ഇടറാതെ അദ്ദേഹം നടത്തിയ ഇടപെടലുകളും പ്രവർത്തനങ്ങളും കൂടെ നിന്ന ഒരാളെന്ന നിലയിൽ ഏറെ കൃതജ്ഞതയോടെ ഓർക്കുന്നു. എത്ര തിരക്കുണ്ടെങ്കിലും വ്യക്തിബന്ധങ്ങളും കുടുംബബന്ധങ്ങളും നിലനിർത്താൻ അദ്ദേഹം കാണിച്ച ആർജവം അനുകരണീയമായിരുന്നു. ഒരു മനുഷ്യൻ എന്ന നിലയിൽ ഏറ്റവും ഉന്നതമായ മൂല്യങ്ങൾ നിലനിർത്താൻ എന്നും അദ്ദേഹം ശ്രമിച്ചിരുന്നു.
ആ വേർപാട് എന്നെ സംബന്ധിച്ചിടത്തോളം താങ്ങാവുന്നതിലേറെ ദുഃഖം ആണ് നൽകുന്നത്. ആ ജ്യേഷ്ഠസഹോദരന്റെ വേർപാടിൽ, കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു.
മേനോൻ സാറിന് പ്രണാമം അർപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News