അരിവില നിയന്ത്രിക്കാൻ സർക്കാരിന്റെ ക്രിയാത്മക ഇടപെടൽ; 500 സഹകരണ അരിക്കടകൾ തുടങ്ങും; ആന്ധ്രയിൽ നിന്നും 1000 ടൺ ജയ അരി ഇന്നെത്തും

തിരുവനന്തപുരം: അരിവില നിയന്ത്രിക്കാൻ ക്രിയാത്മക ഇടപെടലുമായി സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് സഹകരണ അരിക്കടകൾ ആരംഭിക്കുമെന്നു സർക്കാർ വ്യക്തമാക്കി. 500 കേന്ദ്രങ്ങളിലാണ് അരിക്കടകൾ ആരംഭിക്കുന്നത്. 500 പ്രാഥമിക സംഘങ്ങളുടെ കൺസ്യൂമർ സ്റ്റോറുകളിലൂടെയും തെരഞ്ഞെടുത്ത ത്രിവേണി സ്റ്റോറുകളിലൂടെയുമാണ് അരി വിതരണം ചെയ്യുക. ഇതിനായി ബംഗാളിൽനിന്ന് 2500 ടൺ സുവർണ മസൂരി അരി സംസ്ഥാനത്ത് എത്തിക്കുന്നുണ്ട്. ആന്ധ്രയിൽ നിന്ന് 1000 ടൺ ജയ അരിയും ഇന്നു കേരളത്തിലെത്തിക്കും.

ബംഗാളിൽ നിന്ന് എത്തിക്കുന്ന അരിയിൽ 800 ടൺ ഇന്നലെ തന്നെ കൊച്ചിയിൽ എത്തിയിരുന്നു. ബാക്കി 1700 ടൺ അരി ഈമാസം പത്തിനകം സംസ്ഥാനത്ത് എത്തും. കിലോക്ക് 25 രൂപയ്ക്കാണ് വിതരണം ചെയ്യുക. ഇതോടെ പൊതു വിപണിയിലെ അരിവില പിടിച്ചുനിർത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു. ആവശ്യമെങ്കിൽ കൂടുതൽ അരി വരുത്തുമെന്നും മന്ത്രി അറിയിച്ചു. കൺസ്യൂമർ ഫെഡിന്റെ നേതൃത്വത്തിൽ രൂപീകരിച്ച 100 കോടി രൂപയുടെ കൺസോർഷ്യം മുഖേന സംഭരിച്ച അരിയാണ് വിപണിയിലെത്തുന്നത്.

നാളെ മുതലാണ് അരി വിതരണം ആരംഭിക്കുന്നത്. സഹകരണ അരിക്കടകളുടെ ഉദ്ഘാടനം നാളെ രാത്രി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തിരുവനന്തപുരത്ത് കരകുളം സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഏണിക്കരയിലാണ് ചടങ്ങ്. കിലോക്ക് 27 രൂപ വരുന്ന അരി രണ്ടു രൂപ നഷ്ടം സഹിച്ചാണ് സഹകരണ സംഘങ്ങൾ 25 രൂപയ്ക്ക് വിതരണം ചെയ്യുക. തുടക്കത്തിൽ ഒരു കുടുംബത്തിന് ആഴ്ചയിൽ അഞ്ച് കിലോ വീതവും തുടർന്നുള്ള ആഴ്ചകളിൽ പത്ത് കിലോ വീതവും നൽകും. ഈ രീതിയിൽ വിഷുവരെ അരി വിതരണം നടത്തുമെന്നും ആവശ്യമെങ്കിൽ വിതരണം തുടരുമെന്നും മന്ത്രി പറഞ്ഞു.
ആദിവാസി, തീരദേശ, മലയോര മേഖലകൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകിയാണ് അരി വിതരണത്തിനുള്ള സംഘങ്ങൾ തെരഞ്ഞെടുത്തത്.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, പാലക്കാട്, തൃശൂർ, കൊല്ലം ജില്ലകളിൽ 40 സംഘം വീതവും മലപ്പുറം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോട്ടയം, കാസർകോട് ജില്ലകളിൽ 30 സംഘം വീതവും വയനാട്ടിൽ 20 സംഘവുമാണ് അരി വിതരണം ചെയ്യുക. തെരഞ്ഞെടുത്ത ഓരോ സംഘങ്ങളിലും തിങ്കളാഴ്ചയ്ക്കകം 1.5 ടൺ വീതവും 10നകം 3.5 ടൺ വീതവും അരി നൽകും. ഈ രീതിയിൽ അരിയുടെ വിപണി വില നിയന്ത്രണ വിധേയമാകുന്നതുവരെ തുടർച്ചയായ വിതരണം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ആന്ധ്രയിൽനിന്ന് 1000 ടൺ ജയ അരി ഇന്നെത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് അരിവില പിടിച്ചുനിർത്തുന്നതിന്റെ ഭാഗമായി സപ്‌ളൈകോ ആന്ധ്രയിൽനിന്ന് വാങ്ങുന്ന ജയ അരി ഞായറാഴ്ച സംസ്ഥാനത്ത് എത്തും. 1000 ടൺ അരിയാണ് കൊണ്ടുവരുന്നത്. ഇതിൽ നാല് ലോഡാണ് ഞായറാഴ്ച എത്തുക. തുടർന്നുള്ള ദിവസങ്ങളിൽ ബാക്കി അരിയുമെത്തും. തിരുവനന്തപുരം, കോട്ടയം, കൊട്ടാരക്കര, എറണാകുളം എന്നിവിടങ്ങളിലാണ് ആദ്യം എത്തുക.

അരിക്കടകൾ വഴിയും സപ്‌ളൈകോ വിൽപ്പനശാലകൾ വഴിയും സബ്‌സിഡി നിരക്കിൽ അരി വിതരണം ചെയ്യും. സപ്‌ളൈകോ നിലവിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിൽ അരിക്കടകൾ ആരംഭിച്ചിട്ടുണ്ട്. ഇത് മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News