ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ചികിത്സാ വിവരങ്ങള്‍ തമിഴ്‌നാട് സര്‍ക്കാര്‍ പുറത്തുവിട്ടു. ലഭിക്കുന്നതില്‍ ഏറ്റവും മികച്ച ചികിത്സയാണ് ജയലളിതയ്ക്ക് നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു. 19 പേജുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടാണ് പുറത്ത് വിട്ടിരിക്കുന്നത്.
ഹൃദയസ്തംഭനം മൂലമാണ് ജയലളിത മരിച്ചതെന്നും ഹൃദയം പ്രവര്‍ത്തനരഹിതമായ സാഹചര്യത്തില്‍ ഇസിഎംഒ സംവിധാനം ഉള്‍പ്പെടെയുള്ള ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ഉപയോഗിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജീവന്‍ നിലനിര്‍ത്താനുള്ള സാധ്യത നിലനില്‍ക്കുന്നില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് ഒ പനീര്‍ശെല്‍വം, എംഎസ് ശശികല, ചീഫ് സെക്രട്ടറി തുടങ്ങിയവരെ വിവരം അറിയിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജയലളിത മരിച്ചത് ഡിസംബര്‍ അഞ്ച് രാത്രി 11:30നാണെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
എയിംസ് ഡെപ്യൂട്ടി ഡയറക്ടര്‍ വി ശ്രീനിവാസ് തമിഴ്‌നാട് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ ജെ രാധാകൃഷ്ണനാണ് രേഖകള്‍ കൈമാറിയത്. ചികിത്സയില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന ആരോപണം ഉയര്‍ന്നതോടെയാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ജയലളിതയ്ക്ക് നല്‍കിയിരുന്ന ചികിത്സയില്‍ ദുരൂഹതകള്‍ ഉണ്ടെന്ന മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിന്റെ ആരോപണങ്ങള്‍ സര്‍ക്കാര്‍ നേരത്തെ നിഷേധിച്ചിരുന്നു. ഡിഎംകെയും ഈ വിഷയം സംബന്ധിച്ച് മദ്രാസ് ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here