പാലക്കാട്: വാളയാറിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച പെൺകുട്ടികൾ ലൈംഗികപീഡനത്തിനിരയായോ എന്ന കാര്യം പൊലീസ് പരിശോധിക്കുന്നു. ഇത്തരത്തിലൊരു സംശയത്തെ തുടർന്ന് ബന്ധുക്കളിൽ നിന്ന് മൊഴി എടുക്കാൻ പൊലീസ് തീരുമാനിച്ചു. രണ്ടാനച്ഛനെ പൊലീസ് ഇന്നു ചോദ്യം ചെയ്തു. മൂത്ത കുട്ടിയും ഇളയ സഹോദരിയും സമാന സാഹചര്യത്തിൽ മരിച്ചതിനെ തുടർന്നാണ് കുട്ടികൾ ലൈംഗികചൂഷണത്തിന് ഇരയായോ എന്നു പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചത്. ഒന്നരമാസത്തിനിടയിലാണ് രണ്ടു കുട്ടികളും മരിച്ചതെന്നതും സംശയത്തിന് ഇടയാക്കുന്നു. മാത്രമല്ല, മൂത്ത കുട്ടി മരിച്ച ദിവസം രണ്ടു പേർ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്നതായി കണ്ടെന്നു ഇളയ കുട്ടി പൊലീസിനു മൊഴി നൽകുകയും ചെയ്തിരുന്നു.
വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്താണ് കുട്ടികളുടെ മരണം സംഭവിച്ചത്. മരണം സംഭവിച്ചതിന്റെ പിറ്റേദിവസം തന്നെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. എട്ടടി ഉയരത്തിലാണ് വീടിന്റെ ഉത്തരം സ്ഥിതി ചെയ്യുന്നത്. കട്ടിലിൽ കയറി നിന്നാൽ പോലും കയ്യെത്താത്ത ഉയരത്തിലാണ് ഇതെന്നിരിക്കെ പെൺകുട്ടികൾ തൂങ്ങിമരിച്ചത് ആത്മഹത്യയല്ലെന്ന നിഗമനത്തിൽ ഉറച്ചു നിൽക്കുകയാണ് പൊലീസ്. ഇത്രയും ഉയരത്തിൽ കുട്ടികൾ എങ്ങനെ ഒറ്റയ്ക്ക് തൂങ്ങും എന്ന സംശയം ബന്ധുക്കളും പങ്കുവയ്ക്കുന്നു. അതുകൊണ്ടു തന്നെ സമഗ്ര അന്വേഷണം വേണമെന്നാണ് ബന്ധുക്കൾ ആവശ്യപ്പെടുന്നത്.
മാർച്ച് നാലിനാണ് ശരണ്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വൈകുന്നേരം വരെ കൂട്ടുകാർക്കൊപ്പം കളിച്ചു നടന്ന ഒമ്പതുവയസുകാരി ശരണ്യ പെട്ടെന്ന് തൂങ്ങിമരിച്ചതാണ് ബന്ധുക്കളിലും നാട്ടുകാരിലും സംശയം ജനിപ്പിക്കുന്നത്. സമാനമായ സാഹചര്യത്തിലാണ് ശരണ്യയുടെ പതിനാലു വയസ്സുള്ള സഹോദരിയും ഒന്നരമാസം മുമ്പ് തൂങ്ങി മരിച്ചത്. ജനുവരിയിലായിരുന്നു ഈ സംഭവം.
ശനിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് വാളയാർ അട്ടപ്പളളം സ്വദേശി ഷാജുവിന്റെയും ഭാഗ്യവതിയുടെയും മകൾ ഒൻപതു വയസ്സുകാരി ശരണ്യയെ വീടിനുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. അന്നു വൈകുന്നേരം അതിനു തൊട്ടുമുമ്പ് വരെ ശരണ്യ കൂട്ടുകാർക്കൊപ്പം കളിച്ചു നടക്കുന്നത് കണ്ടതാണ്. വീടിന്റെ ഉത്തരത്തിൽ മുണ്ടുപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സംഭവം അറിഞ്ഞ് ഓടിയെത്തിയ അച്ചൻ ഷാജുവാണ് മൃതദേഹം ആദ്യം കണ്ടത്.
ശരണ്യയുടെ പതിനാലു വയസ്സുളള സഹോദരി തൂങ്ങിമരിച്ച ദിവസം രണ്ടുപേർ വീടിനുളളിൽ നിന്നും ഇറങ്ങി പ്പോയതായി ശരണ്യ പൊലീസിൽ മൊഴി നൽകിയിരുന്നു. കുട്ടി വീട്ടിലേക്ക് വരുന്ന വഴിയിൽ മുഖംമറച്ച രണ്ടുപേർ പോകുന്നത് കണ്ടതായിട്ടായിരുന്നു മൊഴി നൽകിയിരുന്നത്. സംഭവത്തിൽ അന്വേഷണത്തിന് പാലക്കാട് എസ്പി ഉത്തരവിട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here