‘ഗംഗയുടെ ശവശരീരം കൊണ്ടു പോകുന്ന വഴി ആരാണ് ഇത്രയും ചെറുതാക്കിയത്’ ഈ ചോദ്യം ചോദിക്കാന്‍ വേണ്ടി മാത്രം വിനായകന്‍ ആദ്യമായി പൊതുവേദിയില്‍

കൊച്ചി: കമ്മട്ടിപ്പാടം സിനിമയിലെ തന്റെ കഥാപാത്രമായ ഗംഗയുടെ ശവശരീരം കൊണ്ടുപോകുന്ന വഴി ആരാണ് ഇത്രയും ചെറുതാക്കിയതെന്ന് തനിക്കറിയില്ലെന്നും ഇത് എല്ലാവരും ചിന്തിക്കേണ്ട കാര്യമാണെന്നും നടന്‍ വിനായകന്‍. തൃപ്പൂണിത്തുറ സംഘം സാംസ്‌കാരിക വേദി സംഘടിപ്പിച്ച ‘ബഹിഷ്‌കൃതരുടെ ചരിത്രവും ഭൂമിശാസ്ത്രവും’ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വിനായകന്‍.


‘ഞാന്‍ കമ്മട്ടിപ്പാടത്തുനിന്ന് വരുന്നതാണ്. അവിടെ ജനിച്ച് അവിടെ വളര്‍ന്ന ആളാണ്. ഗംഗയുടെ ശവശരീരം കൊണ്ടുപോകുന്ന ആ വഴി ആരാണ് അത്രയും ചെറുതാക്കിയതെന്ന് എനിക്ക് മനസിലാവാത്ത കാര്യമാണ്. അത് ആരാണ് ചെയ്തതെന്ന് എല്ലാവരും ചിന്തിക്കേണ്ടതാണ്. സിനിമയുടെ തുടക്കത്തില്‍ ‘ഗംഗ’ താമസിക്കുന്ന ഇടം വിടര്‍ന്ന് കിടക്കുകയാണ്. തുടര്‍ന്ന് പലപ്പോഴായി പല ആളുകള്‍ വന്ന് ഓരോന്ന് പൂട്ടുകയാണ്. ഗംഗനെയും ബാലനെയുമൊക്കെ ചിലര്‍ ഉപയോഗിക്കുകയാണ്. അവര്‍ മണ്ടന്മാരാണ്. അങ്ങനെ മണ്ടന്മാരാവാതിരിക്കുന്നതിലാണ് കാര്യം. ഞാന്‍ ഇത്തരം പരിപാടിയില്‍ സാധാരണ പങ്കെടുക്കാറില്ല. ആ ശവം കൊണ്ടുപോയ വഴി എങ്ങനെ ചെറുതായി എന്ന ചോദ്യം നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാനാണ് ഞാന്‍ ഇവിടെ വന്നത്. ‘-വിനായകന്‍ പറയുന്നു.


സമൂഹത്തില്‍ ക്രൂരത കാണിക്കുന്നവര്‍ ക്രൂരതകളുടെ ഇരകളെത്തന്നെ ഉപയോഗപ്പെടുത്തുന്നത് വരച്ചുകാണിക്കുന്ന ചലച്ചിത്രകാവ്യമാണ് കമ്മട്ടിപ്പാടമെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം എംഎ ബേബി ചടങ്ങില്‍ പറഞ്ഞു. എല്ലാവര്‍ക്കും അവകാശപ്പെട്ട ഈ ഭൂമിയില്‍ എന്തുംചെയ്യാന്‍ മനുഷ്യന് അവകാശമുണ്ടോ എന്ന ചോദ്യം ഉയരുന്ന ഈ കാലത്ത്, തന്ത്രങ്ങളും കുതന്ത്രങ്ങളും ഉപയോഗിച്ച് പ്രകൃതിയെയും ഭൂമിയെയും ഒരുവിഭാഗം കൈയടക്കുമ്പോള്‍ എല്ലാം നഷ്ടപ്പെടുന്നുവെന്ന തിരിച്ചറിവാണ് കമ്മട്ടിപ്പാടം തരുന്നതെന്നും എംഎ ബേബി പറഞ്ഞു.
ജീവിതാനുഭവങ്ങളെ അഭിസംബോധനചെയ്യുന്ന ഒരു സിനിമയായി കമ്മട്ടിപ്പാടം മാറിയത് രാജീവ് രവി എന്ന സംവിധായകന്റെ ദാര്‍ശനികതയും ജീവിതവീക്ഷണവും മൂലമാണെന്ന് അദ്ദേഹം പറഞ്ഞു.


ഡോ. വിസി ഹാരിസ്, ജിപി രാമചന്ദ്രന്‍, അജയ് എസ് ശേഖര്‍, പ്രൊഫ. അജി സി പണിക്കര്‍, ഡോ. സി.ബി സുധാകരന്‍, പി ബാലചന്ദ്രന്‍, ബി അജിത്കുമാര്‍, അന്‍വര്‍ അലി, സജിത മഠത്തില്‍ എന്നിവര്‍ സംസാരിച്ചു. കമ്മട്ടിപ്പാടത്തിലെ താരങ്ങളും അണിയറപ്രവര്‍ത്തകരുമായ വിനായകന്‍, മണികണ്ഠന്‍, ഷോണ്‍ റോമി, വിജയകുമാര്‍, ദിവ്യ, അന്‍വര്‍ അലി, പി ബാലചന്ദ്രന്‍ എന്നിവരെ എംഎ ബേബി പൊന്നാടയണിയിച്ചു.



പുനപ്രസിദ്ധീകരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News