രാജിയാവശ്യപ്പെടുന്നത് ബജറ്റ് രേഖ കാഴ്ചവെച്ചവര്‍; എല്‍ഡിഎഫ് ബജറ്റില്‍ ജനപ്രിയ പദ്ധതികള്‍; ഖജനാവ് നാല് വര്‍ഷത്തിനകം ഭദ്രമാക്കാനാകുമെന്ന് പ്രതീക്ഷയെന്നും ഡോ. ടിഎം തോമസ് ഐസക്

കൊച്ചി : കണക്ക് അച്ചടിച്ച ബജറ്റ് രേഖ മുന്‍കൂട്ടി പല കച്ചവടക്കാര്‍ക്കും കാഴ്ചവച്ചവരാണ് ഇപ്പോള്‍ തന്റെ രാജി ആവശ്യപ്പെടുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്. ജനോപകാരപ്രദമായ പദ്ധതികള്‍ ഉള്‍ക്കൊള്ളുന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബജറ്റ്. അതില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് പ്രതിപക്ഷം ബജറ്റ് ചോര്‍ന്നുവെന്ന് മുറവിളി കൂട്ടുന്നതെന്നും ധനന്ത്രി വിമര്‍ശിച്ചു.

എറണാകുളം ടൗണ്‍ഹാളില്‍ എല്‍ഡിഎഫ് ജില്ല കമ്മിറ്റി നല്‍കിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു ഡോ. ടിഎം തോമസ് ഐസക്. ഏലൂരില്‍ എഫ്എസിടിയുടെ ഭൂമി ഏറ്റെടുത്ത് പെട്രോകെമിക്കല്‍ പാര്‍ക്കും ഫാര്‍മ പാര്‍ക്കും സ്ഥാപിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍.

കൊച്ചിന്‍ റിഫൈനറിയില്‍ പെട്രോളിയം ശുദ്ധീകരണത്തിനുശേഷം വരുന്ന നിരവധി ഉപോല്‍പ്പന്നങ്ങളുണ്ട്. ഇവ പ്രയോജനപ്പെടുത്തുന്ന പെട്രോകെമിക്കല്‍ പാര്‍ക്കാണ് വിഭാവനം ചെയ്യുന്നതെന്നും തോമസ് ഐസക് പറഞ്ഞു.

ഫാക്ടിന്റെ ഭൂമി ഉപയോഗിക്കാതെ കിടക്കുന്നുണ്ട്. വ്യവസായ വികസനത്തിന് ഈ ഭൂമി ഏറ്റെടുക്കുന്നതുകൊണ്ട് മറ്റ് പ്രതിബന്ധങ്ങളുണ്ടാകില്ല. ചരക്ക് സേവനനികുതി വരുന്നതോടെ സര്‍ക്കാരിന്റെ സാമ്പത്തിക വരുമാനം കൂടുമെന്നാണ് കരുതുന്നത്. ഉല്‍പ്പന്നം ഇന്ത്യയിലെവിടെനിന്ന് വാങ്ങിയാലും അത് വിനിയോഗിക്കുന്ന സ്ഥലത്ത് നികുതി കൊടുക്കേണ്ടിവരും. നികുതിവരുമാനം കൂടുമ്പോള്‍, നിര്‍മാണാവശ്യങ്ങള്‍ക്കായി എടുക്കുന്ന വായ്പ തിരിച്ചടയ്ക്കാനാകും.

യുഡിഎഫ് സര്‍ക്കാര്‍ ശൂന്യമാക്കിയ ഖജനാവ് അടുത്ത നാലുവര്‍ഷംകൊണ്ട് ഭദ്രമാക്കാനാകുമെന്നാണ് പ്രതീക്ഷ. നികുതിവരുമാനം കൂട്ടും. സൗജന്യ സഹായങ്ങളും പെന്‍ഷനും ഇനിയും വര്‍ധിപ്പിക്കും. പാവപ്പെട്ടവര്‍ മുണ്ട് മുറുക്കിയുടുക്കാന്‍ ഈ സര്‍ക്കാര്‍ പറയില്ല. നിര്‍മാണ പ്രവൃത്തികള്‍ വായ്പയെടുത്ത് പൂര്‍ത്തിയാക്കും.

കുസാറ്റ് ലൈബ്രറിയെ ഇന്ത്യയിലെ മികച്ച ലൈബ്രറികളിലൊന്നാക്കും. ലോക നിലവാരത്തിലുള്ള അക്കാദമിക് സ്ഥാപനമാക്കി മഹാരാജാസ് കോളേജിനെ മാറ്റും. ആയിരത്തിലേറെ കുട്ടികളുള്ള എല്ലാ സര്‍ക്കാര്‍ സ്‌കൂളും ആധുനിക രീതിയില്‍ പുതുക്കിപ്പണിയും.

കൊച്ചിയുടെ വികസനം കേരളത്തിന്റെ വികസനമായാണ് സര്‍ക്കാര്‍ കാണുന്നത്. ആഗോള നഗരമായി കൊച്ചി മാറുകയാണ്. കച്ചവടത്തിനും കലാപ്രകടനത്തിനും കായിക മികവിനുമുള്ള കേന്ദ്രമായി വികസിക്കുന്ന കൊച്ചിയുടെ പ്രധാന്യം തിരിച്ചറിഞ്ഞാണ് ബജറ്റില്‍ മുന്‍തൂക്കം നല്‍കിയിട്ടുള്ളതെന്നും ധനമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News