യുവതിയെ കൂട്ടബലാൽസംഗം ചെയ്ത കേസിൽ യുപി മന്ത്രിക്കെതിരെ അറസ്റ്റ് വാറണ്ട്; നടപടി ഗായത്രി പ്രജാപതി രാജ്യം വിടാൻ ശ്രമിക്കുന്നെന്ന സൂചനയെ തുടർന്ന്

ലഖ്‌നൗ: യുവതിയെ കൂട്ടബലാൽസംഗം ചെയ്ത കേസിൽ ഉത്തർപ്രദേശ് മന്ത്രി ഗായത്രി പ്രജാപതിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ജാമ്യമില്ലാ വാറണ്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. പ്രജാപതിക്കൊപ്പം കേസിൽ പ്രതികളായ മറ്റു ആറു പേർക്കെതിരെയും ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഗായത്രി പ്രജാപതി രാജ്യം വിടാൻ ശ്രമിക്കുന്നെന്ന സൂചനയെ തുടർന്നാണ് കോടതി അടിയന്തരമായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. അഖിലേഷ് മന്ത്രിസഭയിൽ അംഗമായ ഗായത്രി പ്രജാപതി യുവതിയെ പീഡിപ്പിക്കുകയും പതിനാറുകാരിയായ മകളെ ആക്രമിക്കുകയും ചെയ്‌തെന്നാണ് കേസ്.

മന്ത്രി രാജ്യം വിടുന്നത് തടയുന്നതിനാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. അദ്ദേഹത്തിന്റെ പാസ്‌പോർട്ട് നാല് മാസത്തേക്ക് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. യുവതിയെ കൂട്ടമാനഭംഗം ചെയ്യുകയും മകൾക്കു നേരെ ലൈംഗികാതിക്രമം നടത്തുകയും ചെയ്‌തെന്നാണ് കേസ്. സമാജ്‌വാദി പാർട്ടിയുടെ അമേഠിയിലെ സ്ഥാനാർത്ഥിയാണ് പ്രജാപതി. കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ ഒളിവിൽ പോയ പ്രജാപതി അറസ്റ്റ് ഒഴിവാക്കുന്നതിന് സുപ്രീംകോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഇത് തിങ്കളാഴ്ച പരിഗണിക്കും.

ഭരണകക്ഷിയായ സമാജ്‌വാദി പാർട്ടിയിൽ സ്ഥാനം അടക്കം വാഗ്ദാനം ചെയ്താണ് പതിനാറുകാരിയായ പെൺകുട്ടിയുടെ മാതാവിനെ രണ്ടു വർഷത്തോളം പീഡനത്തിനിരയാക്കിയത്. അവർ സുപ്രീംകോടതിയെ സമീപിച്ചതിനെ തുടർന്ന് കോടതി മന്ത്രിക്കും അനുയായികൾക്കുമെതിരെ എഫ്‌ഐആർ സമർപ്പിക്കാൻ ഉത്തരവിട്ടു. 49കാരനായ പ്രജാപതിയെ അഴിമതിക്കേസിൽ മുഖ്യമന്ത്രി അഖിലേഷ് മന്ത്രിസഭയിൽനിന്ന് പുറത്താക്കിയിരുന്നതാണ്. എന്നാൽ, പിന്നീട് മുലായം സിംഗിന്റെ ഇടപെടലിനെ തുടർന്നാണ് തിരിച്ചെടുത്തത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here