കലാഭവൻ മണിയുടെ ഓർമകൾക്ക് ഇന്നു ഒരു വയസ്സ്

കലാഭവൻ മണിയുടെ ഓർമകൾക്ക് മരണമില്ല. മണിയുടെ മരണമില്ലാത്ത ഓർമകൾക്ക് ഇന്നു ഒരു വയസ്സ്. കഴിഞ്ഞ വർഷം മാർച്ച് ആറിനാണ് ഒട്ടേറെ ചോദ്യങ്ങളും സംശയങ്ങളും ബാക്കിയാക്കി കലാഭവൻ മണി ലോകത്തോടു വിടപറഞ്ഞത്. മലയാള സിനിമയിൽ ഒരു കൊള്ളിയാൻ പോലെ ജ്വലിച്ചുയർന്ന കലാഭവൻ മണി പെട്ടെന്ന് ഒരുദിവസം അസ്തമിച്ചു. മണിയുടെ തന്നെ വാക്കുകളിൽ പറഞ്ഞാൽ, ഒരു തെങ്ങിൻ മുകളിൽ കയറിയാണ് ഞാൻ സിനിമയിലേക്ക് എത്തിയത്. പിന്നെ എനിക്ക് ആ തെങ്ങിൽ നിന്ന് ഇറങ്ങാൻ പറ്റിയിട്ടില്ല. ഒരുദിവസം രാത്രിയിൽ മദ്യപിച്ച് പിറ്റേദിവസം ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലാക്കുന്നു. മാർച്ച് അഞ്ചിനു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കലാഭവൻ മണി, പിറ്റേന്ന് മാർച്ച് ആറിന് അനശ്വരമാക്കിയ കഥാപാത്രങ്ങളും അതിലേറെ ചോദ്യങ്ങളും ബാക്കിയാക്കി യാത്രയായി.

45-ാമത്തെ വയസ്സിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മണിയുടെ അന്ത്യം. രാത്രി 7.15ഓടെ മണിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. കരൾ രോഗബാധയെ തുടർന്ന് മാർച്ച് നാലോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മണി, രണ്ടു ദിവസങ്ങൾക്കകം തന്നെ മരണത്തിനു കീഴടങ്ങി.

തൃശ്ശൂർ ജില്ലയിലെ ചാലക്കുടിയിൽ 1971 ജനുവരി ഒന്നിനാണ് മണിയുടെ ജനനം. കൊച്ചിൻ കലാഭവൻ മിമിക്‌സ് പരേഡിലൂടെയാണ് മണി കലാരംഗത്ത് സജീവമായത്. നാടൻ പാട്ടുകളും പുതിയ തലമുറയിലെ സിനിമാ സംഗീതത്തിനു സമാന്തരമായി ശ്രീ അറുമുഖൻ വെങ്കിടങ്ങ് എഴുതിയ നാടൻ വരികളും നാടൻ ശൈലിയിൽ തന്നെ അവതരിപ്പിച്ചായിരുന്നു മണി ജനശ്രദ്ധ പിടിച്ചുപറ്റിയത്. മണി രചിച്ച് ഈണമിട്ടു പാടിയ നാടൻ പാട്ടുകൾ മലയാളത്തിൽ വലിയ തരംഗമുണ്ടാക്കിയിരുന്നു.

അക്ഷരം എന്ന ചലച്ചിത്രത്തിലെ ഒരു ഓട്ടോ ഡ്രൈവറുടെ വേഷത്തിൽ ചലച്ചിത്ര ലോകത്തെത്തിയെങ്കിലും സുന്ദർദാസ്, ലോഹിതദാസ് കൂട്ടുകെട്ടിന്റെ സല്ലാപം എന്ന ചലച്ചിത്രത്തിലെ ചെത്തുകാരൻ രാജപ്പന്റെ വേഷമാണ് മണിക്ക് സിനിമാലോകത്ത് ചിരപ്രതിഷ്ഠ നേടിക്കൊടുത്തത്. ഇതിനെ കുറിച്ചാണ് മണി ഒരിക്കൽ പറഞ്ഞത്, ‘ഒരു തെങ്ങിൻ മുകളിൽ കയറിയാണ് ഞാൻ സിനിമയിലേക്ക് എത്തിയത്. പിന്നെ എനിക്ക് ആ തെങ്ങിൽ നിന്ന് ഇറങ്ങാൻ പറ്റിയിട്ടില്ല’. തുടക്കത്തിൽ സഹനടനായി ശ്രദ്ധ നേടിയ ശേഷം പിന്നീടു നായക വേഷങ്ങളിലേക്ക് ചേക്കേറുകയായിരുന്നു.

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ എന്നീ ചിത്രങ്ങളിലെ പ്രകടനം മണിയുടെ അഭിനയത്തികവിനുള്ള അംഗീകാരമായി. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ അഭിനയത്തിന് 2000ൽ ദേശീയ ചലച്ചിത്ര പുരസ്‌കാര സമിതിയുടെ പ്രത്യേക ജൂറി പരാമർശത്തിന് അർഹനായി. സംസ്ഥാന തലത്തിലും പ്രത്യേക ജൂറി പരാമർശം ലഭിച്ചു. 2002ൽ ജെമിനി എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തിന് ഫിലിം ഫെയറിന്റെ മികച്ച വില്ലൻ വേഷത്തിനുള്ള പുരസ്‌കാരം ലഭിച്ചു. ദേശീയ അവാർഡിൽ ജൂറിയുടെ പ്രത്യേക പരാമർശം, കേരള സർക്കാരിന്റെ സ്‌പെഷൽ ജൂറി പ്രൈസ്, സത്യൻ ഫൗണ്ടേഷൻ അവാർഡ്, മാതൃഭൂമി അവാർഡ്, ലക്‌സ് ഏഷ്യാനെറ്റ് അവാർഡ് എന്നീ അംഗീകാരങ്ങൾ മണിയെ തേടിയെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News