യുവനടിയെ ആക്രമിച്ച സംഭവത്തിൽ തനിക്കെതിരെ ഗൂഢാലോചനയെന്നു ദിലീപ്; പ്രേക്ഷകർക്കു മുന്നിൽ വികാരാധീനനായി ദിലീപ്

തൃശ്ശൂർ: കൊച്ചിയിൽ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച സംഭവത്തിൽ സംഭവത്തിൽ തനിക്കെതിരെ ഗൂഢാലോചന നടന്നതായി നടൻ ദിലീപിന്റെ ആരോപണം. പ്രേക്ഷകരുടെ മനസ്സിൽ തനിക്കെതിരെ വിഷം നിറയ്ക്കാനുള്ള ക്വട്ടേഷനാണ് നടന്നതെന്നും സത്യം പുറത്തെത്തിക്കേണ്ടത് മറ്റാരെക്കാളും തന്റെ ആവശ്യമാണെന്നും ദിലീപ് പറഞ്ഞു. തന്നെ വളർത്തി വലുതാക്കിയ പ്രേക്ഷകരോടു മാത്രമാണ് കാര്യങ്ങൾ വിശദമാക്കാനുള്ളതെന്നും ദിലീപ് പറഞ്ഞു. തൃശൂരിൽ ജോർജേട്ടൻസ് പൂരം എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ റിലീസ് ചടങ്ങിലാണ് ദിലീപ് ആരാധകർക്ക് മുന്നിൽ വികാരാധീനനായത്.

പത്രങ്ങളിൽ വന്ന വാർത്ത തനിക്കെതിരായ ഗൂഢാലോനയാണ്. മുംബൈ ആസ്ഥാനമായുള്ള ഇംഗ്ലീഷ് പത്രമാണ് ഗൂഢാലോചനയുടെ ഉറവിടം. ഇത്രയധികം ശത്രൂക്കൾ തനിക്കുണ്ടെന്ന കാര്യം അറിഞ്ഞിരുന്നില്ല. പൊലീസിനോട് പോലും കാര്യങ്ങൾ തിരക്കാതെയാണ് വീട്ടിൽ മഫ്തിയിൽ പൊലീസ് എത്തി ചോദ്യം ചെയ്തു എന്ന വാർത്ത മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചത്. ഇമേജ് തകർക്കാനുള്ള ക്വട്ടേഷന്റെ ഭാഗമാണ് ഇതെന്നും ദിലീപ് ആരോപിച്ചു. ഇക്കാര്യത്തിൽ സത്യം പുറത്തുവരേണ്ടത് മറ്റാരെക്കാളും തന്റെ ആവശ്യമാണെന്നും ദിലീപ് പറഞ്ഞു

ആരോപണങ്ങൾ പുറത്തു വന്നതു മുതൽ ജീവിതം മടുത്ത നിലയിലാണ്. മകളും സഹോദരിയും അമ്മയുമുള്ള ആളാണെന്നും കൊച്ചുകുട്ടിയോട് പോലും തെറ്റ് ചെയ്യാത്തയാളാണെന്നും ദിലീപ് പറഞ്ഞു. തൃശൂർ തേക്കിൻകാട് മൈതാനത്ത് ജോർജേട്ടൻസ് പൂരം എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ റിലീസ് ചടങ്ങിലാണ് ദിലീപ് ആരാധകർക്ക് മുന്നിൽ വികാരാധീനനായത്. ആരോപണങ്ങൾ പുറത്തുവന്ന ശേഷം ആദ്യമായാണ് ദിലീപ് പെതു പരിപാടിയിൽ പങ്കെടുത്തത്.

ഏറെ നാളുകൾക്കു ശേഷം പൊതുപരിപാടിയിൽ പങ്കെടുക്കുന്നതു കൊണ്ട് രണ്ടുവാക്കു സംസാരിക്കണം എന്നു തോന്നി എന്ന ആമുഖത്തോടെയാണ് ദിലീപ് ആരംഭിച്ചത്. എന്റെ ഒപ്പം കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച നടിക്കെതിരെ കുറച്ചുദിവസം മുമ്പ് ഒരു ആക്രമണം നടന്നു. അന്നുതന്നെ ഞാനും അവരെ വിളിച്ച് സംസാരിച്ചിരുന്നു. എന്നാൽ, പിന്നീടാണ് സംഭവം എനിക്കെതിരെ തിരിയുന്നത് ഞാൻ മനസ്സിലാക്കിയത്. ഞാനാണ് അവരെ ആക്രമിച്ചതിനു പിന്നിലെന്നു വാർത്തകൾ നിരന്തരം വരാൻ തുടങ്ങി.

യഥാർത്ഥത്തിൽ വെടിക്കെട്ടു നടക്കുന്നതിന്റെ നടുക്കുപെട്ടവന്റെ അവസ്ഥയിലായിരുന്നു ഞാൻ. അവിടെ പൊട്ടുന്നു, ഇവിടെ പൊട്ടുന്നു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്കു മനസിലായില്ല. പുകമറയൊക്കെ മാറിയപ്പോൾ ആക്രമണത്തിനു പിന്നിൽ ഗൂഢാലോചനയാണ്, ക്വട്ടേഷനാണ് എന്നൊക്കെ കേട്ടു. പിന്നീടാണ് മനസിലായത്, ക്വട്ടേഷൻ എനിക്കെതിരെ ആയിരുന്നു എന്ന്.

ഞാൻ അന്വേഷിച്ചപ്പോൾ മനസിലായത് മുംബൈയിൽനിന്നുള്ള ഒരു ഇംഗ്ലീഷ് പത്രത്തിൽനിന്നാണ് ഗൂഢാലോചനയുടെ തുടക്കം. അതിനെ ഓൺലൈൻ മഞ്ഞപ്പത്രങ്ങൾ ഏറ്റുപിടിച്ച് വാർത്തകൾ സൃഷ്ടിക്കുകയായിരുന്നു. സാധാരണ ഇത്തരം വാർത്തകൾക്ക് ചെവികൊടുക്കുന്നയാളല്ല ഞാൻ. എന്തെങ്കിലും പറയാനുണ്ടെങ്കിൽ പ്രേക്ഷകർക്കു മുന്നിലേക്കു നേരിട്ടു വന്നാണ് ശീലം.

എന്നാൽ, എന്റെ പേരിട്ട് നേരിട്ടു പറയാതെ ആലുവയിലെ പ്രമുഖ നടൻ എന്നൊക്കെ പറഞ്ഞ് നമ്മുടെ പത്രങ്ങൾ വാർത്തകൊടുത്തു. അതു ഞാനാണെന്ന് കേരളത്തിലെ എല്ലാവർക്കുമറിയാം. എന്നെ പൊലീസ് ചോദ്യം ചെയ്തു, എന്റെ വീട്ടിൽ മഫ്തിയിൽ പൊലീസ് വന്നു എന്നൊക്കെ അവർ വാർത്ത കൊടുത്തു. ഇതോടെയാണ് കാര്യങ്ങളെ താൻ ഗൗരവമായി കണ്ടു തുടങ്ങിയതെന്നും ദിലീപ് പറഞ്ഞു. തനിക്കെതിരെ വാർത്ത കൊടുത്തവർ പിന്നീട് നിജസ്ഥിതി മനസിലാക്കിയിട്ടും വാർത്ത തിരുത്തിക്കൊടുത്തില്ലെന്നും ദിലീപ് ആരോപിച്ചു. തനിക്കെതിരെ നടന്നത് അക്ഷരാർഥത്തിൽ മാധ്യമവേട്ടയാണെന്നും ദിലീപ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here