ശിവജിത് നമ്പ്യാര്‍ ഇനി ശിവജിത് പത്മനാഭന്‍; ജാതിവാല്‍ ഉപേക്ഷിച്ച് ‘വീര’ത്തിലെ ആരോമല്‍; പ്രഖ്യാപനം കൈതപ്രം ദാമോദരന്റെ സാന്നിധ്യത്തില്‍; കൈയ്യടിയോടെ എഴുത്തകം

ആലപ്പുഴ : ‘വീരം’ സിനിമയില്‍ ആരോമലെന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശിവജിത്ത് നമ്പ്യാര്‍ ജാതിവാലുപേക്ഷിച്ചു. പേരിനൊപ്പം അച്ഛന്റെ പേരായ പദ്മനാഭന്‍ എന്നുകൂടി ചേര്‍ത്താവും അറിയപ്പെടുക. നേരത്തെ ജാതിവാല്‍ ഉപേക്ഷിച്ച കൈതപ്രം ദാമോദരന്റെ സാന്നിധ്യത്തിലായിരുന്നു ശിവജിതിന്റെ പ്രഖ്യാപനം.

എഴുത്തകം സ്വാതന്ത്രയത്തിന്റെ തുരുത്ത് എന്ന പരിപാടിയിലാണ് ജാതിവാല്‍ ഉപേക്ഷിക്കുന്നതായി ശിവജിത് പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തിന് മുന്നോടിയായി ശിവജിത്ത് പത്മനാഭന്‍ എന്ന പേരാണ് സോഷ്യല്‍ മീഡിയയില്‍ താരം സ്വീകരിച്ചത്. ശിവജിതിന്റെ തീരുമാനത്തെ നിറഞ്ഞ സദസ് കൈയ്യടിയോടെയാണ് സ്വീകരിച്ചത്. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡാണ് പരിപാടി സംഘടിപ്പിച്ചത്.

ജയരാജിന്റെ ‘വീരം’ എന്ന സിനിമയിലൂടെ സിനിമാ രംഗത്തേക്ക് കടന്നുവന്ന ശിവജിത്ത് 1998ലും 99ലും സംസ്ഥാന സ്‌കൂള്‍ കലാപ്രതിഭയായിരുന്നു. ഭരതനാട്യം, കുച്ചിപ്പുടി, കഥകളി, മോഹിനായാട്ടം, നാടോടിനൃത്തം തുടങ്ങിയ ഇനങ്ങളില്‍ ഒന്നാം സ്ഥാനം ശിവജിത്ത് നേടി. നൃത്ത രംഗത്ത് പ്രതിഭ തെളിയിച്ച ശിവജിത് ബാംഗ്ലൂരില്‍ അനിമേഷന്‍ പഠനത്തിനിടെ തിയേറ്റര്‍ രംഗത്തും സജീവമായി.

കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായി ശിവജിത്ത് ഇപ്പോള്‍ കോട്ടയത്താണ് താമസം. കലാകാരനെന്ന നിലയില്‍ ജാതിമത ചിഹ്നങ്ങളിലാതെതന്നെ അറിയപ്പെടണമെന്നാണ് ആഗ്രഹം. അതാണ് ഇത്തരം പ്രഖ്യാപനത്തിന് പിന്നിലെ കാരണമെന്ന് ശിവജിത് പറഞ്ഞു. കലയ്ക്ക് ജാതിയോ മതമോ ഒന്നുമില്ല. എല്ലാത്തിനേയും ഒരുപോലെ ഉള്‍ക്കൊള്ളുന്നവനാണ് കലാകാരന്‍. അതുകൊണ്ടുതന്നെ കലാകാരന് ജാതിവാലിന്റെ ആവശ്യമില്ല. കവി കൈതപ്രം ദാമോദരന്‍ ജാതിവാലുപേക്ഷിച്ച തീരുമാനമാണ് പ്രചോദനമായതെന്നും ശിവജിത് പറഞ്ഞു.

മനസ്സില്‍ നിന്ന് ജാതിവാലുപേക്ഷിക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. എന്നാല്‍ പേരിനൊപ്പമുള്ള ജാതിവാല്‍ ഉപേക്ഷിക്കാന്‍ പറ്റിയ അവസരം ലഭിച്ചില്ല. എഴുത്തകം പരിപാടിയില്‍ പങ്കെടുക്കവേ കൈതപ്രത്തിന്റെ പ്രഭാഷണമാണ് ആ വേദിയില്‍ തന്നെ തീരുമാനം പ്രഖ്യാപിക്കാന്‍ കാരണം. പരിപാടിക്കുശേഷം അച്ഛന്‍ പദ്മനാഭനെ വിവരം അറിയിച്ചു. ജിവിതത്തില്‍ എടുത്ത ഏറ്റവും മികച്ച തീരുമാനമാണെന്ന അച്ഛന്റെ മറുപടി കൂടുതല്‍ കരുത്തു പകര്‍ന്നു. – ശിവജിത് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel