പാലക്കാട് ഒമ്പതുവയസുകാരി തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത; എട്ടടി ഉയരമുള്ള ഉത്തരത്തിൽ കുട്ടി എങ്ങനെ തൂങ്ങിയെന്നു വീട്ടുകാർ; അന്വേഷണത്തിനു പാലക്കാട് എസ്പി ഉത്തരവിട്ടു

പാലക്കാട്: പാലക്കാട് വാളയാറിൽ നാലാംക്ലാസ് വിദ്യാർത്ഥിനിയായ ഒമ്പതുവയസുകാരി തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. വൈകുന്നേരം വരെ കൂട്ടുകാർക്കൊപ്പം കളിച്ചു നടന്ന പെൺകുട്ടി പെട്ടെന്ന് തൂങ്ങിമരിച്ചതാണ് ബന്ധുക്കളിലും നാട്ടുകാരിലും സംശയം ജനിപ്പിക്കുന്നത്. മാത്രമല്ല എട്ടടി ഉയരമുള്ള ഉത്തരത്തിൽ ശരണ്യ എങ്ങനെ തൂങ്ങിയെന്നതും സംശയം ജനിപ്പിക്കുന്നു. സമാനമായ സാഹചര്യത്തിലാണ് ശരണ്യയുടെ പതിനാലു വയസ്സുള്ള സഹോദരിയും ഒന്നരമാസം മുമ്പ് തൂങ്ങി മരിച്ചത്. സംഭവത്തിൽ പാലക്കാട് എസ്പി അന്വേഷണത്തിന് ഉത്തരവിട്ടു.

ശനിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് വാളയാർ അട്ടപ്പളളം സ്വദേശി ഷാജുവിന്റെയും ഭാഗ്യവതിയുടെയും മകൾ ഒൻപതു വയസ്സുകാരി ശരണ്യയെ വീടിനുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. അന്നു വൈകുന്നേരം അതിനു തൊട്ടുമുമ്പ് വരെ ശരണ്യ കൂട്ടുകാർക്കൊപ്പം കളിച്ചു നടക്കുന്നത് കണ്ടതാണ്. വീടിന്റെ ഉത്തരത്തിൽ മുണ്ടുപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സംഭവം അറിഞ്ഞ് ഓടിയെത്തിയ അച്ചൻ ഷാജുവാണ് മൃതദേഹം ആദ്യം കണ്ടത്.

ശരണ്യയുടെ പതിനാലു വയസ്സുളള സഹോദരിയെയും ഒന്നരമാസം മുൻപ് വീടിനുളളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അന്നത്തെ ദിവസം രണ്ടുപേർ വീടിനുളളിൽ നിന്നും ഇറങ്ങി പ്പോയതായി ശരണ്യ പൊലീസിൽ മൊഴി നൽകിയിരുന്നതായി അച്ഛൻ പറഞ്ഞു. ശരണ്യയുടെ മരണത്തിൽ ദുരുഹതയുണ്ടെന്നും അന്വേഷണം വേണമെന്നും അച്ഛൻ ഷാജു ആവശ്യപ്പെട്ടു. എട്ടടിയോളം ഉയരമുളള വീടിന്റെ ഉത്തരത്തിൽ ഒൻപതു വയസ്സുകാരിക്ക് എങ്ങനെ കയ്യെത്തി എന്നതാണ് നാട്ടുകാരിൽ സംശയമുണർത്തുന്നത്.

സംഭവത്തിൽ അന്വേഷണത്തിന് പാലക്കാട് എസ്പി ഉത്തരവിട്ടു. പൊലീസ് സർജൻ, സയന്റിഫിക് അസിസ്റ്റന്റ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News