മലബാര്‍ സിമന്റ്‌സ് അഴിമതി : മൂന്നാം പ്രതി വിഎം രാധാകൃഷ്ണന്‍ കീഴടങ്ങി; വിജിലന്‍സ് അറസ്റ്റ് രേഖപ്പെടുത്തി; കോടതിയില്‍ ഹാജരാക്കും

പാലക്കാട് : മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസിലെ മൂന്നാം പ്രതി വ്യവസായി വിഎം രാധാകൃഷ്ണന്‍ കീഴടങ്ങി. പാലക്കാട് വിജിലന്‍സ് എസ്പിക്ക് മുമ്പാകെയാണ് രാധാകൃഷ്ണന്‍ കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് കീഴടങ്ങല്‍. ഒരാഴ്ചയ്ക്കകം കീഴടങ്ങണമെന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.

ഫ്‌ളൈ ആഷ് ഇടപാടുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് വിഎം രാധാകൃഷ്ണന്‍ കീഴടങ്ങിയത്.വിഎം രാധാകൃഷ്ണന്റെ അറസ്റ്റ് വിജിലന്‍സ് സംഘം രേഖപ്പെടുത്തി. ഇദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കിയ ശേഷം തുടര്‍ നടപടികള്‍ക്കായി കസ്റ്റഡിയില്‍ വാങ്ങും. കോടതിയില്‍ ഹാജരാക്കുന്ന മുറയ്ക്ക് ജാമ്യാപേക്ഷ പരിഗണിക്കാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.

മലബാര്‍ സിമന്റ്‌സിലെ ഫ്‌ളൈ ആഷ് ഇറക്കുമതിയുമായി ബന്ധപ്പെട്ടകേസില്‍ മൂന്നാം പ്രതിയാണ് വി.എം രാധാകൃഷ്ണന്‍. കേസില്‍ മലബാര്‍ സിമന്റ്‌സ് മുന്‍ എംഡി അടക്കം നാലു പേരാണ് പ്രതിപ്പട്ടികയിലുള്ളത്. മുന്‍ എംഡി കെ പത്മകുമാര്‍ ഒന്നാം പ്രതിയാണ്. ലീഗല്‍ ഓഫിസര്‍ പ്രകാശ് ജോസഫ് രണ്ടാം പ്രതിയും എആര്‍കെ വുഡ് ആന്റ് മിനറല്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ് വടിവേലു നാലാം പ്രതിയുമാണ്.

കമ്പനിയിലേക്ക് ഫ്‌ളൈ ആഷ് ഇറക്കുമതി ചെയ്യുന്നതിന് വിഎം രാധാകൃഷ്ണന്റെ സ്ഥാപനമായ എആര്‍കെ വുഡ് ആന്റ് മിനറല്‍സ് എന്ന സ്ഥാപനം മലബാര്‍ സിമന്റ്‌സുമായി ഒമ്പതു വര്‍ഷത്തേയ്ക്ക് കരാറുണ്ടാക്കി. 2004ല്‍ തുടങ്ങിയ കരാറില്‍ നിന്ന് നാലുവര്‍ഷത്തിനു ശേഷം വി.എം രാധാകൃഷ്ണന്റെ സ്ഥാപനം ഏകപക്ഷീയമായി പിന്മാറി.

കമ്പനി ബാങ്കില്‍ നല്‍കിയ സെക്യൂരിറ്റി തുകയും പലിശയും അടക്കം 52.45 ലക്ഷം രൂപ പിന്‍വലിക്കുകയും ചെയ്തു. ഇതിന് മുന്‍ എംഡി അടക്കമുള്ള ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നുവെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. തുടര്‍ന്നാണ് വിഎം രാധാകൃഷ്ണന്‍ അടക്കം നാല് പേര്‍ പ്രതികളായി വിജിലന്‍സ് അന്വേഷണ സംഘം കേസെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here