സ്പിൻ ചുഴലിക്കാറ്റിൽ വട്ടം കറങ്ങി കംഗാരുപ്പട; ആദ്യ ഇന്നിംഗ്‌സിൽ 276 റൺസിനു പുറത്ത്; ഓസീസിനു 87 റൺസ് ഒന്നാം ഇന്നിംഗ്‌സ് ലീഡ്

ബംഗളുരു: ഇന്ത്യയുടെ സ്പിൻ ചുഴലിക്കാറ്റിൽ കംഗാരുപ്പട വട്ടംകറങ്ങി വീണു. ഒന്നാം ഇന്നിംഗ്‌സിൽ ഇന്ത്യയെ ചെറിയ സ്‌കോറിന് പുറത്താക്കിയ ഓസീസിനു പക്ഷേ ആ അവസരം മുതലെടുത്ത് മികച്ച ഒന്നാം ഇന്നിംഗ്‌സ് സ്‌കോർ പടുത്തുയർത്താനായില്ല. ഒന്നാം ഇന്നിംഗ്‌സിൽ ഓസ്‌ട്രേലിയ 276 റൺസിനു എല്ലാവരും പുറത്തായി. ഇന്ത്യയുടെ സ്പിൻ ആക്രമണത്തിനു മുന്നിൽ പിടിച്ചുനിൽക്കാനാകാതെ മധ്യനിരയും വാലറ്റവും വിക്കറ്റുകൾ വലിച്ചെറിഞ്ഞതോടെ പ്രതീക്ഷിച്ചതിലും നേരത്തെ ഇന്ത്യയ്ക്ക് രണ്ടാം ഇന്നിംഗ്‌സ് ആരംഭിക്കാനായി. ആറു വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് ഓസീസിന്റെ നട്ടെല്ലൊടിച്ചത്.

ഓപ്പണർ മാറ്റ് റെൻഷോ നൽകിയ അടിത്തറയും മധ്യനിരയിൽ ഷോൺ മാർഷിന്റെ ഉഗ്രൻ പെർഫോമൻസും മുതലാക്കാൻ മറ്റു ഓസീസ് താരങ്ങൾക്കായില്ല. ഓപ്പണർമാർ തകർപ്പൻ തുടക്കമാണ് ഓസീസിനു നൽകിയത്. ഡേവിഡ് വാർണർ 33 ഉം മാറ്റ് റെൻഷോ 60 ഉം റൺസെടുത്തു പുറത്തായി. ഷോൺ മാർഷ് 66 റൺസെടുത്ത് പുറത്തായി. എന്നാൽ, പിന്നീട് വന്നവരിൽ 40 റൺസെടുത്ത മാത്യു വേഡ് മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. സ്റ്റീവൻ സ്മിത്ത് (8), ഹാൻഡ്‌സ്‌കോംബ് (16), മിച്ചൽ മാർഷ് (0), മിച്ചൽ സ്റ്റാർക് (26), നഥാൻ ലിയോൺ (0), ജോഷ് ഹാസ്ൽവുഡ് (1) എന്നിവർ പരാജയപ്പെട്ടു.

ആറു വിക്കറ്റെടുത്ത സ്പിന്നർ രവീന്ദ്ര ജഡേജയുടെ പ്രകടനമാണ് ഇന്ത്യൻ നിരയിൽ ശ്രദ്ധേയമായത്. 63 റൺസ് മാത്രം വിട്ടു കൊടുത്താണ് ജഡേജ ആറു വിക്കറ്റ് വീഴ്ത്തിയത്. 84 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി. ഇഷാന്ത് ശർമയും ഉമേഷ് യാദവും ഓരോ വിക്കറ്റ് വീഴ്ത്തി. രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് ഒരു വിക്കറ്റ് നഷ്ടമായി. 16 റൺസെടുത്ത അഭിനവ് മുകുന്ദിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News