സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്നു പ്രഖ്യാപിക്കും; മികച്ച നടനായുള്ള പോരാട്ടത്തിൽ വിനായകനും ഫഹദും ശ്രീനിവാസനും; മഹേഷിന്റെ പ്രതികാരവും കമ്മട്ടിപ്പാടവും മാൻഹോളും പുരസ്‌കാരപട്ടികയിൽ

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്നു പ്രഖ്യാപിക്കും. മികച്ച നടനായുള്ള പോരാട്ടത്തിൽ ഫഹദ് ഫാസിലും വിനായകനും ശ്രീനിവാസനുമാണ് മുൻപന്തിയിൽ നിൽക്കുന്നത്. മാൻഹോൾ, മഹേഷിന്റെ പ്രതികാരം, കമ്മട്ടിപ്പാടം എന്നിവ മികച്ച ചിത്രത്തിനായുള്ള പുരസ്‌കാരപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. വൈകിട്ട് അഞ്ചിന് സാംസ്‌കാരിക മന്ത്രി എ.കെ ബാലൻ അവാർഡുകൾ പ്രഖ്യാപിക്കും. 2016 ൽ പ്രദർശനത്തിനെത്തിയ 68 ചിത്രങ്ങളാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾക്കായി മത്സരിച്ചത്.

വിധു വിൻസെന്റ് സംവിധാനം ചെയ്ത മാൻഹോൾ മികച്ച ചിത്രത്തിനും നവാഗത സംവിധായികയ്ക്കുമുള്ള പുരസ്‌കാരം നേടുമെന്നാണ് സൂചന. മഹേഷിന്റെ പ്രതികാരത്തിലെ പ്രകടനമാണ് ഫഹദ് ഫാസിലിനെ മികച്ച നടനുള്ള പോരാട്ടത്തിൽ ഇടംനേടിക്കൊടുത്തത്. കമ്മട്ടിപ്പാടത്തിലെ ഗംഗനായുള്ള പ്രകടനമാണ് വിനായകനെ പുരസ്‌കാരപട്ടികയിൽ എത്തിച്ചത്. അയാൾ ശശിയിലൂടെ ശ്രീനിവാസനും മികച്ച നടനുള്ള പോരാട്ടത്തിലാണ്.

മികച്ച നടിക്കുള്ള പട്ടികയിൽ കാവ്യാ മാധവൻ, പ്രിയങ്ക, നയൻതാര, റിമ കല്ലിംഗൽ എന്നിവരാണ് മുൻപന്തിയിൽ. പിന്നെയും എന്ന ചിത്രത്തിലെ പ്രകടനമാണ് കാവ്യയെ പുരസ്‌കാരപട്ടികയിൽ ഇടംനേടിക്കൊടുത്തത്. ജലത്തിലെ പ്രകടനമാണ് പ്രിയങ്കയ്ക്ക് തുണയായത്. പുതിയ നിയമത്തിലെ അഭിനയമാണ് നയൻതാരയെ ഉൾപ്പെടുത്തിയത്. കാട് പൂക്കുന്ന നേരത്തിലൂടെ റിമാ കല്ലിംഗലും പോരാട്ടത്തിൽ ഇവർക്കൊപ്പമെത്തി.

മഹേഷിന്റെ പ്രതികാരത്തിന്റെ സംവിധായകൻ ദിലീഷ് പോത്തനും കമ്മട്ടിപ്പാടത്തിലൂടെ രാജീവ് രവിയും തമ്മിലാണ് മികച്ച സംവിധായകനുള്ള പ്രധാന പോരാട്ടം. മഹേഷിന്റെ പ്രതികാരം മികച്ച ജനപ്രിയ ചിത്രമാകുമെന്നാണ് സൂചന. പുലിമുരുകനും ഈ വിഭാഗത്തിൽ വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. വൈകിട്ട് 5 മണിക്ക് സാംസ്‌കാരിക മന്ത്രി എകെ ബാലൻ അവാർഡുകൾ പ്രഖ്യാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News