‘മനസ്സ് നിറയെ മരിക്കാത്ത ഓർമ്മകളാണ് സഖാവേ…’; കലാഭവൻ മണിയെ അനുസ്മരിച്ച് ഇന്നസെന്റ്; മണിയുടെ ഓർമയിൽ സിനിമാ ലോകവും

കൊച്ചി: കലാഭവൻ മണിയുടെ ഓർമകളിൽ സിനിമാലോകം. ഒരു തുള്ളി കണ്ണീരിന്റെ നനവോടെയാണ് സിനിമാലോകത്തെ സഹപ്രവർത്തകർ തങ്ങളുടെ പ്രിയപ്പെട്ട മണിയെ അനുസ്മരിച്ചത്. സമൂഹമാധ്യമങ്ങളിൽ കലാഭവൻ മണിയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് ചലച്ചിത്രലോകം അകാലത്തിൽ വിട്ടുപിരിഞ്ഞ തങ്ങളുടെ പ്രിയപ്പെട്ട സഹപ്രവർത്തകനെ അനുസ്മരിച്ചത്. കലാഭവൻ മണി എന്ന നാട്ടുനൻമയുള്ള കലാകാരൻ മരിച്ചിട്ട് ഇന്നേക്ക് ഒരുവർഷം തികഞ്ഞു. കഴിഞ്ഞ വർഷം ഇതേ ദിവസമാണ് കലാഭവൻ മണി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചത്. കരൾ രോഗത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

മനസ്സ് നിറയെ മരിക്കാത്ത ഓർമ്മകളാണ് സഖാവേ എന്ന ക്യാപ്ഷനോടെയാണ് ഇന്നസെന്റ് ഫേസ്ബുക്കിൽ മണിയുടെ ചിത്രം പോസ്റ്റ് ചെയ്തത്.

ഓർമപ്പൂക്കൾ എന്ന ക്യാപ്ഷൻ നൽകി മോഹൻലാലും കലാഭവൻ മണിയുടെ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ദിലീപും ജയറാമും കലാഭവൻ മണിയെ അനുസ്മരിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.

തൃശ്ശൂർ ജില്ലയിലെ ചാലക്കുടിയിൽ 1971 ജനുവരി ഒന്നിനാണ് മണിയുടെ ജനനം. കൊച്ചിൻ കലാഭവൻ മിമിക്‌സ് പരേഡിലൂടെയാണ് മണി കലാരംഗത്ത് സജീവമായത്. നാടൻ പാട്ടുകളും പുതിയ തലമുറയിലെ സിനിമാ സംഗീതത്തിനു സമാന്തരമായി ശ്രീ അറുമുഖൻ വെങ്കിടങ്ങ് എഴുതിയ നാടൻ വരികളും നാടൻ ശൈലിയിൽ തന്നെ അവതരിപ്പിച്ചായിരുന്നു മണി ജനശ്രദ്ധ പിടിച്ചുപറ്റിയത്. മണി രചിച്ച് ഈണമിട്ടു പാടിയ നാടൻ പാട്ടുകൾ മലയാളത്തിൽ വലിയ തരംഗമുണ്ടാക്കിയിരുന്നു.

അക്ഷരം എന്ന ചലച്ചിത്രത്തിലെ ഒരു ഓട്ടോ ഡ്രൈവറുടെ വേഷത്തിൽ ചലച്ചിത്ര ലോകത്തെത്തിയെങ്കിലും സുന്ദർദാസ്, ലോഹിതദാസ് കൂട്ടുകെട്ടിന്റെ സല്ലാപം എന്ന ചലച്ചിത്രത്തിലെ ചെത്തുകാരൻ രാജപ്പന്റെ വേഷമാണ് മണിക്ക് സിനിമാലോകത്ത് ചിരപ്രതിഷ്ഠ നേടിക്കൊടുത്തത്. ഇതിനെ കുറിച്ചാണ് മണി ഒരിക്കൽ പറഞ്ഞത്, ‘ഒരു തെങ്ങിൻ മുകളിൽ കയറിയാണ് ഞാൻ സിനിമയിലേക്ക് എത്തിയത്. പിന്നെ എനിക്ക് ആ തെങ്ങിൽ നിന്ന് ഇറങ്ങാൻ പറ്റിയിട്ടില്ല’. തുടക്കത്തിൽ സഹനടനായി ശ്രദ്ധ നേടിയ ശേഷം പിന്നീടു നായക വേഷങ്ങളിലേക്ക് ചേക്കേറുകയായിരുന്നു.

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ എന്നീ ചിത്രങ്ങളിലെ പ്രകടനം മണിയുടെ അഭിനയത്തികവിനുള്ള അംഗീകാരമായി. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ അഭിനയത്തിന് 2000ൽ ദേശീയ ചലച്ചിത്ര പുരസ്‌കാര സമിതിയുടെ പ്രത്യേക ജൂറി പരാമർശത്തിന് അർഹനായി. സംസ്ഥാന തലത്തിലും പ്രത്യേക ജൂറി പരാമർശം ലഭിച്ചു. 2002ൽ ജെമിനി എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തിന് ഫിലിം ഫെയറിന്റെ മികച്ച വില്ലൻ വേഷത്തിനുള്ള പുരസ്‌കാരം ലഭിച്ചു. ദേശീയ അവാർഡിൽ ജൂറിയുടെ പ്രത്യേക പരാമർശം, കേരള സർക്കാരിന്റെ സ്‌പെഷൽ ജൂറി പ്രൈസ്, സത്യൻ ഫൗണ്ടേഷൻ അവാർഡ്, മാതൃഭൂമി അവാർഡ്, ലക്‌സ് ഏഷ്യാനെറ്റ് അവാർഡ് എന്നീ അംഗീകാരങ്ങൾ മണിയെ തേടിയെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here