കൊട്ടിയൂരിലെ പെണ്‍കുട്ടിയുടെ പ്രായം തിരുത്തിയ വയനാട് ശിശുക്ഷേമ സമിതി ചെയർമാനെ മാറ്റും; സമിതി അംഗമായ കന്യാസ്ത്രീയെയും ഒഴിവാക്കുമെന്നു മന്ത്രി കെ.കെ ഷൈലജ

തിരുവനന്തപുരം: വയനാട് ശിശുക്ഷേമ സമിതി ചെയർമാനെ തൽസ്ഥാനത്തു നിന്ന് നീക്കുമെന്നു ആരോഗ്യ ശിശുക്ഷേമ മന്ത്രി കെ.കെ ഷൈലജ. ചെയർമാൻ പോൾ തേരകത്തിനെ മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്. ശിശുക്ഷേമ സമിതി അംഗമായ കന്യാസ്ത്രീയെയും ഒഴിവാക്കുമെന്നു മന്ത്രി വ്യക്തമാക്കി. സമിതിയുടെ പ്രവർത്തനത്തിൽ ഗുരുതരമായ ക്രമക്കേടുകൾ കാണിക്കുകയും വിശ്വസ്തത നഷ്ടപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തതിനാണ് നടപടി. കൊട്ടിയൂരിൽ വൈദികന്റെ പീഡനത്തിനിരയായ പെൺകുട്ടിയുടെ പ്രായം വ്യാജരേഖ ചമച്ച് തിരുത്തിയെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ഇതേതുടർന്നാണ് ഇരുവരെയും മാറ്റാൻ തീരുമാനിച്ചത്.

ജില്ലാ ശിശുസംരക്ഷണ ഓഫീസർ ഇക്കാര്യത്തിൽ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുന്നതിന് സമൂഹ്യനീതി ഡയറക്ടറുടെ നേതൃത്വത്തിൽ സമിതിയെ നിയോഗിക്കുകയും ചെയ്തു. സമിതി വിശദമായ അന്വേഷണം നടത്തി, തുടർ നടപടികൾ സ്വീകരിക്കും. മറ്റു ചില ജില്ലകളിലെ ശിശുക്ഷേമ സമിതികളെ കുറിച്ചും ആരോപണം ഉയരുന്ന സാഹചര്യത്തിൽ അവയെ കുറിച്ചും അന്വേഷണം നടത്തുമെന്നും മന്ത്രി വാർത്താകുറിപ്പിൽ വ്യക്തമാക്കി.

പെൺകുട്ടിയെ ശിശുക്ഷേമ സമിതി ഏറ്റെടുത്തത് ചട്ടങ്ങൾ ലംഘിച്ചാണെന്നു പൊലീസ് ഇന്നലെ കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിൽ ശിശുക്ഷേമ സമിതി വൻ വീഴ്ച വരുത്തിയതായി പൊലീസ് കണ്ടെത്തി. പെൺകുട്ടിയുടെ പ്രായം തിരുത്തിയെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. പ്രായം 16 എന്നതിനു പകരം, 18 എന്നു തിരുത്തിയാണ് പെൺകുട്ടിയെ ഏറ്റെടുത്തപ്പോൾ രജിസ്റ്ററിൽ ചേർത്തതെന്നു പറയപ്പെടുന്നു. ഇതു ബാലാവകാശ നിയമത്തിന്റെ ലംഘനമാണെന്നും പൊലീസ് പറയുന്നു. ഇക്കാര്യത്തിൽ വ്യാജരേഖ ചമച്ച് പ്രായം തിരുത്തിയതിനു ശിശുക്ഷേമ സമിതിക്കെതിരെയും കേസെടുത്തേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News