കേന്ദ്രസർക്കാരിന്റെ മൂക്കിനു കീഴിൽ പിഞ്ചുകുട്ടികളെ അടിമകളാക്കി ബാലവേല; പാർലമെന്റിനു തൊട്ടടുത്ത് അടിമപ്പണി ചെയ്യിക്കുന്നത് നാലുവയസ്സ് മുതലുള്ള കുട്ടികളെ കൊണ്ട് | വീഡിയോ സ്‌റ്റോറി

ദില്ലി: കേന്ദ്രസർക്കാരിന്റെ മൂക്കിനു താഴെ പിഞ്ചുകുട്ടികളെ അടിമകളാക്കി ബാലവേല ചെയ്യിക്കുന്നു. രാജ്യതലസ്ഥാനത്ത് ഭരണസിരാകേന്ദ്രമായ പാർലമെന്റിനു തൊട്ടടുത്താണ് കുട്ടികളെയും സ്ത്രീകളെയും കൊണ്ട് അടിമപ്പണി ചെയ്യിക്കുന്നത്. ദില്ലിയിലെ മാലിന്യത്തിന്റെ മുക്കാൽപങ്കും ശേഖരിച്ച് നിക്ഷേപിക്കുന്ന ബൽസ്വയിലെ ദുരിതജീവിതം നിങ്ങൾക്ക് മുന്നിലേക്കെത്തിക്കുകയാണ് ഞങ്ങൾ. 200 അടി ഉയരമുള്ള മാലിന്യകുന്നിൽ വിഷപ്പുക കൊണ്ട് ശ്വാസം മുട്ടിയാണ് കുട്ടികളും സ്ത്രീകളും അടിമപ്പണി ചെയ്യുന്നത്. ഞങ്ങളുടെ പ്രതിനിധി മനുശങ്കർ തയ്യാറാക്കിയ റിപ്പോർട്ട്.

വിഷപ്പുക കൊണ്ട് ശ്വാസംമുട്ടുന്ന മാലിന്യക്കൂമ്പാരത്തിൽ നാലു വയസ്സു മുതലുള്ള കുട്ടികളാണ് ജോലി ചെയ്യുന്നത്. കണ്ടാൽ അറയക്കുന്ന സാഹചര്യത്തിൽ 15 മണിക്കൂറിലധികമാണ് കുട്ടികളുടെ ജോലി. ബംഗ്ലാദേശ്, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്ന് സ്ത്രീകളെയും കുട്ടികളെയും ഇടനിലക്കാർ വഴിയാണ് ഇവിടെ എത്തിക്കുന്നത്. ഇത്രയൊക്കെ മനുഷ്യാവകാശ ലംഘനം മൂക്കിൻ തുമ്പിൽ നടന്നിട്ടും സർക്കാരോ ബാലാവകാശ കമ്മീഷനോ ഇതുവരെ ഇങ്ങോട്ടേക്ക് തിരിഞ്ഞു നോക്കിയിട്ടു പോലുമില്ല.

വടക്കൻ ദില്ലിയിലാണ് 200 അടി ഉയരത്തിലുള്ള ഈ മാലിന്യക്കുന്ന് സ്ഥിതി ചെയ്യുന്നത്. അവിടത്തെ ദുരിതജീവിതം പൊതുസമൂഹത്തിനു മുന്നിലെത്തിക്കാൻ കാമറയുമായി എത്തിയ ഞങ്ങൾ കണ്ടത് പുനരധിവാസം തൊട്ടുതീണ്ടാത്ത നരകജീവിതങ്ങൾ. നായ്ക്കൾക്കും ഈച്ചകൾക്കും ഒപ്പം മത്സരിച്ച് മാലിന്യവണ്ടിക്കു പിന്നാലെ കൈക്കോട്ടുമായി പായുന്ന സ്ത്രീകളും കുട്ടികളും. വിസർജ്യ ഗന്ധം മനംമടുപ്പിക്കുന്ന കൂനയിൽ നിന്ന് പുനരുൽപാദന വസ്തുക്കൾ തിരഞ്ഞ് വിൽക്കുന്നതിനാണ് ഈ അധ്വാനം.

ശേഖരിക്കുന്ന വസ്തുക്കൾ വിൽക്കാൻ ഇടനിലക്കാർ സജീവം. ഇടനിലക്കാർ വഴി ഇവിടെ എത്തിക്കഴിഞ്ഞാൽ പിന്നെ ഈ കുന്നിൻപുറത്താണ് ജീവിതം. കൂട്ടത്തിൽ ബംഗ്ലാദേശ് അഭയാർഥി ക്യാമ്പിലെ കുട്ടികളും ഉണ്ട്. സാനിറ്ററി നാപ്കിൻ മുതൽ മനുഷ്യവിസർജ്യം വരെ കുന്നുകൂടിയ കൂനയിലാണ് ഭക്ഷണവും ഉറക്കവും.

ലോഹവസ്തുക്കൾ കൊണ്ട് മുറിഞ്ഞ ശരീരഭാഗം പുഴുവരിച്ച് രോഗങ്ങളാൽ പൊറുതിമുട്ടുന്നവർ. പലരും ലൈംഗികചൂഷണത്തിന്റെ ഇരകൾ. ദൃശ്യങ്ങൾ പകർത്തി തിരികെ പോരാൻ തുടങ്ങവേ കണ്ടത്, ചവറു കൂനയിൽ നിന്ന് ലഭിച്ച ഓറഞ്ച് പങ്കു വയ്ക്കുന്ന പെൺകുട്ടികളെ. പകലന്തിയോളം പണിയെടുത്താലും വിശപ്പടക്കാൻ വക ലഭിക്കുന്നില്ലെന്ന ദൈന്യത ഒരോ മുഖത്തും പ്രതിഫലിച്ചു. എങ്കിലും ഗതികേട് എന്ന് വിളിച്ച് പറയാൻ മടിച്ചു. ജനിച്ചതിനാൽ വളരണമല്ലോ. വളർന്ന് പന്തലിക്കണം.

വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here