മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയ കുന്ദൻ ചന്ദ്രാവതിനെതിരെ കേസെടുക്കണമെന്നു നിയമസഭയിൽ പ്രമേയം; പ്രതിപക്ഷത്തിന്റെ പിന്തുണയോടെ പ്രമേയം ഏകകണ്ഠമായി പാസാക്കി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയ ആർഎസ്എസ് നേതാവ് കുന്ദൻ ചന്ദ്രാവതിനെതിരെ കേസെടുക്കണമെന്നു കേരള നിയമസഭ പ്രമേയം പാസാക്കി. പ്രസക്തമായ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നാണ് പ്രമേയം. മുഖ്യമന്ത്രിക്കെതിരായ ആർഎസ്എസ് നേതാവിന്റെ കൊലവിളിയെ നിയമസഭ പ്രമേയത്തിൽ അപലപിച്ചു. നിയമമന്ത്രി എ.കെ ബാലനാണ് പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷവും പ്രമേയത്തെ പിന്താങ്ങി. പ്രമേയം ഏകകണ്ഠമായി പാസാക്കി.

മുഖ്യമന്ത്രിക്കെതിരായ കൊലവിളിയിൽ ആർഎസ്എസ് നേതാവ് കുന്ദൻ ചന്ദ്രാവത് കഴിഞ്ഞ ദിവസം ഖേദപ്രകടനം നടത്തിയിരുന്നു. ചന്ദ്രാവതിനെതിരെ കഴിഞ്ഞ ദിവസം മധ്യപ്രദേശ് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് ഇയാൾക്കെതിരെ കേസെടുക്കാൻ മധ്യപ്രദേശ് പൊലീസ് കേസെടുക്കാൻ തയ്യാറായത്. മധ്യപ്രദേശിലെ ആർഎസ്എസ് സഹ പ്രചാർ പ്രമുഖ് ആയ കുന്ദൻ ചന്ദ്രാവതിനെ തൽസ്ഥാനത്തു നിന്ന് നീക്കി ആർഎസ്എസും നടപടിയെടുത്തിരുന്നു.

ഉജ്ജയിൻ എംപി ചിന്താമണി മാളവ്യ, എംഎൽഎ മോഹൻ യാദവ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അങ്ങേയറ്റം പ്രകോപനപരമായ പ്രസംഗം. കേരളത്തിൽ ഹിന്ദുക്കളെ മാർക്‌സിസ്റ്റുകാർ കൊന്നൊടുക്കുകയാണെന്ന് ആരോപിച്ച് ആർഎസ്എസ് സംഘടിപ്പിച്ചതായിരുന്നു യോഗം. ഇതിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ തല കൊയ്യുന്നവർക്ക് ഒരു കോടി രൂപ ഇനാം നൽകുമെന്നു ചന്ദ്രാവത് പ്രസംഗിച്ചത്.

ആർഎസ്എസ് നേതാവിന്റെ കൊലവിളി ദേശീയമാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തയായിട്ടും കേസെടുക്കാൻ മധ്യപ്രദേശ് സർക്കാർ മടിക്കുകയായിരുന്നു. കുന്ദൻ ചന്ദ്രാവത്തിനെ ഉജ്ജയിൻ സഹ പ്രചാർപ്രമുഖ് സ്ഥാനത്തുനിന്ന് നീക്കുക മാത്രമാണ് ചെയതിരുന്നത്. കൂടാതെ ചന്ദ്രാവത്തിനെ സംസ്ഥാന ആഭ്യന്തരമന്ത്രി ഭൂപേന്ദ്ര സിംഗ് ന്യായീകരിക്കുകയും ചെയ്തിരുന്നു.

എന്നാൽ വിവാദപ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. ചന്ദ്രവത്തിനെതിരെ കേരള പൊലീസ് കേസ് എടുക്കണമെന്നും യുഎപിഎ ചുമത്തണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ട് മണിക്കൂറുകൾക്കകമാണ് മധ്യപ്രദേശ് സർക്കാർ കേസെടുത്തത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here