ഷംസീറിന്റെ രക്തംകൊണ്ട് ഓംകാളി പൂജ ചെയ്യും; എഎന്‍ ഷംസീര്‍ എംഎല്‍എയുടെ വീടിന് മുന്നില്‍ ആര്‍എസ്എസ് കൊലവിളി; കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്ന് ഡിവൈഎഫ്‌ഐ

കണ്ണൂര്‍ : എഎന്‍ ഷംസീര്‍ എംഎല്‍എയുടെ വീടിന് നേരെ ആര്‍എസ്എസ് കൊലവിളി. ഷംസീറിന്റെ രക്തംകൊണ്ട് ഓംകാളി പൂജ ചെയ്യുമെന്നാണ് കൊലവിളി. മുദ്രാവാക്യം വിളിച്ച് പ്രകടനമായി എത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഷംസീറിന്റെ വീടിന് മുന്നിലെ മതിലിലാണ് ഭീഷണി എഴുതിയത്.

വൈകിട്ടോടെയായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലവിളി. വീടിന് മുന്നില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു കൊലവിളിയും അക്രമവും. തലശേരിയിലെ വീടിന് മുന്നിലാണ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. തലശേരിയില്‍ നിന്നുള്ള എംഎല്‍എയും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയുമാണ് എഎന്‍ ഷംസീര്‍.

എഎന്‍ ഷംസീറിന്റെ വീടിനു മുന്‍പില്‍ കൊലവിളി പ്രകടനം നടത്തിയ ആര്‍എസ്എസ് ക്രിമിനലുകളെ അടിയന്തരമായി പൊലീസ് പിടികൂടണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. യാധൊരുവിധ കാരണവുമില്ലാതെ അക്രമങ്ങള്‍ നടത്തി നാട്ടില്‍ കലാപമുണ്ടാക്കാനാണ് ആര്‍എസ്എസുക്കാര്‍ ശ്രമിക്കുന്നതെന്നും ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി.

അക്രമ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ ആര്‍എസ്എസ് തയ്യാറാകണം. അല്ലാത്തപക്ഷം കനത്ത വില നല്‍കേണ്ടിവരുമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here