ബജറ്റ് ചോർന്നെന്ന ആരോപണത്തിൽ കഴമ്പില്ലെന്നു മുഖ്യമന്ത്രി പിണറായി; സംഭവിച്ചത് ഉദ്യോഗസ്ഥന്റെ വീഴ്ച; ഉദ്യോഗസ്ഥനെ മാറ്റിയെന്നും മുഖ്യമന്ത്രി; പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ നിർത്തിവച്ചു

തിരുവനന്തപുരം: ബജറ്റ് ചോർന്നെന്ന ആരോപണത്തിൽ കഴമ്പില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ബജറ്റിലെ പ്രധാന രേഖകൾ ഒന്നും ചോർന്നിട്ടില്ല. ഇക്കാര്യത്തിൽ ചീഫ് സെക്രട്ടറി അന്വേഷണം നടത്തി റിപ്പോർട്ട് സർക്കാരിനു സമർപിച്ചു കഴിഞ്ഞു. ബജറ്റ് ചോർന്നിട്ടില്ലെന്നാണ് റിപ്പോർട്ടിലുള്ളത്. യാതൊരു തരത്തിലുള്ള വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും ഭരണഘടനാപരമായ പിഴവ് ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. ബജറ്റ് ഹൈലൈറ്റ്‌സ് മാത്രമാണ് പുറത്തായത്. ഇതു ധനമന്ത്രിയുടെ ഓഫീസിൽ നിന്നു വന്ന ശ്രദ്ധക്കുറവാണ്. ആ ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തിട്ടുമുണ്ട്. അതുകൊണ്ടുതന്നെ സഭ നിർത്തിവച്ച് ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ വിശദീകരണത്തെ തുടർന്ന് അടിയന്തരപ്രമേയത്തിനു അനുമതി നിഷേധിച്ചു.

ബജറ്റ് ഹൈലൈറ്റ്‌സ് ചോർന്നതിൽ പിഴവോ ഭരണഘടനാ ലംഘനമോ നിയമപരമായ തെറ്റോ ഉണ്ടായിട്ടില്ലെന്നു മുഖ്യമന്ത്രി വിശദീകരിച്ചു. ജനപ്രിയമായ ബജറ്റിന്റെ ശോഭ കെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹൈലൈറ്റ്‌സ് മാത്രമാണ് ചോർന്നതെന്നു അടിയന്തരപ്രമേയത്തിൽ മറുപടി നൽകി സംസാരിച്ച ധനമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് സഭയിൽ ചർച്ച ചെയ്യുമെന്നു മുഖ്യമന്ത്രി ഉറപ്പു നൽകി. ഗൗരവതരമായ പരാമർശം ഉണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ പ്രസ്താവന നല്ലതാണെന്നും മറുപടിയിൽ തൃപ്തിയുണ്ടെന്നും അനാവശ്യമായി സഭാനടപടികൾ തടസ്സപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ഇതേതുടർന്ന് അൽപസമയം നിർത്തിവച്ച സഭാനടപടികൾ പുനരാരംഭിച്ചു.

വാദിയെ പ്രതിയാക്കാനാണ് ധനമന്ത്രി ശ്രമിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് അടിയന്തരപ്രമേയത്തിനു അനുമതി തേടി സംസാരിക്കവേ പറഞ്ഞു. ധനകാര്യ മന്ത്രി കുറ്റവാളിയെ പോലെയാണ് സംസാരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. ബജറ്റ് ഹൈലൈറ്റ്‌സ് ധനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർക്കു കളിക്കാൻ കൊടുക്കുകയാണോ ചെയ്യുന്നതെന്നു വി.ഡി സതീശൻ എംഎൽ എ ചോദിച്ചു. പ്രതിപക്ഷത്തു നിന്ന് വി.ഡി സതീശൻ എംഎൽഎ ആണ് അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകിയത്. ബജറ്റ് ചോർന്ന സംഭവം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നായിരുന്നു ആവശ്യം.

ബജറ്റ് ചോർന്ന സംഭവം ബജറ്റിന്റെ പവിത്രത നഷ്ടപ്പെടുത്തിയെന്നും ബജറ്റ് പുതുതായി അവതരിപ്പിക്കണം എന്നും പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ബജറ്റ് ചോർച്ച ചോദ്യോത്തരവേള റദ്ദാക്കി ചർച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രാവിലെ സഭയിൽ ബഹളം വച്ചിരുന്നു. ബജറ്റ് ചോർന്ന സംഭവം ചോദ്യോത്തരവേള റദ്ദാക്കി ബജറ്റ് ചോർച്ചാ വിവാദം ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ, ഇക്കാര്യത്തിൽ അടിയന്തരപ്രമേയത്തിനു നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നു സ്പീക്കർ അറിയിച്ചു. അടിയന്തരപ്രമേയമായി ഇക്കാര്യം പരിഗണിക്കുമെന്നും സ്പീക്കർ ഉറപ്പു നൽകിയതിനെ തുടർന്ന് പ്രതിപക്ഷം ബഹളം അവസാനിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News