കശ്മീരിലെ ത്രാളിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് ഹിസ്ബുൾ മുജാഹിദ്ദീൻ തലവൻ; രണ്ടു ഭീകരരും ഒരു പൊലീസുകാരനും കൊല്ലപ്പെട്ടു

ശ്രീനഗർ: കശ്മീരിലെ ത്രാളിൽ 15 മണിക്കൂറിൽ അധികം നീണ്ടുനിന്ന ഏറ്റുമുട്ടലിൽ ഹിസ്ബുൾ മുജാഹിദ്ദീൻ ഉന്നതനെ അടക്കം രണ്ടു ഭീകരരെ വധിച്ചു. തെക്കൻ കശ്മീരിലെ പുൽവാമ ജില്ലയിലെ ത്രാളിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഒരു പൊലീസുകാരനും കൊല്ലപ്പെട്ടു. മേജർ റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്നു സുരക്ഷാ സൈനികർക്കു പരുക്കേറ്റു. ഇന്നലെ വൈകുന്നേരം ആറുമണിയോടെ ആരംഭിച്ച ഏറ്റുമുട്ടൽ ഇന്നുച്ചയോടെയാണ് അവസാനിച്ചത്.

ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡർ ആഖിബ് മൗലവിയാണ് കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ. ജെയ്‌ഷെ മുഹമ്മദ് ഭീകരൻ ഒസാമയാണ് രണ്ടാമൻ. കശ്മീരിൽ ഭീകരസംഘങ്ങൾ തമ്മിൽ യോജിച്ചു പ്രവർത്തിക്കുന്നുണ്ടെന്ന ആരോപണത്തിനു ശക്തിപകരുന്നതാണ് ഈ സംഭവം. താഴ്‌വരയിൽ ഹിസ്ബുൾ മുജാഹിദ്ദീനും ജെയ്‌ഷെ മുഹമ്മദും ചേർന്നു പ്രവർത്തിക്കുന്നുണ്ടെന്നു ഈ സംഭവം തെളിയിക്കുന്നു.

ത്രാളിലെ ഹായുന ഗ്രാമത്തിലായിരുന്നു ഏറ്റുമുട്ടൽ. ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെ തുടർന്നാണ് സൈന്യം ഗ്രാമത്തിൽ എത്തിയത്. ജമ്മു കശ്മീർ പൊലീസ്, സൈന്യം, സിആർപിഎഫ് എന്നീ വിഭാഗങ്ങൾ സംയുക്തമായാണ് തിരച്ചിലിന് ഇറങ്ങിയത്. ഇവർക്കുനേരെ ഭീകരർ ഗ്രനേഡ് എറിയുകയും വെടിയുതിർക്കുകയും ചെയ്തു. ഇതോടെ സുരക്ഷാ സേന ഉടൻതന്നെ തിരിച്ചടിച്ചു. മുൻപ് ഏറ്റുമുട്ടലിലൂടെ സൈന്യം വധിച്ച ഭീകരൻ ബുർഹാൻ വാനിയുടെ സ്വദേശമാണ് ത്രാൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News