ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിനു അമേരിക്കൻ പൗരൻമാർക്ക് മുന്നറിയിപ്പ്; ഭീകരസാന്നിധ്യം ഇന്ത്യയിലുണ്ടെന്നു യുഎസ് ഭരണകൂടം; പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളും പട്ടികയിൽ

വാഷിംഗ്ടൺ: ദക്ഷിണേഷ്യൻ രാഷ്ട്രങ്ങളിലേക്കു യാത്ര ചെയ്യുന്നതിൽ അമേരിക്കൻ പൗരൻമാർക്ക് യുഎസ് ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. ഇന്ത്യ അടക്കം നാലു രാജ്യങ്ങളിലേക്കു യാത്ര ചെയ്യുന്നതിനാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഭീകരസംഘടനകളുടെ സാന്നിധ്യം സജീവമായതിനാൽ ഇന്ത്യ, പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നതു സൂക്ഷിച്ചുവേണം എന്നാണ് യുഎസ് ഭരണകൂടം പുറത്തിറക്കിയ പുതിയ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്. ഇവിടങ്ങളിൽ ഭീകരാക്രമണ സാധ്യതയുണ്ടെന്നു മുന്നറിയിപ്പിൽ പറയുന്നു. അതും അമേരിക്കൻ പൗരൻമാർക്കും മറ്റു അമേരിക്കൻ സ്ഥാപനങ്ങൾക്കു നേരെയും ആക്രമണം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

അഫ്ഗാനിസ്താനെതിരെ ആണ് ഏറ്റവും കടുത്ത മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. എന്തുവന്നാലും അഫ്ഗാനിസ്താനിലേക്കു യാത്ര ചെയ്യരുത്. അവിടെ ഒരു പ്രദേശം സംഘർഷത്തിൽ നിന്നു മുക്തമല്ല. അറിയപ്പെടുന്ന തീവ്രവാദി സംഘടനകൾ പാകിസ്താനിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. വിഘടനവാദികളും മറ്റു ഭീകരസംഘടനകളും പാകിസ്താനിൽ പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ട് പാകിസ്താൻ യാത്രയും സൂക്ഷിച്ചാകണം. ഇന്ത്യയിലും ഇത്തരം സംഘടനകളുടെ സാന്നിധ്യമുണ്ട്. ബംഗ്ലാദേശിൽ അടുത്തിടെയുണ്ടായ പുതിയ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ അവിടെയും യാത്ര ചെയ്യുന്നതിനു വിലക്ക് ഏർപ്പെടുത്തുന്നുണ്ട്.

അതിനിടെ ആറു മുസ്ലിം രാഷ്ട്രങ്ങളിൽ നിന്നുള്ള ആളുകൾക്ക് യാത്രയ്ക്ക് വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രഹസ്യമായി ഒപ്പുവച്ചു. പരിഷ്‌കരിച്ച ഉത്തരവിലാണ് ട്രംപ് രഹസ്യമായി ഒപ്പുവച്ചത്. പ്രസിഡന്റ് ആയി ചുമതലയേറ്റ ശേഷം ആദ്യമായി ട്രംപ് ഇറക്കിയ ഉത്തരവ് മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിലക്ക് ഏർപ്പെടുത്തുകയായിരുന്നു. അന്നു ഏഴു രാജ്യങ്ങളിൽ നിന്നുള്ളവർക്കായിരുന്നു വിലക്ക്. ഇപ്പോൾ ഇറാഖിനെ ഒഴിവാക്കിയാണ് പരിഷ്‌കരിച്ച പട്ടിക പുറത്തിറക്കിയിരിക്കുന്നത്.

ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ, സിറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് പുതിയ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. യുഎസ് ഗ്രീൻകാർഡുള്ളവർക്ക് ഇളവ് ലഭിക്കും. യാത്രാവിലക്ക് ഏർപ്പെടുത്താനുള്ള ട്രംപിന്റെ തീരുമാനം കടുത്ത പ്രതിഷേധത്തിനു വഴിവച്ചിരുന്നു. എന്നിട്ടു പോലും തീരുമാനത്തിൽ മാറ്റം വരുത്താൻ ട്രംപ് തയ്യാറായില്ല. ഇറാഖിനെ പട്ടികയിൽനിന്ന് ഒഴിവാക്കിയതു മാത്രമാണ് ഏക വ്യത്യാസം.

90 ദിവസത്തേക്കാണ് വിലക്ക് നടപ്പിൽവരുക. അതുകഴിഞ്ഞാൽ ഈ രാജ്യങ്ങളിലെ പൗരന്മാർക്ക് വിസ കൊടുക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും തീരുമാനമായിട്ടില്ല. ട്രംപിന്റെ പ്രഖ്യാപനം വന്നയുടനെ ഹോംലാൻഡ് സെക്യൂരിറ്റി വിമാനത്താവളങ്ങളിൽ അത് നടപ്പിലാക്കി തുടങ്ങിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News