ഇടുക്കി: ഇടുക്കിയിൽ 70 വയസ്സുള്ള വയോധികയായ ക്ഷേത്രജീവനക്കാരിയെ അമ്പലത്തിൽ വച്ച് പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ. 20 വയസ്സുള്ള താൽക്കാലിക ശാന്തിയായി ജോലി ചെയ്തിരുന്ന മുണ്ടക്കയം സ്വദേശി വൈശാഖ് ആണ് അറസ്റ്റിലായത്. കഴിഞ്ഞമാസം ഇടുക്കിയിലെ ഒരു ക്ഷേത്രത്തിൽ ഒരു ദിവസത്തെ ശാന്തിപ്പണിക്കായി എത്തിയപ്പോഴാണ് വൈശാഖ് എഴുപതുകാരിയെ ബലാൽസംഗം ചെയ്തത്. പട്ടികവർഗ വിഭാഗത്തിൽ പെട്ട താൽക്കാലിക ക്ഷേത്രം ജീവനക്കാരിയാണ് പീഡനത്തിനിരയായത്. ആദ്യം പുറത്തുപറയാൻ മടിച്ച പീഡനവിവരം പിന്നീട് മാനസികസമ്മർദ്ദത്തെ തുടർന്ന് പുറത്തുപറയുകയായിരുന്നു.

കഴിഞ്ഞ മാസമാണ് വൈശാഖ് ഇടുക്കി ജില്ലയിലെ ഒരു ക്ഷേത്രത്തിൽ പൂജാരി അവധി ആയതിനെ തുടർന്ന് ഒരുദിവസത്തേക്ക് ശാന്തി ആയി എത്തിയത്. അന്ന് വയോധികയെ അമ്പലത്തിനു പുറകിലുള്ള ഒഴിഞ്ഞ മുറിയിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. മാനസിക സമ്മർദ്ദത്തെ തുടർന്ന് ജില്ലാ ആശുപത്രിയിലെ ഭൂമികയിൽ എത്തി പീഡനവിവരം തുറന്നുപറയുകയായിരുന്നു. തുടർന്ന് ഭൂമിക അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് വൃദ്ധയെ വനിതാ സെല്ലിൽ എത്തിച്ച് മൊഴി രേഖപ്പെടുത്തി. പിന്നീട് വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയപ്പോൾ പീഡനം നടന്നതായി സ്ഥിരീകരിക്കുകയും ചെയ്തു.

വൃദ്ധയുടെ മൊഴി പരാതിയായി സ്വീകരിച്ച് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് ഇന്നലെയാണ് പ്രതിയെ മുണ്ടക്കയത്തുള്ള സ്വന്തം വീട്ടിൽ നിന്ന് പൊലീസ് പിടികൂടിയത്. ഇയാൾ താൽക്കാലിക ശാന്തിപ്പണിക്കായി വിവിധ ക്ഷേത്രങ്ങളിൽ പോകാറുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ഇടുക്കി സിഐ: സിബിച്ചൻ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.